Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മധ്യപ്രദേശിൽ ചേരിതിരിഞ്ഞ് ഫ്ലെക്സ്, പ്രകടനങ്ങൾ

Congress-flag-8

ഭോപാൽ∙ മധ്യപ്രദേശ് പിസിസി ആസ്ഥാനമായ ഇന്ദിരാഭവനു മുൻപിൽ ‘മുഖ്യമന്ത്രി കമൽനാഥിന്’ ആശംസയർപ്പിച്ചുള്ള ഫ്ലക്സ് ഇന്നലെ രാവിലെത്തന്നെ പ്രത്യക്ഷപ്പെട്ടു. ജ്യോതിരാദിത്യ സിന്ധ്യയെ പിന്തുണച്ചുകൊണ്ടുള്ള ഫ്ലക്സും നിമിഷ നേരത്തിനുള്ളിൽ ഉയർന്നു. ഡൽഹിയിൽ ചർച്ചകൾ നീളുന്നതിനിടെ ഇവിടെ ഇരുപക്ഷവും ശക്തിപ്രകടനത്തിന്റെ തിരക്കിലായി. ഇന്ദിരാ ഭവനു മുന്നിൽ ഇരുകൂട്ടരും ചേരിതിരിഞ്ഞു മുദ്രാവാക്യം വിളിച്ചു.

ഹൈക്കമാൻഡ് നിരീക്ഷകൻ എ.കെ. ആന്റണിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന നിയമസഭാ കക്ഷി യോഗത്തിൽ കമൽനാഥിനാണു ഭൂരിപക്ഷം കിട്ടിയതെന്ന വാർത്ത ഇതിനിടെ പുറത്തുവന്നു. തൊട്ടുപിറകെ, സിന്ധ്യയെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ജാഥകൾ സംസ്ഥാനത്തിന്റെ പല ഭാഗത്തും തുടങ്ങി. കമൽനാഥിനു വേണ്ടിയും ജാഥകളുണ്ടായി. അണികളുടെ ആവേശം മാത്രമാണിതെന്നും ഗ്രൂപ്പ് വഴക്കല്ലെന്നും നേതാക്കൾ ന്യായീകരിച്ചു.

കോൺഗ്രസിന്റെ തിരിച്ചുവരവിൽ നിർണായക പങ്കു വഹിച്ചതു കമൽനാഥോ സിന്ധ്യയോ എന്ന ചർച്ച ചാനലുകളിൽ പൊടിപൊടിച്ചു. സ്വതന്ത്രരെ ബിജെപി തട്ടിയെടുക്കും മുൻപു വ്യക്തിബന്ധം ഉപയോഗിച്ച് മായാവതിയെ ഒപ്പം കൂട്ടിയ കമൽനാഥിന്റെ രാഷ്ട്രീയ നൈപുണ്യം വാഴ്ത്തപ്പെട്ടു. കഴിഞ്ഞദിവസം കമൽനാഥിന്റെ ഫോൺ കോളിനു ശേഷമായിരുന്നു മായാവതിയുടെ പിന്തുണ പ്രഖ്യാപനം.

സിഖ് വിരുദ്ധ കലാപ കാലം വീണ്ടും ഓർമിപ്പിച്ച് കമൽനാഥിനെ മുഖ്യമന്ത്രിയാക്കരുതെന്ന് ശിരോമണി അകാലിദൾ ഇതിനിടെ ആവശ്യപ്പെട്ടെങ്കിലും കത്തിപ്പടർന്നില്ല. ഡൽഹി ചർച്ചകൾ കമൽനാഥിന് അനുകൂലമായെങ്കിലും സിന്ധ്യ ക്യാംപ് സമ്മർദം ചെലുത്തിയതോടെ പ്രഖ്യാപനം വീണ്ടും നീട്ടിവച്ചു.