കേരളപക്ഷം വെളിവാക്കി രാഹുൽ

ന്യൂഡൽഹി ∙ കേരളത്തിലെ കോൺഗ്രസ് സംഘടനാമാതൃക രാജ്യമെങ്ങും പിന്തുടരാവുന്നതാണെന്നു പാർട്ടി ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. പാർട്ടി ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചു ചർച്ച ചെയ്യാൻ എഐസിസിയുടെ ‘യുദ്ധമുറി’യിൽ ചേർന്ന യോഗത്തിലാണു രാഹുൽ തന്റെ കേരളപക്ഷം വെളിപ്പെടുത്തിയത്. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് അൻപതോളം ക്ഷണിതാക്കൾ പങ്കെടുത്തു. കേരളത്തിൽ നിന്നു കെ. മുരളീധരൻ എംഎൽഎ, പി.സി. വിഷ്ണുനാഥ്, എം. ലിജു എന്നിവരും. രാഹുൽ ഗാന്ധിക്കൊപ്പം മുതിർന്ന നേതാവ് പി. ചിദംബരവും ആശയവിനിമയത്തിനു നേതൃത്വം നൽകി.

‘ജയിച്ചാലും തോറ്റാലും കേരളത്തിൽ സംഘടന നിലനിൽക്കും. കാരണം, അവിടെ നേതാക്കളും പ്രവർത്തകരും ആശയപരമായി പാർട്ടിയോടു ചേർന്നു നിൽക്കുന്നവരാണ്. സീറ്റു കിട്ടാൻ വരികയും പിന്നീടു പാർട്ടി വിടുകയും ചെയ്യുന്ന പതിവ് അവിടെയില്ല.’– രാഹുൽ പറഞ്ഞു. ബൂത്ത്, ബ്ലോക്ക്, മണ്ഡലം തലങ്ങളിലും കേരളത്തിൽ പാർട്ടിക്കു ശക്തമായ സംഘടനാരൂപമുണ്ട്. ബിജെപിയെ രാഷ്ട്രീയമായി ചെറുക്കാൻ കോൺഗ്രസിനു വേണ്ടതും അതാണ്. അധികാരത്തിന്റെ തണലിൽ മാത്രമല്ലാതെ നിലനിൽക്കാൻ കെൽപുള്ള സംഘടനാശക്തി വളർത്തണമെന്ന പൊതു വിലയിരുത്തലോടെയാണു യോഗം അവസാനിച്ചത്. സമാന ആശയവിനിമയ യോഗങ്ങൾ തുടരുമെന്ന് എഐസിസി വൃത്തങ്ങൾ അറിയിച്ചു.