Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോൺഗ്രസിന് 22 മന്ത്രിമാർ, ദളിന് 12; സത്യപ്രതിജ്ഞ ബിജെപി വിരുദ്ധ പാർട്ടികളുടെ സംഗമം

kumaraswamy കർണാടക നിയുക്ത മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി ധർമസ്ഥല മഞ്ചുനാഥ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തുന്നു. ഭാര്യ അനിതാ കുമാരസ്വാമി, ധർമസ്ഥല ക്ഷേത്ര ധർമാധികാരി ഡോ. ഡി.വീരേന്ദ്ര ഹെഗ്ഡെ തുടങ്ങിയവർ സമീപം.

ബെംഗളൂരു ∙ കർണാടക മുഖ്യമന്ത്രിയായി എച്ച്.ഡി.കുമാരസ്വാമിയും ഉപമുഖ്യമന്ത്രിയായി പിസിസി അധ്യക്ഷൻ ഡോ. ജി. പരമേശ്വരയും ഇന്നു വൈകിട്ട് 4.30നു ചുമതലയേൽക്കും. കോൺഗ്രസിന് 22 മന്ത്രിസ്ഥാനവും ജനതാദളി(എസ്)നു മുഖ്യമന്ത്രി ഉൾപ്പെടെ 12 മന്ത്രിമാരുമെന്നാണു ധാരണയെങ്കിലും ഇവരുടെ സത്യപ്രതിജ്ഞ പിന്നീടാണ്. രണ്ട് ഉപമുഖ്യമന്ത്രിമാരെന്ന നിർദേശം കോൺഗ്രസ് ഉന്നയിച്ചെങ്കിലും നിലവിൽ പരമേശ്വരയെ മാത്രമാണു നിയോഗിച്ചിട്ടുള്ളത്. മുതിർന്ന കോൺഗ്രസ് എംഎൽഎ കെ.ആർ. രമേഷ് കുമാറാണു സ്പീക്കർ സ്ഥാനാർഥി. ഡപ്യൂട്ടി സ്പീക്കർ സ്ഥാനം ദളിനു ലഭിക്കും.

വിധാൻ സൗധയ്ക്കു മുൻപിലെ സത്യപ്രതിജ്ഞാ ചടങ്ങ് ബിജെപി വിരുദ്ധ പാർട്ടികളുടെ ദേശീയ സംഗമവേദിയാകും. യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, ബിഎസ്പി അധ്യക്ഷ മായാവതി, മുഖ്യമന്ത്രിമാരായ പിണറായി വിജയൻ (കേരളം), മമതാ ബാനർജി (ബംഗാൾ), അരവിന്ദ് കേജ്‌രിവാൾ (ഡൽഹി), ചന്ദ്രബാബു നായിഡു (ആന്ധ്ര പ്രദേശ്), യുപി മുൻമുഖ്യമന്ത്രി അഖിലേഷ് യാദവ്, ആർജെഡി നേതാവ് തേജസ്വി യാദവ്, ആർഎൽഡി സ്ഥാപകൻ അജിത് സിങ്, മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽ ഹാസൻ തുടങ്ങിയവർ പങ്കെടുക്കും. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു ബെംഗളൂരുവിലെത്തി ആശംസകളർപ്പിച്ചു. നാളെ സ്പീക്കർ തിരഞ്ഞടുപ്പിനു പിന്നാലെ വിശ്വാസവോട്ട് തേടും. 117 എംഎൽഎമാരുടെ പിന്തുണയാണു െജഡിഎസ്– കോൺഗ്രസ് സഖ്യത്തിനുള്ളത്. എംഎൽഎമാരെ സ്വാധീനിക്കാൻ ബിജെപി ശ്രമം തുടരുന്നെന്ന ആശങ്കയിൽ ഇരു പാർട്ടികളും ജാഗ്രതയിലാണ്.

അതിനിടെ, കാർഷികവായ്പ എഴുതിത്തള്ളുന്നതു സംബന്ധിച്ച കുമാരസ്വാമി നടത്തിയ പരാമർശം വിവാദമായി. ദളിനു ഭൂരിപക്ഷം ലഭിച്ചാൽ വായ്പ എഴുതിത്തള്ളാമെന്നാണു പറഞ്ഞിരുന്നതെന്ന വാദമാണു ചർച്ചയായത്. അധികാരത്തിലേറി 24 മണിക്കൂറിനകം കാർഷിക വായ്പകൾ എഴുതിത്തള്ളുമെന്ന വാഗ്ദാനത്തെക്കുറിച്ചു മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു ഈ മറുപടി. എന്നാൽ, വായ്പ എഴുതിത്തള്ളില്ലെന്നു പറഞ്ഞിട്ടില്ലെന്നും വിശ്വാസവോട്ടെടുപ്പിനു ശേഷമേ ഇതിൽ വ്യക്തതയുണ്ടാകൂ എന്നാണ് ഉദ്ദേശിച്ചതെന്നും അദ്ദേഹം പിന്നീട് വിശദീകരിച്ചു. സർക്കാർ രൂപീകരണത്തിലോ പ്രവർത്തനത്തിലോ താൻ ഇടപെടില്ലെന്നു ജെഡിഎസ് ദേശീയ അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി.ദേവെഗൗഡ വ്യക്തമാക്കി.

related stories