Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോക്സഭയ്ക്കൊപ്പം കശ്മീരിലും തിരഞ്ഞെടുപ്പ്; പ്രതിപക്ഷ സഖ്യത്തിനു സാധ്യത, ആളെക്കൂട്ടാൻ ബിജെപിയും

election-voting

ന്യൂഡൽഹി ∙ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിനോടൊപ്പം ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പു നടത്താൻ സാധ്യതയേറി. ഈ ലക്ഷ്യത്തോടെയാണ് ഗവർണർ സത്യപാൽ മാലിക് നിയമസഭ പിരിച്ചുവിട്ടത്. കശ്മീരിൽ 6 വർഷമാണ് നിയമസഭയുടെ കാലാവധി. 2020 ലാണ് സാധാരണനിലയിൽ തിരഞ്ഞെടുപ്പു നടക്കേണ്ടിയിരുന്നത്. 

ലോക്സഭാ തിരഞ്ഞെടുപ്പു പടിവാതിൽക്കൽ എത്തി നിൽക്കെ ഒരു സംസ്ഥാനത്തു കൂടി ബിജെപി വിരുദ്ധ പ്രതിപക്ഷ സഖ്യം അധികാരത്തിൽ വരുന്നതു തടയാൻ കൂടിയാണ് കേന്ദ്രസർക്കാരും ബിജെപിയും പിരിച്ചുവിടുന്ന നടപടിയിലേക്കു നീങ്ങിയത്. 

കർണാടകയിലെപ്പോലെ ഇവിടെയും പ്രതിപക്ഷം ഭരണത്തിലെത്തുന്നത് എന്തു വില കൊടുത്തും തടയുക എന്നായിരുന്നു ബിജെപിയുടെ തന്ത്രം. അതിനായി, ഒരുകാലത്തു വിഘടനവാദിയായിരുന്ന സജ്ജാദ് ലോണിന് മുഖ്യമന്ത്രി സ്ഥാനം  നൽകാൻ വരെ തയാറായി. 2 എംഎൽഎമാർ മാത്രമുള്ള ലോണിന് ഭൂരിപക്ഷം ഇല്ലെന്നു വ്യക്തമായിരുന്നു. 

കശ്മീരിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സർക്കാർ രൂപവൽക്കരിക്കാൻ ബിജെപിയും പ്രതിപക്ഷ കക്ഷികളും കൊണ്ടു പിടിച്ചു ശ്രമിക്കുകയായിരുന്നു. പിഡിപിയെ ബിജെപി പിളർത്തുമെന്ന് ശക്തമായ അഭ്യൂഹം നിലനിന്നിരുന്നു. ഇതു തന്നെയാണ് പിഡിപി, നാഷനൽ കോൺഫറൻസ്, കോൺഗ്രസ് കക്ഷികളെ അതിവേഗം അടുപ്പിച്ചത്. 

സഖ്യനീക്കം നടക്കുമ്പോഴും നിയമസഭ പിരിച്ചു വിട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകുമെന്നു പ്രതിപക്ഷ കക്ഷികൾ സംശയിച്ചിരുന്നു. നിയമസഭ മരവിപ്പിച്ചു നിർത്തുകയേയുള്ളൂ എന്നു ഗവർണർ സത്യപാൽ മാലിക് പറഞ്ഞതിനെ ഇവർ വിശ്വസിച്ചിരുന്നില്ല. രാഷ്ട്രപതി ഭരണത്തിന്റെ കാലാവധിയാകട്ടെ ഡിസംബർ 19 ന് കഴിയേണ്ടതായിരുന്നു. 

പ്രതിപക്ഷ കക്ഷികൾ ഗവർണറുടെ നടപടിക്കെതിരേ കോടതിയെ സമീപിക്കുമോ എന്നു വ്യക്തമായിട്ടില്ല. നിയമസഭ പിരിച്ചു വിട്ടതിനാൽ ഇനി കോടതിയുടെ ഇടപെടലിനും സാധ്യത കുറവാണ്. പുതിയ തിരഞ്ഞെടുപ്പു മാത്രമേ പോംവഴിയായുള്ളൂ. 

കശ്മീരിലും ഏതായാലും പുതിയ പ്രതിപക്ഷ സഖ്യം നിലവിൽ വന്നു കഴിഞ്ഞു. ഈ സഖ്യം ഒരുമിച്ച് മുന്നണിയായിത്തന്നെ മത്സരിക്കാനാണു സാധ്യത. 

പിഡിപിയും നാഷനൽ കോൺഫറൻസും ഇതുവരെ ബദ്ധവൈരികളായി നിന്ന കക്ഷികളാണ്. കോൺഗ്രസ് നേരത്തേ 2 തവണ പിഡിപിയുമായി സഖ്യമുണ്ടാക്കിയിട്ടുണ്ട്: 2002 ലും 2008 ലും.  

ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് പിഡിപി സർക്കാരിനുള്ള പിന്തുണ ബിജെപി പിൻവലിച്ചത്. പി‍ഡിപിയെ പിളർത്തി മറ്റൊരു സർക്കാരുണ്ടാക്കാമെന്ന് ബിജെപി കണക്കു കൂട്ടിയിരുന്നു.   

കശ്മീരിന് പ്രത്യേക പദവി നൽകുന്ന അനുച്ഛേദം 370, 35 എ എന്നിവ എടുത്തു കളയുക എന്നതാണ് ബിജെപിയുടെ ആത്യന്തിക ലക്ഷ്യം എന്നു പിഡിപിയും നാഷനൽ കോൺഫറൻസും കരുതുന്നു.