നഴ്സുമാർ ദേശീയപാത ഉപരോധിച്ചു: സംഘർഷത്തിൽ 18 പേർക്കു പരുക്ക്

ചേർത്തല ∙ സമരം ഒത്തുതീർപ്പാക്കുവാൻ സർക്കാർ തയാറാകാത്തതിൽ പ്രതിഷേധിച്ചു ചേർത്തല കെവിഎം ആശുപത്രിക്കു മുന്നിൽ ഇന്നലെ വൈകിട്ടു നഴ്സുമാർ ദേശീയപാത ഉപരോധിച്ചു. ഗതാഗതം സ്തംഭിച്ചതോടെ ബലം പ്രയോഗിച്ചു നഴ്സുമാരെ നീക്കാൻ നടത്തിയ ശ്രമത്തെ തുടർന്നുണ്ടായ ലാത്തിച്ചാർജിലും സംഘർഷത്തിലും ഡിവൈഎസ്പിയും മൂന്നു വനിതാ പൊലീസും ഉൾപ്പെടെ 10 പൊലീസുകാർക്കും എട്ടു നഴ്സുമാർക്കും പരുക്കേറ്റു. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ 176 ദിവസമായി തുടരുന്ന സമരത്തിനിടെയാണു ദേശീയപാത ഉപരോധം നടത്തിയത്.

ചേർത്തല ഡിവൈഎസ്പി എ.ജി.ലാൽ, സിഐ വി.പി.മോഹൻലാൽ, വനിതാ പൊലീസുകാരായ മിനിമോൾ, ശ്രീവിദ്യ, മജ്ഞുഷ, സീനിയർ സിപിഒ വസന്ത്, സുനിൽകുമാർ, സുരാജ്, സനിൽ, ശരത് ലാൽ എന്നിവർ പരുക്കേറ്റു ചേർത്തല ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. നഴ്സുമാരായ അനൂപ്, സന്തോഷ്, ജിജോ, സുനീഷ്, ബാൽജോ, മിനി, ബിപിൻ പോൾ എന്നിവരെയും താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാത ഉപരോധിച്ചതിന് 73 നഴ്സുമാർക്കെതിരെ കേസുണ്ട്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും പരുക്കേൽപ്പിച്ചതിനും മറ്റു കേസുകളും റജിസ്റ്റർ ചെയ്യുമെന്നു ഡിവൈഎസ്പി എ.ജി.ലാൽ പറഞ്ഞു.

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു നഴ്സുമാർ നടത്തുന്ന സമരം ആറു മാസത്തോളമായിട്ടും പരിഹരിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു ദേശീയപാത ഉപരോധം. യുഎൻഎ സംസ്ഥാന ജനറൽ സെക്രട്ടറി സുജനപാൽ അച്യുതൻ മൂന്നു ദിവസം മുൻപു നിരാഹാര സത്യഗ്രഹം ആരംഭിച്ചിരുന്നു. ഉപരോധ സമരം യുഎൻഎ സംസ്ഥാന പ്രസിഡന്റും ദേശിയ അധ്യക്ഷനുമായ ജാസ്മിൻ ഷാ ഉദ്ഘാടനം ചെയ്തു. നഴ്സുമാർക്കു നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തിയപ്പോൾ പ്രതിരോധിക്കുക മാത്രമാണു ചെയ്തതെന്നും യുഎൻഎ യൂണിറ്റ് പ്രസിഡന്റ് ജിജി ജേക്കബ് പറഞ്ഞു.

15 നു സംസ്ഥാന വ്യാപക പണിമുടക്ക്

പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ഇന്നു സംസ്ഥാന വ്യാപകമായി കരിദിനാചരണവും 15 നു സംസ്ഥാന വ്യാപകമായി സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ പണിമുടക്കും നടത്തുമെന്നും ഭാരവാഹികൾ പറഞ്ഞു.