ഗെയിം കളിച്ച് അക്രമം; ബ്ലൂവെയിൽ എന്നു സംശയം

കുമരകം (കോട്ടയം) ∙ രാത്രി ഉറങ്ങാതെ കംപ്യൂട്ടറിനു മുന്നിലിരുന്നു ഗെയിം കളിച്ച റിസോർട്ട് ജീവനക്കാരനെ പൊലീസ് എത്തി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്നാട് സ്വദേശി ചേരൻ (20) ഉറങ്ങാതെ ഗെയിം കളിച്ചതിനെത്തുടർന്ന് അർധരാത്രിയോടെ അക്രമാസക്തനാവുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. കൊഞ്ചുമടയ്ക്കു സമീപമുള്ള റിസോർട്ടിൽ വെള്ളിയാഴ്ച രാത്രിയാണു സംഭവം.

നിരോധിക്കപ്പെട്ട കംപ്യൂട്ടർ ഗെയിമായ ബ്ലൂവെയിലാണോ കളിച്ചതെന്നു കൂടുതൽ പരിശോധനയിലൂടെയേ കണ്ടത്താൻ കഴിയുകയുള്ളൂ എന്നാണു പൊലീസിന്റെ വിശദീകരണം. മുറിയിലിരിക്കുകയായിരുന്ന ചേരൻ പെട്ടെന്ന് അക്രമാസക്തനായി സഹപ്രവർത്തകരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി. ഇതോടെ കൂടുതൽ ജീവനക്കാരെത്തി ഇയാളെ കീഴ്പ്പെടുത്തി പൊലീസിൽ അറിയിച്ചു.