Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇഎംഎസിന്റെ വാക്കും ജലീലിന്റെ ലാക്കും

Author Details
keraleeyam

അഴിമതിയും സ്വജനപക്ഷപാതവും സംബന്ധിച്ച ആക്ഷേപങ്ങൾ പിണറായി സർക്കാരിനെ മഥിക്കുമ്പോൾ അതേ സർക്കാർ മാതൃകയായി കാണുന്ന 1957ലെ ഇഎംഎസ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനത്തിലേക്കു വേഗത്തിൽ കടന്നുപോകാം. പ്രത്യേക ശ്രദ്ധ പുലർത്തുമെന്ന് ഇഎംഎസ് വാഗ്ദാനം ചെയ്ത മൂന്നു കാര്യങ്ങളിൽ അവസാനത്തേതിനു നിലവിലെ സാഹചര്യത്തിൽ വല്ലാത്ത പ്രവചനസ്വഭാവം തന്നെയുണ്ട്. 

ഇഎംഎസ് വാക്കു നൽകി: ‘മന്ത്രിമാരുടെ വ്യക്തിപരമായ ജീവിതത്തിലും ഔദ്യോഗിക നടപടിക്രമങ്ങളിലും ഒരു ചിട്ടയും അച്ചടക്കവും കൊണ്ടുവരേണ്ടതുണ്ട്. അവരുടെ ബന്ധുക്കൾ, സ്നേഹിതർ, രാഷ്ട്രീയരംഗത്തെ സഹപ്രവർത്തകർ മുതലായി അവരോടു കൂടുതൽ അടുപ്പമുണ്ടാകാനിടയുള്ളവർ വിചാരിച്ചാൽ കാര്യങ്ങൾ നടക്കുമെന്ന ബോധം വളരാനിടയാകുന്നത് അഴിമതികളില്ലാത്ത ഒരു നല്ല ഭരണമുണ്ടാകുന്നതിന് ഏറ്റവും വലിയ തടസ്സമായിരിക്കും. അതുകൂടാതെ കഴിക്കാൻ ഞങ്ങളോരോരുത്തരും വ്യക്തിപരമായി അങ്ങേയറ്റം ശ്രമിക്കും’.

ഈ ‘വ്യക്തിപരമായ ശുദ്ധി’ കാത്തുസൂക്ഷിക്കാൻ കഴിഞ്ഞോയെന്നു മന്ത്രി കെ.ടി.ജലീൽ ഒന്നു മനസ്സിൽ ഉറപ്പിച്ചാൽ മാത്രം മതി. അതിനു സാധിക്കുന്നുണ്ടോയെന്നതാണു വലിയ ചോദ്യം. യുഡിഎഫ് സർക്കാരിനെതിരെയുള്ള അഴിമതി ആക്ഷേപങ്ങൾ ആയുധമാക്കിയാണ് ഇടതുമുന്നണി സർക്കാർ അധികാരത്തിലേറിയത്. ഉയർന്ന തലത്തിലും മന്ത്രിതലത്തിലും അഴിമതിയുടെ കണിക പോലുമില്ലെന്ന അവകാശവാദമാണു സർക്കാരിന്റെ മുഖമുദ്ര. തുടർച്ചയായി രണ്ടു വിവാദങ്ങൾ ആ പ്രതിച്ഛായയിലാണു വിള്ളൽ വീഴ്ത്തിയത്. 

ബ്രൂവറി–ഡിസ്റ്റിലറി അനുമതി ആദ്യം, ബന്ധുനിയമന വിവാദം ശേഷം. മാധ്യമങ്ങൾ പുറത്തുകൊണ്ടുവരുന്ന വാർത്തകൾ ഏറ്റുപിടിച്ചിരുന്ന പ്രതിപക്ഷത്തെയാണ് ഇതുവരെ കണ്ടതെങ്കിൽ രണ്ടു കോളിളക്കങ്ങളും പ്രതിപക്ഷ സൃഷ്ടിയാണ്. ബ്രൂവറിയുടെ കാര്യത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സർക്കാരിനെ വെട്ടിലാക്കിയപ്പോൾ ജലീലിനെതിരെ ശരങ്ങൾ തൊടുത്തുവിടുന്നതു രണ്ടാം കക്ഷിയായ മുസ്‌ലിം ലീഗിന്റെ യുവനേതാവ് പി.കെ. ഫിറോസ്. സർക്കാരിന്റെ രക്ഷാപ്രവർത്തനത്തിലുമുണ്ട് സമാനത. വഴിവിട്ട് അനുവദിച്ച പുതിയ ബ്രൂവറികളും ഡിസ്റ്റിലറികളും റദ്ദാക്കി, ജലീൽ ആരെ നിയമിച്ചോ അദ്ദേഹം രാജിവച്ചൊഴിഞ്ഞു. വിവാദ തീരുമാനങ്ങൾ കയ്യൊഴി‍ഞ്ഞ് അതെടുത്ത മന്ത്രിമാരെ സംരക്ഷിക്കുന്ന പുതിയ മാർഗം പയറ്റുകയാണെന്നാരോപിച്ചാൽ തെറ്റു പറയാനാവില്ല. 

ദു‍ർബലമാകുന്ന പ്രതിരോധം

ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷൻ ജനറൽ മാനേജരായി ബന്ധുവിനെ നിയമിച്ചതിൽ ജലീൽ നേരിട്ടുതന്നെ ഇടപെട്ടുവെന്ന വെളിപ്പെടുത്തലാണ് ഒടുവിലത്തേത്. കൂടുതലൊന്നും ഇനി പറയാനില്ലെന്നു പറഞ്ഞ് അദ്ദേഹം ഇന്നലെ ഒഴിഞ്ഞുമാറിയത് സിപിഎമ്മിന്റെ നീരസംകൂടി കണക്കിലെടുത്താണ്. പ്രശ്നം കൈകാര്യം ചെയ്തു കുഴപ്പിച്ചതാണെന്ന പരാതി നേതാക്കൾക്കുണ്ട്. ജലീലിന്റെ പ്രതികരണ രീതികളിൽ സിപിഐ കടുത്ത അതൃപ്തിയിലുമാണ്. 

എന്നാൽ ഇതുകൊണ്ടെല്ലാം ജലീൽ സിപിഎമ്മിന് അനഭിമതനായെന്നില്ല. മലബാറിലെ ലീഗ് വിരോധ രാഷ്ട്രീയത്തെ ഏകീകരിക്കുന്ന കണ്ണിയാണു ജലീൽ. വിവിധ മുസ്‌ലിം വിഭാഗങ്ങളെ സിപിഎമ്മിനോട് അടുപ്പിക്കുന്ന പാലവും മറ്റാരുമല്ല. ആദരണീയനായ മുതിർന്ന നേതാവ് പാലോളി മുഹമ്മദ് കുട്ടിക്കു ചിലപ്പോൾ സാധിക്കാത്തതു മുസ്‌ലിം ലീഗിൽ നിന്നു സിപിഎമ്മിലേക്കു വന്ന ജലീലിനു കഴിയും. അതേസമയം ആ സമയത്തു ലീഗിൽനിന്നു കൂടെവന്നവർ, ഇപ്പോഴും കൂടെ നിൽക്കുന്നവർ അദ്ദേഹത്തിന് ഒരു ബലഹീനതയാണെന്നു സിപിഎമ്മും കരുതുന്നു. അവരോ, പാർട്ടിയോ എന്നു ചോദിച്ചാൽ ജലീൽ ഒരുപക്ഷെ അവർക്കൊപ്പമായിരിക്കും. 

പരാതികൾ പാരമ്യത്തിലെത്തിയപ്പോഴാണു തദ്ദേശസ്വയംഭരണ വകുപ്പ് പോയത്. ‘എടുത്താൽ പൊങ്ങാത്ത വകുപ്പായി’ എന്നായിരുന്നു വകുപ്പുമാറ്റത്തിനു വഴിവച്ച പാർട്ടി വിശകലനം. ആദ്യം വകുപ്പും ശേഷം പ്രതിച്ഛായയും നഷ്ടപ്പെട്ടോയെന്നു ജലീൽ ഇപ്പോൾ സ്വയം ചോദിക്കുന്നുണ്ടാകണം. 2013ൽ മുസ്‌ലിം ലീഗ് മുൻകയ്യെടുത്താരംഭിച്ച ന്യൂനപക്ഷ ധനകാര്യ കോർപറേഷന്റെ വായ്പ വാങ്ങിയ ലീഗുകാരാരും അതു തിരിച്ചടയ്ക്കുന്നില്ലെന്നതു കണ്ടെത്തി പിടിമുറുക്കിയതിന്റെ വൈരാഗ്യം ഫിറോസിലൂടെ ചിലർ തീർത്തതാണെന്നാണു ജലീൽ പാർട്ടിയോടു പറയുന്നത്. ഒരുവർഷം മാത്രമുള്ള ഒരു ഡപ്യൂട്ടേഷൻ നിയമനത്തിന്റെ പേരിൽ ജലീലിനെ സിപിഎം കൈവിടില്ല. പക്ഷേ ആരോപണങ്ങൾ മലവെള്ളപ്പാച്ചിൽ പോലെ വരുമ്പോൾ അദ്ദേഹത്തിന്റെ പ്രതിരോധം ദുർബലമാകുന്നതു പാർട്ടി കാണാതിരിക്കുന്നില്ല. 

മാറുന്ന  മനോഭാവം

പറഞ്ഞ വാക്ക് പാലിക്കുകയും എടുത്ത തീരുമാനത്തിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്നതാണു പിണറായി വിജയന്റെ ശൈലി. പക്ഷെ ബ്രൂവറി–ഡിസ്റ്റിലറി വിവാദത്തിൽ അദ്ദേഹത്തിന് അതിനു കഴിഞ്ഞില്ല. എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്റെ ഉത്തരവുകളെ ആദ്യം ന്യായീകരിച്ച മുഖ്യമന്ത്രിക്ക് പിന്നീട് അവയെല്ലാം റദ്ദാക്കി തലയൂരേണ്ടിവന്നു. 

മുഖ്യമന്ത്രിക്കെതിരെ തന്നെ പ്രതിപക്ഷം ആക്ഷേപമുയർത്തുന്ന സ്ഥിതിയുണ്ടായി. ഇഎംഎസിന്റെ  തൊട്ടുള്ള ഇടതുപക്ഷ സർക്കാരുകളെ ആരോപണങ്ങൾ വേട്ടയാടിയിട്ടുണ്ട്. എന്നാൽ അതിനെ കൈകാര്യം ചെയ്യുന്ന രീതിക്കാണു വ്യത്യാസം സംഭവിച്ചിരിക്കുന്നത്. ഇ.പി. ജയരാജൻ തന്റെ ഭാര്യാസഹോദരിയുടെ മകനെ നിയമിച്ചപ്പോൾ ആ ജാഗ്രത ഉണർന്നു പ്രവർത്തിച്ചു. ശേഷം നിലപാടുകളിൽ വെള്ളം ചേർക്കാൻ പാർട്ടിയും സർക്കാരും നിർബന്ധിതമാകുന്നതോ എന്നതാണു സമീപകാല വിവാദങ്ങൾ ഉയർത്തുന്ന സന്ദേഹം.

ഇഎംഎസിൽ തന്നെ അവസാനിപ്പിക്കാം. ഇതു നവകേരള നിർമിതിയുടെ കാലമാണല്ലോ. 1957ൽ പുതിയ കേരളത്തിനായി ‘അഭിവൃദ്ധി പദ്ധതി’യാണ് ആദ്യസർക്കാർ മുന്നോട്ടുവച്ചത്. അതിൽ ചാഞ്ചല്യമില്ലാതെ ഇഎംഎസ് ഇങ്ങനെ വ്യക്തമാക്കി: ‘സർക്കാർ വകുപ്പുകളിലുള്ള അഴിമതിയും കൈക്കൂലിയും കാലതാമസവും മറ്റ് അനാശാസ്യ പ്രവണതകളും കർശനമായി തടയാൻ നടപടികളെടുക്കും’.