Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുഷ്ഠരോഗികൾക്ക് അവകാശങ്ങൾ നിഷേധിക്കരുത്: സുപ്രീം കോടതി

Supreme Court of India

ന്യൂഡൽഹി ∙ കുഷ്ഠരോഗത്തെ വൈകല്യമായി കണക്കാക്കരുതെന്നു സുപ്രീം കോടതി. രോഗികളെ സാമൂഹികമായി ഒറ്റപ്പെടുത്തരുത്. പൂർണമായി സുഖപ്പെടുത്താനാവുന്ന രോഗമാണിത്. രോഗികൾക്കും രോഗവിമുക്തർക്കും ഭരണഘടന വാഗ്ദാനം ചെയ്യുന്ന അവകാശങ്ങൾ നിഷേധിക്കപ്പെടുന്നില്ലെന്നു കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഉറപ്പുവരുത്തണം – ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.

കുഷ്ഠരോഗികളുടെ മൗലികാവകാശങ്ങൾ ലംഘിക്കപ്പെടുന്നതായി കാട്ടി സെന്റർ ഫോർ ലീഗൽ പോളിസി എന്ന സംഘടന നൽകിയ ഹർജിയിലാണു നടപടി. നിയമങ്ങളിലെ അനാവശ്യ പരാമർശങ്ങൾ നീക്കാൻ നടപടി തുടങ്ങിയതായി കേന്ദ്രത്തിനു വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ പിങ്കി ആനന്ദ് അറിയിച്ചു. രോഗവിമുക്തർ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ അവരെ ബസിൽ സഞ്ചരിക്കാൻ അനുവദിക്കണമെന്നു നിർദേശിച്ചിട്ടുണ്ടെന്ന് ഒരു സംസ്ഥാനത്തിനു വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞതു കോടതിക്കു നീരസമുണ്ടാക്കി. ഇത്തരം വ്യവസ്ഥകൾ സ്വീകാര്യമല്ലെന്നായിരുന്നു പ്രതികരണം.

കേന്ദ്ര, സംസ്ഥാന നിയമങ്ങളിൽ കുഷ്ഠരോഗത്തെ ഗുരുതര വൈകല്യമായി കാണുന്ന പരാമർശങ്ങൾ നീക്കണമെന്നാണു ഹർജിക്കാരുടെ ആവശ്യം. രാജ്യത്തെ 119 നിയമങ്ങളിൽ കുഷ്ഠരോഗികളുടെ അവകാശങ്ങൾ ഹനിക്കുന്ന പരാമർശങ്ങളുണ്ടെന്നു ഹർജിക്കാർക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാജു രാമചന്ദ്രൻ പറഞ്ഞു. നിയമങ്ങളിലെ പരാമർശങ്ങൾ നീക്കുന്ന കാര്യത്തിൽ മഹാരാഷ്ട്ര, യുപി, സിക്കിം, മണിപ്പുർ എന്നിവ മറുപടി നൽകി. മറ്റു സംസ്ഥാനങ്ങളോടു നിലപാട് അറിയിക്കാൻ വീണ്ടും ആവശ്യപ്പെട്ട കോടതി, കേസ് ഇനി ജൂലൈ അഞ്ചിനു പരിഗണിക്കും.

related stories