കമ്പക്കെട്ടിലും കമ്പം; വെടിക്കെട്ടിൽ ഞെട്ടാത്ത പൂരപ്രേമിയായി പിണറായി

തൃശൂർ പൂരം വെടിക്കെട്ട് സ്വരാജ് റൗണ്ടിലെ കെട്ടിടത്തിന്റെ എട്ടാം നിലയുടെ മുകളിൽ നിന്ന് ആസ്വദിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. ചിത്രം: ഫഹദ് മുനീർ∙ മനോരമ

തൃശൂർ ∙ ഇതിലും വലിയ ശബ്ദകോലാഹലങ്ങളിൽ വിറച്ചിട്ടില്ല, പിന്നല്ലേ വെടിക്കെട്ട് എന്ന ഭാവത്തിലായിരുന്നു മുഖ്യമന്ത്രി. പുലർച്ചെ 3.30ന് തേക്കിൻകാടു മൈതാനത്തിനു സമീപത്തെ ഹോട്ടൽമുറിയിലിരുന്നു കൗതുകത്തോടെ പിണറായി വിജയൻ വെടിക്കെട്ടു കണ്ടു. പാറമേക്കാവിന്റെ കൂട്ടപ്പൊരിച്ചിൽ കഴിഞ്ഞപ്പോൾ തീർന്നോ എന്ന ഭാവം. തിരുവമ്പാടിയുടെ വെടിക്കെട്ട് ഉടൻ തുടങ്ങുമെന്നും റൂഫ്ടോപ്പിൽ ഇരുന്നാൽ കുറച്ചുകൂടി നന്നായി കാണാം എന്നും ഐജി സൂചിപ്പിച്ചപ്പോൾ മന്ത്രി വി.എസ്.സുനിൽ കുമാറിനെയും കെ.രാധാകൃഷ്ണനെയും കൂട്ടി എട്ടാം നിലയുടെ മുകളിലേക്ക്. അമിട്ടും കുഴിമിന്നലും പൊട്ടിവിരിയുന്നത് അടുത്തുനിന്നു കണ്ടു.

പൂരദിവസം മുഴുവൻ പൂരപ്രേമിയായി തൃശൂരിൽ തന്നെ മുഖ്യമന്ത്രി ചെലവഴിച്ചിരുന്നു. ഇലഞ്ഞിത്തറ മേളത്തിന്റെ സമയത്തു വടക്കുന്നാഥ ക്ഷേത്രത്തിനുള്ളിലെ ഇലഞ്ഞിച്ചോട്ടിലെത്തി മേളപ്രമാണി പെരുവനം കുട്ടൻമാരാരെ പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു. വെടിക്കെട്ടിനു ശേഷം മടങ്ങിയാൽ മതിയെന്ന് അദ്ദേഹം തീരുമാനിച്ചതോടെ സ്വരാജ് റൗണ്ടിനരികിലെ എലൈറ്റ് ഹോട്ടലിൽ പൊലീസ് മുറിയൊരുക്കി.

പുലർച്ചെ മൂന്നേകാലോടെ ഒരുങ്ങി തയാറായി മുറിയുടെ ബാൽക്കണിയിൽ പിണറായി ഇടംപിടിച്ചു. മന്ത്രി വി.എസ്.സുനിൽ കുമാറിനെയും സിപിഎം ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണനെയും ഒപ്പം കൂട്ടിയിരുന്നു. പാറമേക്കാവിന്റെ വെടിക്കെട്ടിനു ശേഷം മുകൾനിലയിലേക്കു നീങ്ങി. സുരക്ഷാ പരിശോധനയ്ക്കു ശേഷം പൊലീസ് തയാറാക്കിയ ഇരിപ്പിടത്തിലിരുന്നു തിരുവമ്പ‍ാടിയുടെ വെടിക്കെട്ടു കണ്ടു. ശബ്ദം കൂടുന്നു എന്നു തോന്നിയപ്പോൾ ഇയർ പ്ലഗ് ചെവിയിൽ തിരുകി. കൗതുകത്തോടെ മുഖ്യമന്ത്രിയെ വീക്ഷിച്ചു മറ്റു പൂരപ്രേമികളും.