Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു സംസ്ഥാനത്തെ സംവരണം മറ്റൊരിടത്ത് ബാധകമാകില്ല

ന്യൂഡൽഹി∙ ഒരു സംസ്ഥാനത്തെ പട്ടിക വിഭാഗത്തിലുൾപ്പെട്ട വ്യക്തിക്ക് ഇതരസംസ്ഥാനത്തെ പട്ടിക ജാതിയിൽ പെടുന്നയാളെന്ന് അവകാശപ്പെടാനാവില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി. കുടിയേറിയ സംസ്ഥാനത്തു ജാതി സർട്ടിഫിക്കറ്റ് ലഭിച്ചുവെന്നത് അവകാശവാദമുന്നയിക്കാൻ മതിയായ കാരണമല്ലെന്നു ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. 

വൽമീകി ജാതിക്കാരിയായ പഞ്ചാബ് സ്വദേശിനി, വിവാഹിതയായി ഉത്തരാഖണ്ഡിലേക്കു കുടിയേറി. പഞ്ചാബിൽ വൽമീകി വിഭാഗം പട്ടിക ജാതിയാണ്, ഉത്തരാഖണ്ഡിലും അങ്ങനെതന്നെ. ഹർജിക്കാരിക്ക് ഉത്തരാഖണ്ഡ് സർക്കാർ ജാതി സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ തന്നെ ഉത്തരാഖണ്ഡിലെ പട്ടികജാതിക്കാരിയായി പരിഗണിക്കണമെന്നാണു ഹർജിക്കാരി ഹൈക്കോടതിയിൽ ആവശ്യപ്പെട്ടത്. ഇതു ഹൈക്കോടതി അംഗീകരിച്ചില്ല. തുടർന്നാണു സുപ്രീം കോടതിയെ സമീപിച്ചത്. 

ഒരു സംസ്ഥാനത്തെ പട്ടിക വിഭാഗത്തിലുൾപ്പെട്ട വ്യക്തിക്ക് ഇതര സംസ്ഥാനത്തു സംവരണം അവകാശപ്പെടാനാവില്ലെന്നു സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് കഴിഞ്ഞ ഓഗസ്റ്റിൽ വിധിച്ചിരുന്നു. ഓരോ സംസ്ഥാനത്തെയും പട്ടികയുടെ അടിസ്ഥാനത്തിലാണു സംവരണം.

related stories