കേരളത്തിൽ നാടൻ കന്നുകാലികൾ ‌അഞ്ചിലൊന്നായി കുറഞ്ഞു

ന്യൂഡൽഹി∙ കേരളത്തിൽ നാടൻ കന്നുകാലികളുടെ എണ്ണം 2003നും 2012നും ഇടയിൽ അഞ്ചിലൊന്നായി കുറഞ്ഞെന്നു ദേശീയ ഹരിത ട്രൈബ്യൂണലിൽ വ്യക്തമാക്കി. ഈ നിലയിൽ പോയാൽ സംസ്ഥാനത്തു നാടൻ കന്നുകാലികളുടെ വംശനാശം തന്നെ സംഭവിച്ചേക്കാമെന്നു ഹരിത ട്രൈബ്യൂണൽ (എൻജിടി) ചൂണ്ടിക്കാട്ടി.

നാടൻ കന്നുകാലികളുടെ എണ്ണത്തിലുള്ള കുറവു പരിഹരിക്കാൻ ദേശീയ നയം രൂപീകരിക്കുന്നതിനായുള്ള അടുത്ത യോഗത്തിൽ 11 സംസ്ഥാനങ്ങളുടെ പ്രതിനിധികൾ നിർബന്ധമായും സംബന്ധിക്കണമെന്നും ജസ്റ്റിസ് സ്വതന്തർ കുമാർ അധ്യക്ഷനായ എൻജിടി ബെഞ്ച് ആവശ്യപ്പെട്ടു.

ബംഗാൾ, അരുണാചൽപ്രദേശ്, അസം, ഗോവ, ജമ്മു കശ്മീർ, ജാർഖണ്ഡ്, കർണാടക, മേഘാലയ, മിസോറം, സിക്കിം, ത്രിപുര എന്നീ സംസ്ഥാനങ്ങളുടെ പ്രതിനിധികൾ ഉണ്ടാകണമെന്നാണ് നിർദേശിച്ചത്. നാടൻ ഇനങ്ങളുടെ സംരക്ഷണ പദ്ധതികൾ ഈ സംസ്ഥാനങ്ങൾ   നൽകിയിട്ടില്ലെന്നും യോഗങ്ങളിൽ പങ്കെടുത്തിട്ടില്ലെന്നും അഭിഭാഷകൻ സുമീർ സോധി ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് ഈ നിർദേശം.