Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിങ് കുമാരസ്വാമി

Kumaraswamy family

‘കുമാരണ്ണ ഫോർ സിഎം’ എന്ന മൊബൈൽ ഗെയിം നിർമിച്ചവരുടെ ‘തല’ പൊന്നാവട്ടെ. ആ പ്രവചനം കിറുകൃത്യമായി. മുഖ്യമന്ത്രിക്കസേരയിലേക്കുള്ള എച്ച്.ഡി.കുമാരസ്വാമിയുടെ ഓട്ടമാണ് ഏതോ ജെഡിഎസ് പ്രവർത്തകന്റെ ഭാവനയിൽനിന്നു ഗെയിമായി ടച്ച് സ്ക്രീനിലെത്തിയത്. പഴയ ‘മോദി റണ്ണി’ന്റെ കന്നഡ പതിപ്പ്. 

തിരഞ്ഞെടുപ്പിൽ ആറിലൊന്നു സീറ്റ് മാത്രം നേടിയിട്ടും ഒന്നാമനായി ഭരണത്തിലേക്ക്... ആകസ്മിക രാഷ്ട്രീയക്കാരൻ എന്നു സ്വയം വിളിക്കുന്ന കുമാരസ്വാമി, ആകസ്മികതകൾ സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നു. ‘എന്നെയെന്തിനാണ് ഇങ്ങനെ ഉപദ്രവിക്കുന്നത്’ എന്നൊരു ഭാവമാണു സദാ മുഖത്ത്. 

സിനിമയിൽനിന്നു വന്നതിന്റെ ‘സിനിമാറ്റിക്’ ത്രിൽ നിറഞ്ഞതായിരുന്നു ആദ്യകാല രാഷ്ട്രീയം. എതിരാളികളുടെ അഴിമതിയും അവിഹിതവും വെളിപ്പെടുത്തുന്ന സിഡികൾ പുറത്തുവിടുന്നതായിരുന്നു പ്രധാന ഹോബി. ആരാധകർ സ്നേഹപൂർവം വിളിക്കുന്ന ‘കുമാരണ്ണ’ എന്ന പേരും സിനിമയിൽനിന്നു കിട്ടിയത്.

പഠനകാലത്തു സൂപ്പർതാരം രാജ്കുമാറിന്റെ കടുത്ത ആരാധകനായിരുന്നു. ബെംഗളൂരുവിലെ കോളജിൽ രാജ്കുമാറിനെ അനുകരിച്ചായിരുന്നു നടപ്പും വസ്ത്രധാരണവും. ചലച്ചിത്ര നിർമാതാവായും വിതരണക്കാരനായും നേട്ടം കൊയ്ത ആദ്യകാലം കഴിഞ്ഞു രാഷ്ട്രീയത്തിലെത്തിയപ്പോൾ പദവികൾ തളികയിൽ വച്ചെന്നപോലെ തേടിയെത്തി. 

1996ലെ ലോക്സഭാ തിരഞ്ഞെടുപ്പോടെ രാഷ്ട്രീയ അരങ്ങേറ്റം. പ്രധാനമന്ത്രിയുടെ മകനായി ലോക്സഭയിൽ താരപരിവേഷത്തോടെ ഇരുന്നു. പിന്നീടു ലോക്സഭയിലേക്കും നിയമസഭയിലേക്കും ഓരോ തവണ മൽസരിച്ചു തോറ്റു. ‌2004ൽ ആദ്യമായി എംഎൽഎ ആയ കുമാരസ്വാമിയാണു രണ്ടു വർഷത്തിനകം സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായത്. 

ഇന്നലെ, സത്യപ്രതിജ്ഞാ വേദിയിൽ കുമാരസ്വാമിയോടൊപ്പം ഓരോ ഫ്രെയിമിലും നിറഞ്ഞ് ഭാര്യ അനിത. ഗൗഡ കുടുംബത്തിലെ രാഷ്ട്രീയ അവകാശിയായ മരുമകൾ. 

അതേസമയം സദസ്സിൽ ക്യാമറക്കണ്ണുകൾ മറ്റൊരു സാന്നിധ്യത്തിനായി ഏറെ തിരഞ്ഞെങ്കിലും നിരാശരായി. നടി രാധിക; കുമാരസ്വാമിയുടെ രണ്ടാംഭാര്യ. 

അസാന്നിധ്യംകൊണ്ടു ശ്രദ്ധേയയായ രാധികയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ഇന്റർനെറ്റിൽ ഏറ്റവുമധികം ആളുകൾ തിരഞ്ഞ വ്യക്തി. ഗൂഗിളിൽ ആർഎഡി എന്നു ടൈപ്പ് ചെയ്താൽ തന്നെ സജഷൻ ആയി എത്തും രാധികയുടെ പേര്. 

related stories