Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിഗ്‌വിജയമൊന്നും വേണ്ട, ഇരിക്കുന്ന കൊമ്പെങ്കിലും...

madhya-pradesh-congress-leaders ദിഗ്‌വിജയ് സിങ്, കമൽനാഥ്, ജ്യോതിരാദിത്യ സിന്ധ്യ

മധ്യപ്രദേശിലെ തിരഞ്ഞെടുപ്പു ബഹളങ്ങൾക്കിടെ ഉയരുന്ന ചോദ്യമുണ്ട്– എവിടെ ദിഗ്‌വിജയ് സിങ്? ഏതാനും മാസം മുൻപുവരെ മധ്യപ്രദേശിലെ കോൺഗ്രസ് രാഷ്ട്രീയം ചുറ്റിക്കറങ്ങിയിരുന്നത് ഈ മുൻ മുഖ്യമന്ത്രിക്കു ചുറ്റുമായിരുന്നു. 192 ദിനം കൊണ്ട് 3300 കിലോമീറ്റർ താണ്ടിയുള്ള നർമദ പരിക്രമ ഏപ്രിലിൽ ഭാര്യാസമേതം സിങ് പൂർത്തിയാക്കിയതുതന്നെ സംസ്ഥാന രാഷ്ട്രീയത്തിൽ ശക്തിയാർജിക്കാനായിരുന്നു.

പിന്നാലെ എല്ലാ മണ്ഡലങ്ങളിലൂടെയും യാത്രയും പ്രഖ്യാപിച്ചു. പക്ഷേ, സിങ്ങിന്റെ യാത്ര പാർട്ടിക്കു ക്ഷീണമേ ഉണ്ടാക്കൂ എന്നായിരുന്നു കോൺഗ്രസിന്റെ രഹസ്യ സർവേയിലെ വിവരം. നേതാക്കളാരും ഒറ്റയ്ക്കു യാത്ര നയിക്കേണ്ടെന്നു പിസിസി അധ്യക്ഷൻ കമൽനാഥ് നിർദേശിച്ചു.  ആവശ്യമെങ്കിൽ ജില്ലാ കേന്ദ്രങ്ങളിൽ മാത്രം പോകാൻ പാർട്ടി പിന്നീട് അനുമതി നൽകി. ഒതുക്കപ്പെട്ടെന്നു തോന്നാതിരിക്കാൻ മധ്യപ്രദേശ് കോൺഗ്രസ് ഏകോപനസമിതി തലവനുമാക്കി. ‘ഞാൻ പ്രചാരണത്തിനില്ല. പ്രചാരണം നടത്തിയാൽ അതു പാർട്ടിക്കു ക്ഷീണം ചെയ്യും’ – ഭോപാലിൽ ഈയിടെ മാധ്യമപ്രവർത്തകരോടു ദിഗ്‌വിജയ് സിങ് പറഞ്ഞതിൽ എല്ലാമുണ്ടായിരുന്നു.

വനവാസം; വാനപ്രസ്ഥം

മുഖ്യമന്ത്രിയായിരിക്കേ, കോൺഗ്രസിനേറ്റ പരാജയത്തെ തുടർന്നാണു 15 വർഷം മുൻപു ദിഗ്‌വിജയ് സിങ് മൽസരരംഗത്തുനിന്നു മാറിയത്. പിന്നീടു ദേശീയ രാഷ്ട്രീയമായി തട്ടകം. പക്ഷേ, കഴിഞ്ഞവർഷത്തെ ഗോവ തിരഞ്ഞെടുപ്പ് അദ്ദേഹത്തിന്റെ ‘വാട്ടർലൂ’ ആയി. ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും കോൺഗ്രസിനെ അധികാരത്തിലെത്തിക്കാൻ ആകാതിരുന്നതിന്റെ പഴി തലയിലായി. രാഹുൽ അധ്യക്ഷനായശേഷം സിങ്ങിന്റെ എഐസിസി ജനറൽ സെക്രട്ടറി സ്ഥാനം തെറിച്ചു. ആന്ധ്രയുടെ ചുമതല ഉമ്മൻ ചാണ്ടിക്കായി.

മൻസോറിൽ സമരം ചെയ്ത കർഷകർക്കുനേരെ പൊലീസ് വെടിവച്ചതാണു കോൺഗ്രസിന്റെ പ്രധാന പ്രചാരണായുധങ്ങളിലൊന്ന്. സിങ്ങിനെ കൂടെക്കൂട്ടിയാൽ അദ്ദേഹത്തിന്റെകാലത്തു മുൾട്ടായിൽ കർഷകർക്കുനേരെ നടന്ന പൊലീസ് വെടിവയ്പും ചർച്ചയാകും. ഭോപാലിൽ ‘മനോരമ’യോടു സംസാരിക്കുമ്പോൾ സിങ് വിവാദങ്ങൾ പരാമർശിച്ചില്ല. ‘കോൺഗ്രസ് ഭരണം ഉറപ്പ്. മുഖ്യമന്ത്രിയെ എംഎൽഎമാർ നിശ്ചയിക്കും. പുതിയ നേതാക്കൾ ഉയർന്നുവരാനാണു മുൻപു സംസ്ഥാന രാഷ്ട്രീയത്തിൽനിന്നു മാറിയത്. എന്നാൽ ബിജെപിയെ പരാജയപ്പെടുത്താനുള്ള ശ്രമങ്ങൾക്കു കാര്യമായ പുരോഗതിയില്ലാത്തതിനാൽ വീണ്ടും സജീവമാകുകയായിരുന്നു’ - അദ്ദേഹം പറഞ്ഞു.

എഴുതിത്തള്ളാൻ വരട്ടെ

ഇതൊക്കെയാണെങ്കിലും ദിഗ്‌വിജയ് സിങ് തീർത്തും അപ്രസക്തനാണെന്നു കരുതേണ്ട. കോൺഗ്രസ് ഭരണത്തിലേറിയാൽ മുഖ്യമന്ത്രി ആരെന്നു നിശ്ചയിക്കുന്നതിൽ അദ്ദേഹത്തിനു നിർണായക പങ്കുണ്ടാകും. രഖോഗർ സീറ്റ് നിലനിർത്താൻ മകൻ ജയ്‌വർധൻ രംഗത്തുണ്ട്. കഴിഞ്ഞതവണ ജയിക്കുമ്പോൾ മധ്യപ്രദേശിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎയായിരുന്നു ഇരുപത്തിയേഴുകാരനായ ജയ്‌വർധൻ. ഇടക്കാലത്തു ബിജെപിയിൽ പോയി മടങ്ങിയെത്തിയ സഹോദരൻ ലക്ഷ്മൺ സിങ് ചച്ചൗറയിലും മൽസരിക്കുന്നു.

ദിഗ്‌വിജയ് സിങ്ങിനു ലക്ഷ്യങ്ങൾ പലതുണ്ട്. കോൺഗ്രസ് ജയിച്ചാൽ മകനു മന്ത്രിസ്ഥാനം ഉറപ്പാക്കണം. ജ്യോതിരാദിത്യ സിന്ധ്യ മുഖ്യമന്ത്രിയാകുന്നതു തടയണം. അടുത്ത സുഹൃത്തായ കമൽനാഥ് മുഖ്യമന്ത്രിയായാൽ വേണ്ട പരിഗണന ലഭിക്കുമെന്നാണു പ്രതീക്ഷ.  നിലവിൽ രാജ്യസഭാംഗമായ സിങ്ങിനു വീണ്ടും എംപിയാകുകയും വേണം.

കമൽനാഥിന് നീതി കിട്ടണം, സിന്ധ്യയ്ക്കായി പ്രാർഥിക്കും!

മധ്യപ്രദേശിൽ ജയിച്ചാൽ കോൺഗ്രസിൽ അടി ഉറപ്പാണ്. ജയിച്ചാൽ മുഖ്യമന്ത്രി ആരെന്നു നേതാക്കൾക്കു പറയാൻ കഴിയുന്നില്ല. ജ്യോതിരാദിത്യ സിന്ധ്യ ഒരുവശത്ത്. മറുവശത്തു ദിഗ്‌വിജയ് സിങ്ങിന്റെയും പ്രതിപക്ഷ നേതാവ് അജയ് സിങ്ങിന്റെയും പിന്തുണയോടെ കമൽനാഥും. തങ്ങളോടു കൂറുള്ളവർക്കു സീറ്റ് ഉറപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു ഈ നേതാക്കളെല്ലാം. സീറ്റ് ലഭിച്ചവരിൽ അൻപതോളം പേർ സിന്ധ്യ പക്ഷക്കാരാണ്.

ഗ്വാളിയർ, ഉജ്ജയിൻ, ഗുണ മേഖലകളാണു സിന്ധ്യയുടെ ശക്തികേന്ദ്രങ്ങളെങ്കിലും ഇവിടെയും തങ്ങളുടെ അനുകൂലികൾക്കു സീറ്റ് ഉറപ്പിക്കാൻ മറുവിഭാഗത്തിനു കഴ‍ിഞ്ഞിട്ടുണ്ട്. സീറ്റ് ചർച്ചയിൽ രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ ദിഗ്‌വിജയ് സിങ്ങും സിന്ധ്യയും തമ്മിലുണ്ടായ വാക്കുതർക്കം വാർത്തയായിരുന്നു.  രാഹുൽ ഇതുവരെ നിഷ്പക്ഷ നിലപാടാണ് എടുത്തിട്ടുള്ളത്. ‘കമൽനാഥ് പരിചയസമ്പന്നനാണ്. സിന്ധ്യ യുവാവും ഊർജസ്വലനുമാണ്’ – മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അദ്ദേഹം ഉത്തരം പറഞ്ഞതിങ്ങനെ.

മുഖ്യമന്ത്രിയുടെ അളിയൻ കളം മാറിയതെന്തിന്?

madhya-pradesh-chouhan-sanjay-singh ശിവരാജ് സിങ് ചൗഹാൻ, സഞ്ജയ് സിങ് മസാനി

മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ ഭാര്യാസഹോദരനും വിവാദപുരുഷനുമായ സഞ്ജയ് സിങ് മസാനിയാണു വറാസോണിയിൽ കോൺഗ്രസ് സ്ഥാനാർഥി. ബിജെപി സീറ്റ് കൊടുക്കാത്തതിൽ കലിമൂത്താണ് ഒരാഴ്ച മുൻപു മസാനി കോൺഗ്രസിൽ ചേർന്നത്.  മസാനിയുടെ സഹോദരി സാധന സിങ് ആണു ശിവരാജ് സിങ് ചൗഹാന്റെ ഭാര്യ. ഭർത്താവിനെ സ്വാധീനിച്ചു ഭാര്യയും അളിയനും അധികാരത്തിൽ ഇടപെടുന്നുവെന്നായിരുന്നു മുൻപു പ്രതിപക്ഷ ആക്ഷേപം. ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നതു സാധന ആണെന്നും പ്രധാന കരാറുകൾ ലഭിക്കുന്നതു മസാനിക്കും ബെനാമികൾക്കുമാണെന്നുമാണ് ആരോപണം.

നടനും പത്രപ്രവർത്തകനുമായിരുന്ന മസാനി ഇന്നു സമ്പന്നകരാറുകാരനാണ്. ശതകോടികളാണ് ആസ്തി. അക്ഷയ്കുമാറിന്റെ ‘പാഡ്മാൻ’ ഉൾപ്പെടെ ചില സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്.
വ്യാപം കേസിൽ ആരോപണവിധേയനായ മസാനിയെ സ്ഥാനാർഥിയാക്കിയതിൽ കോൺഗ്രസിൽ തന്നെ എതിർപ്പുണ്ട്. ചൗഹാൻ തന്ത്രപൂർവം അളിയനെ കോൺഗ്രസ് പാളയത്തിൽ ഇറക്കിയതാണെന്നും ആരോപണമുണ്ട്.

ബിജെപിക്കു ഭരണം പോയാൽ സാധന സിങ്ങിന്റെ പല ഇടപെടലുകളും അന്വേഷണത്തിൽവരും. സഹോദരൻ കോൺഗ്രസിൽ ഉണ്ടെങ്കിൽ അതില്ലാതാക്കാം. കോൺഗ്രസ് അധികാരത്തിലെത്തുമെന്ന പൊലീസ് ഇന്റലിജൻസ് റിപ്പോർട്ട് വന്നതിനു രണ്ടാംനാളാണു മസാനി കോൺഗ്രസിൽ ചേർന്നത്.