Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗർഭകാലത്ത് ഹാജർ ഇളവ് അനുവദിക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി

Supreme Court of India

ന്യൂഡൽഹി∙ ഗർഭിണിയെന്നതു കണക്കിലെടുത്ത് ഹാജറിൽ ഇളവ് അനുവദിക്കണമെന്ന നിയമ ബിരുദ വിദ്യാർഥിയുടെ ആവശ്യം സുപ്രീം കോടതി തള്ളി. ജഡ്ജിമാരായ എ.എം.ഖാൻവിൽക്കർ, നവീൻ സിൻഹ എന്നിവരുൾപ്പെട്ട അവധിക്കാല ബെഞ്ചിന്റേതാണു നടപടി. ഡൽഹി സർവകലാശാലയിലെ നിയമ വിദ്യാർഥിനി അങ്കിത മീണയാണ് ഇളവനുവദിച്ചു നാലാം സെമസ്റ്റർ പരീക്ഷയെഴുതാൻ അവസരമൊരുക്കണമെന്നാവശ്യപ്പെട്ടു ഹർജി നൽകിയത്.

ഈ ആവശ്യം ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടിനായിരുന്നു പരീക്ഷ. ഉച്ചയ്ക്ക് ഒരുമണിയോടെയാണു കേസ് സുപ്രീം കോടതി പരിഗണിച്ചത്. ഉത്തരവു നൽകിയാൽത്തന്നെ ഹാൾ‍ ടിക്കറ്റ് നൽ‍കുന്നതുൾപ്പെടെയുള്ള നടപടികൾക്കു സമയം വേണമെന്നു സർവകലാശാലയുടെ അഭിഭാഷകൻ പറഞ്ഞു. പരീക്ഷ തുടങ്ങാൻ ഒരു മണിക്കൂർ മാത്രമുള്ളപ്പോൾ, നടപ്പാക്കാനാവാത്ത ഉത്തരവു നൽകുന്നതിൽ കാര്യമില്ലെന്നു കോടതി വ്യക്തമാക്കി.

വിദ്യാഭ്യാസ മേഖലയിൽ അച്ചടക്കം പൂർണമായി നഷ്ടപ്പെട്ടിരിക്കുന്നു. ഇത്തരം ഹർജികൾ അനുവദിച്ചാൽ സമയപരിധി നിർദേശങ്ങളുടെ പ്രസക്തിതന്നെ ഇല്ലാതാകുമെന്നും കോടതി വാക്കാൽ പറഞ്ഞു. ഗർഭിണിയായതിനാൽ രണ്ടു മാസത്തെ ഹാജർ നഷ്ടപ്പെട്ടെന്നും അതിനാൽ 70% ഹാജർ വേണമെന്ന വ്യവസ്ഥ പാലിക്കാൻ സാധിച്ചില്ലെന്നും ഹർജിക്കാരി വാദിച്ചു. മൂന്നു പരീക്ഷകൾ എഴുതാനായില്ല. ഇനി രണ്ടു പരീക്ഷകളാണു ബാക്കിയുള്ളത്. മാതൃത്വ ആനുകൂല്യ നിയമത്തിലെ വ്യവസ്ഥകളും മൗലികാവകാശങ്ങളുമാണു ഹർജിക്കാരി ഉന്നയിച്ചത്.

related stories