Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എയർസെൽ – മാക്സിസ് അഴിമതിക്കേസ്: ചിദംബരത്തെ പ്രതിയാക്കി കുറ്റപത്രം നൽകി

p-chidambaram പി. ചിദംബരം (ഫയൽ ചിത്രം)

ന്യൂഡൽഹി ∙ എയർസെൽ– മാക്സിസ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ ധനമന്ത്രി പി.ചിദംബരത്തെ പ്രതിയാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കുറ്റപത്രം നൽകി. ഇതേകേസിൽ ചിദംബരത്തിന്റെ മകൻ കാർത്തിയെ പ്രതിയാക്കി നേരത്തെ കുറ്റപത്രം നൽകിയിരുന്നു. കേസ് അടുത്ത മാസം 26നു പരിഗണിക്കുമെന്നു പ്രത്യേക ജഡ്ജി ഒ.പി. സയ്നി വ്യക്തമാക്കി. 

നേരത്തെ, എയർസെൽ– മാക്സിസ് കമ്പനിക്ക് വിദേശനിക്ഷേപ പ്രോൽസാഹന ബോർ‍ഡിന്റെ (എഫ്ഐപിബി) അനുമതി ലഭിച്ചതിൽ അഴിമതി ആരോപിക്കുന്ന കേസിൽ ചിദംബരം,  കാർത്തി എന്നിവരെ പ്രതികളാക്കി സിബിഐ കുറ്റപത്രം നൽകിയിരുന്നു.

വിദേശത്തു പരമാവധി 600 കോടി രൂപയുടെ വരെ നിക്ഷേപം (എഫ്ഡിഐ) സ്വീകരിക്കുന്നതിന് അനുമതി നൽകാനാണ് ധനമന്ത്രിക്ക് അധികാരമെന്നാണ് 2006 ലെ നയം പറയുന്നത്. തുക 600 കോടിയിൽ കൂടുതലെങ്കിൽ മന്ത്രിസഭയുടെ സാമ്പത്തികാര്യ സമിതിയാണ് തീരുമാനമെടുക്കേണ്ടത്. 

ഇപ്പോൾ കേസിന് കാരണമായിരിക്കുന്ന ഇടപാട് 3,560 കോടിയുടേതാണ്. മൊത്തം 1.16 കോടിയുടെ കള്ളപ്പണം വെളുപ്പിക്കലാണ് ഇ.ഡി ആരോപിക്കുന്നത്. എയർസെൽ വാങ്ങുന്നതിന് മാക്സിസിന്റെ ഉപസ്ഥാപനമായ ഗ്ലോബൽ കമ്യൂണിക്കേഷൻ സർവീസസ് ഹോൾ‍ഡിങ്സ് ആണ് നിക്ഷേപാനുമതി നേടിയത്. ഇടപാടിന്റെ പേരിൽ കാർത്തിയുടെ സ്ഥാപനങ്ങളിലേക്ക് 1.16 കോടി എത്തിയെന്നും ഇതു കോഴയാണെന്നുമാണ് ആരോപണം. ചിദംബരത്തിനും കാർത്തിക്കും പുറമെ 10 വ്യക്തികളും 6 കമ്പനികളും സിബിഐയുടെ പ്രതിപ്പട്ടികയിലുണ്ട്.  കാർത്തിയും കൂട്ടാളികളുമായുള്ള ഇമെയിൽ സന്ദേശങ്ങളുൾപ്പെടെയുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഇഡി വ്യക്തമാക്കി.

അറസ്റ്റ്  നവംബർ 29 വരെ തടഞ്ഞു

ന്യൂഡൽഹി ∙ െഎഎൻ‍എക്സ് മീഡിയ അഴിമതി കേസിൽ‍ പി.ചിദംബരത്തെ അറസ്റ്റ് ചെയ്യുന്നത് ഡൽഹി ഹൈക്കോടതി അടുത്ത മാസം 29വരെ തടഞ്ഞു. സിബിഐയും ഇഡിയും റജിസ്റ്റർ ചെയ്ത കേസുകളിൽ ചിദംബരം നൽകിയ മുൻകൂർ ജാമ്യാപേക്ഷയാണ് ജസ്റ്റിസ് എ.കെ. പാഠക് പരിഗണിച്ചത്. കേസ് അടുത്ത മാസം 29ന് വീണ്ടും പരിഗണിക്കും.

കേസിൽ‍ ചിംദബരത്തിന്റെ മകൻ കാർത്തിയെ നേരത്തെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ ജാമ്യത്തിലാണ്.