രാഹുൽഗാന്ധിക്കെതിരെ നാലാംകിട നുണയെന്ന് തോമസ് ഐസക്

തിരുവനന്തപുരം∙ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുടെ വിഡിയോ ബിജെപിയുടെ എംപി രാജീവ് ചന്ദ്രശേഖർ വക്രീകരിച്ച് ഉപയോഗിച്ചുവെന്ന വിവാദത്തിൽ രാഹുലിനെ ന്യായീകരിച്ചു സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ മന്ത്രി തോമസ് ഐസക്. കിട്ടുന്നതെല്ലാമെടുത്തു ചാമ്പുകയാണു രാജീവ് എന്ന് ഐസക് പരിഹസിച്ചു.

ബിജെപിയുടെ കഴിഞ്ഞ യെഡിയൂരപ്പ മന്ത്രിസഭയ്ക്കെതിരെ രാഹുൽഗാന്ധി 2013ൽ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾ കോൺഗ്രസിന്റെതന്നെ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കെതിരെ എന്ന പേരിൽ പ്രചരിപ്പിക്കാൻ ചില്ലറ ചർമശേഷിയൊന്നും പോരെന്നും ഐസക് ഫെയ്സ്ബുക്കിൽ കുറിച്ചു.

ഒട്ടേറെ മാധ്യമ സ്ഥാപനങ്ങളുടെ ഉടമയാണു താനെന്നോ തന്റെ വിശ്വാസ്യതയ്ക്ക് ഈ മാധ്യമ സ്ഥാപനങ്ങളുമായി ബന്ധമുണ്ടെന്നോ ഉള്ള ആധിയൊന്നും രാജീവിനില്ല. അങ്ങനെയൊരാളുടെ ട്വിറ്ററിലാണ് ഒരു നാലാംകിട നുണ പ്രത്യക്ഷപ്പെട്ടത്. റിട്വീറ്റ് ചെയ്തതു സ്മൃതി ഇറാനിയെപ്പോലുള്ള പ്രമുഖർ. ഇതാണ് ഇവരുടെ രാഷ്ട്രീയ സംവാദത്തിന്റെ നിലവാരം. മണിക്കൂറുകൾക്കകം ഇതു സോഷ്യൽ മീഡിയതന്നെ പൊളിച്ചു– ഐസക് പറഞ്ഞു.