Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ടു വർഷം കൊണ്ടു കേരളത്തിന്റെ മുഖച്ഛായ മാറി: മുഖ്യമന്ത്രി

Pinarayi Vijayan, P. Sathasivam

തിരുവനന്തപുരം∙ എൽഡിഎഫ് സർക്കാരിന്റെ രണ്ടാം വാർഷികാഘോഷ സമാപനച്ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌കരിച്ചു. അവരെ ക്ഷണിച്ചിട്ടും വരാൻ തയാറായില്ലെന്ന് അധ്യക്ഷ പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ബഹിഷ്‌കരിക്കുന്നതിനു പ്രതിപക്ഷ നേതാവ് പ്രത്യേക കാരണങ്ങളൊന്നും പറയുന്നില്ല. വന്നിരുന്നെങ്കിൽ സർക്കാരിനെക്കുറിച്ചുള്ള അവരുടെ വിമർശനം ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കാൻ അവസരം കിട്ടുമായിരുന്നു. ഇതെല്ലാം മറന്നു പ്രതിപക്ഷത്തെ സഹകരിപ്പിക്കുന്നതിൽ വിഷമവുമില്ല. എൽഡിഎഫ് സർക്കാരിന്റെ രണ്ടു വർഷത്തെ ഭരണംകൊണ്ടു കേരളത്തിന്റെ മുഖച്ഛായ മാറിയെന്നു മുഖ്യമന്ത്രി പറഞ്ഞു.

നടക്കില്ലെന്നു വിചാരിച്ച പദ്ധതികളെല്ലാം മുന്നോട്ടു പോകുന്നു. ധാരാളം വ്യവസായങ്ങൾ വരാനുള്ള സാധ്യത തെളിഞ്ഞു. ശബരിമല വിമാനത്താവളത്തിനുള്ള ആദ്യഘട്ട നടപടികൾ തുടങ്ങി. കണ്ണൂർ വിമാനത്താവളം സെപ്റ്റംബറിൽ തുറക്കും. കേരളത്തിനു നഷ്ടപ്പെട്ട ഉന്നത രാഷ്ട്രീയ സംസ്‌കാരം തിരിച്ചു പിടിക്കാനായതാണു വലിയ നേട്ടമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ നേട്ടങ്ങളും പ്രശ്‌നങ്ങളും ഗവർണർമാരുടെ സമ്മേളനത്തിൽ വിശദമാക്കുമെന്നു ചടങ്ങ് ഉദ്ഘാടനം ചെയ്ത ഗവർണർ പി.സദാശിവം പറഞ്ഞു. രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും കാബിനറ്റ് മന്ത്രിമാരും ഉൾപ്പെടെയുള്ളവരാണ് ഇതിൽ പങ്കെടുക്കുന്നത്. പ്രതിപക്ഷകക്ഷി ഭരിക്കുന്ന ഒരു സംസ്ഥാനമായതിനാൽ ഗവർണറുടെ നിലപാടു കേൾക്കാൻ എല്ലാവർക്കും ആകാംക്ഷയാണ്. പക്ഷേ, താനൊരിക്കലും വ്യതിചലിക്കാറില്ല. ഗവർണറുടെ ഭരണഘടനാപരമായ പരിമിതികളെക്കുറിച്ചു തികച്ചും ബോധവാനാണ്. ദിവസവും മൂന്നു മണിക്കൂർ മലയാളം ചാനലുകൾ കാണാറുണ്ട്. മലയാളം നന്നായി മനസ്സിലാകും. പൊലീസിന്റെ വീഴ്ച്ചയെയും അതിക്രമത്തെയും വിമർശിച്ചു കൊണ്ടുള്ള മുഖ്യമന്ത്രിയുടെ പത്രസമ്മേളനവും ടിവിയിൽ കണ്ടു– ഗവർണർ പറഞ്ഞു.

സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ, മന്ത്രിമാർ, മേയർ വി.കെ.പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു. പിആർഡി ഡയറക്ടർ പി.വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു. നേട്ടങ്ങൾ വിവരിച്ചു പ്രോഗ്രസ് റിപ്പോർട്ട് പിണറായി സർക്കാരിന്റെ രണ്ടുവർഷത്തെ പ്രകടനത്തിന്റെ പ്രോഗ്രസ് റിപ്പോർട്ട് ഗവർണർ പി.സദാശിവം പ്രകാശനം ചെയ്തു.

തിരഞ്ഞെടുപ്പു പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്ത അറുന്നൂറോളം ഇനങ്ങൾ എത്ര കണ്ടു നടപ്പാക്കിയെന്നാണ് ഈ റിപ്പോർട്ടിൽ വിശദീകരിക്കുന്നത്. ഒന്നാം വാർഷികവേളയിലും പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കിയിരുന്നു. എല്ലാ പ്രവർത്തനങ്ങളും കാലാവധിക്കുള്ളിൽ പൂർത്തിയായാക്കാൻ കഴിയുമെന്ന ആത്മവിശ്വാസമാണ് ഈ റിപ്പോർട്ട് നൽകുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. പ്രോഗ്രസ് റിപ്പോർട്ടിനെപ്പറ്റി ജനങ്ങളുടെ അഭിപ്രായം ക്ഷണിച്ചു. സർക്കാർ വെബ്സൈറ്റിൽ ലഭിക്കും.

related stories