Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോദിയുടെ വിദേശസന്ദർശനങ്ങൾ ഗുണം ചെയ്തേക്കും; ട്രംപിന്റെ വ്യാപാരയുദ്ധം മുതലാക്കാൻ ഇന്ത്യ

modi-trump

ന്യൂഡൽഹി ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വ്യാപാരനയം ഇന്ത്യ ആകാംക്ഷയോടെ ഉറ്റുനോക്കുന്നു. ലോകരാജ്യങ്ങളുമായി പുലർത്തുന്ന മെച്ചപ്പെട്ട ബന്ധം ആത്യന്തികമായി ഇന്ത്യയ്ക്കു ഗുണകരമാകുമെന്നു വാണിജ്യ, വ്യ‌വസായ മന്ത്രി സുരേഷ് പ്രഭു പ്രത്യാശ പ്രകടിപ്പിച്ചു.

ട്രംപ് യൂറോപ്യൻ യൂണിയനും ചൈനയുമായി വ്യാപാരയുദ്ധം തുടങ്ങിയിരിക്കുകയാണ്. യുഎസ് ഏർപ്പെടുത്തുന്ന അധിക നികുതിക്ക് അതേ നാണയത്തിലാണ് അവർ തിരിച്ചടി നൽകുന്നത്. മാറുന്ന ആഗോള സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ലോകരാഷ്ട്രങ്ങളുമായുള്ള ഊഷ്മള ബന്ധം ഇന്ത്യയ്ക്കു പിടിവള്ളിയാണ്. തുടർച്ചയായ വിദേശസന്ദർശനങ്ങളുടെ പേരിൽ പ്രധാനമന്ത്രിക്കു നാട്ടിൽ വിമർശനങ്ങൾ നേരിടേണ്ടി വന്നെങ്കിലും ‌ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയ്ക്കു സ്വീകാര്യതയേറി.

വാണിജ്യ, ‌വ്യാപാര, കയറ്റുമതി മേഖലകളിൽ ഇതു പ്രയോജനം ചെ‌യ്യുമെന്നാണ് ആദ്യസൂചനകൾ. ഈ പശ്ചാത്തലത്തിലായിരുന്നു കഴിഞ്ഞ ദിവസം സുരേഷ് പ്രഭു നടത്തിയ യുഎസ് സന്ദർശനം. ചൈനയിൽനിന്നുള്ള വെല്ലുവിളി നേരിടാൻ ‌ഇന്ത്യയുടെ സഹായം യുഎസ് പ്രതീക്ഷിക്കുന്നു. അടുത്തദിവസം യുഎസ് പ്ര‌തിനിധി സംഘം ഡൽഹിയിലെത്തും. ഈയാഴ്ച സുരേഷ് പ്രഭു ഓസ്ട്രേലിയയും സന്ദർശിക്കും.

യൂറോപ്യൻ യൂണിയനുമായി ‌വ്യാപാരബന്ധം ശക്തിപ്പെടുത്തുന്നതിനും ഇന്ത്യ മാർഗരേഖ തയാറാക്കുന്നുണ്ട്. പയർ ഭീഷണി പയർവർഗങ്ങളുടെ അധിക ഉൽപാദനം രാജ്യത്തിനു മുന്നിലുയർത്തുന്ന ‘ഭീഷണി’ക്കു പരി‌ഹാരം തേടാൻ കൂടിയാണ് സുരേഷ് പ്രഭുവിന്റെ ഓസ്ട്രേലിയ ‌സന്ദർശനം. ഉൽപാദനം വേണ്ടതിലധികമായതോടെ ഓസ്ട്രേലിയയിലും കാനഡയിലും നിന്നുള്ള പതിവ് ഇറക്കുമതി രാജ്യം വേ‌ണ്ടെന്നു വച്ചിരിക്കുകയാണ്.

ഇതോടെ, അടുത്തവർഷം ഉൽപാദനം കുറ‌യ്ക്കാനാണ് ഓസ്ട്രേലിയയുടെ നീക്കം. കോർപറേറ്റ് കൃഷിരീതി പിന്തുടരുന്ന അവർക്ക് ഇത് എളുപ്പമാണ്. എന്നാൽ, ഇ‌ന്ത്യ‌യിൽ അടുത്തവർഷം ഉൽപാദനം കുറഞ്ഞാൽ കാര്യം കുഴയും. ഈ സാഹചര്യത്തിൽ ഇന്ത്യയിൽ ഭക്ഷ്യസംഭരണ കേന്ദ്രങ്ങൾ തുട‌ങ്ങുന്നതിനു മുതൽമുടക്കാൻ ഓസ്ട്രേലിയയെ പ്രേരിപ്പിക്കാനായിരിക്കും പ്രഭുവിന്റെ ശ്രമം.

related stories