Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഫ്തിയിലെത്തിയ പൊലീസുകാർ ബൈക്ക് യാത്രികനെ തല്ലിച്ചതച്ചു

usman-custody-torture

ആലുവ ∙ വരാപ്പുഴ കസ്റ്റഡി മരണത്തിന്റെ കരിനിഴൽ മായുംമുൻപേ റൂറൽ പൊലീസ് ജില്ലയിലെ എടത്തല പൊലീസ് സ്റ്റേഷനിൽ യുവാവിനു ക്രൂരമർദനം. റമസാൻ വ്രതാനുഷ്ഠാനവുമായി ബന്ധപ്പെട്ടു ഗൾഫിൽ നിന്നു രണ്ടു മാസത്തെ അവധിക്കു നാട്ടിലെത്തിയ കുഞ്ചാട്ടുകര മരുത്തുംകടി ഉസ്മാനാണ് (38) പൊലീസ് മർദനത്തിന് ഇരയായത്. സംഭവമറിഞ്ഞു വൻ ജനാവലി രാത്രി പൊലീസ് സ്റ്റേഷൻ പരിസരത്തു തടിച്ചുകൂടി.

സംഘർഷാവസ്ഥ ഉടലെടുത്തതോടെയാണു പൊലീസ് ഉസ്മാനെ വൈദ്യ പരിശോധനയ്ക്കായി ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയത്. അപ്പോഴേയ്ക്കും കസ്റ്റഡിയിൽ മൂന്നു മണിക്കൂർ പിന്നിട്ടിരുന്നു. മുഖം ഉൾപ്പെടെ ദേഹത്തു പലഭാഗത്തും മർദനത്തിന്റെ ക്ഷതമേറ്റ പാടുകളുണ്ട്. ഉസ്മാനെ ആശുപത്രിയിൽ പ്രവേശിപ്പിക്കാതെ മജിസ്ട്രേട്ടിന്റെ വീട്ടിൽ ഹാജരാക്കാൻ പൊലീസ് നടത്തിയ നീക്കം ആശുപത്രിയിലും സംഘർഷാവസ്ഥ സൃഷ്ടിച്ചു.

ജില്ലാ ആശുപത്രിയിൽ നിന്നു പിന്നീടു വിദഗ്ധ ചികിൽസയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. വൈകിട്ട് അഞ്ചരയോടെ കുഞ്ചാട്ടുകര കവലയ്ക്കു സമീപത്തു നിന്നാണ് സ്വകാര്യ കാറിൽ മഫ്തിയിൽ എത്തിയ പൊലീസ് സംഘം ഉസ്മാനെ പിടികൂടിയത്. എടത്തല എസ്ഐ ജി. അരുണിന്റേതാണു കാർ. എന്നാൽ എസ്ഐ കാറിൽ ഉണ്ടായിരുന്നില്ല.

സംഭവത്തെ കുറിച്ചു നാട്ടുകാർ: നോമ്പുതുറയ്ക്കുള്ള സാധനങ്ങൾ വാങ്ങി ബൈക്കിൽ വീട്ടിലേക്കു പോവുകയായിരുന്നു ഉസ്മാൻ. ഈ സമയം അമിത വേഗത്തിലെത്തിയ സ്വകാര്യ കാർ ഉസ്മാനെ ഇടിച്ചിട്ടു. റോഡിൽ വീണ ഉസ്മാൻ എഴുന്നേറ്റു കാറിലുണ്ടായിരുന്നവരോടു തട്ടിക്കയറി. ഒറ്റനോട്ടത്തിൽ ക്വട്ടേഷൻ സംഘമാണെന്നാണ് കരുതിയത്. കാറിലുള്ളവർ പുറത്തിറങ്ങി ഉസ്മാനെ റോഡിലിട്ടു തല്ലിച്ചതയ്ക്കുകയായിരുന്നു. തുടർന്നു കാറിലേക്കു വലിച്ചുകയറ്റി കൊണ്ടുപോവുകയും ചെയ്തു.

ഉസ്മാനെ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയെന്നു പരാതിപ്പെടാൻ ആളുകൾ പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് കാർ എസ്ഐയുടേതാണെന്നും അകത്തുണ്ടായിരുന്നവർ പൊലീസുകാരാണെന്നും അറിഞ്ഞത്. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നേരെ പൊലീസ് ഭീഷണി മുഴക്കി. ഏറെ നേരം അസഭ്യവർഷം നടത്തി. അൻവർ സാദത്ത് എംഎൽഎ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടതിനെ തുടർന്നു ഡിവൈഎസ്പി കെ.ബി. പ്രഫുല്ലചന്ദ്രൻ പൊലീസ് സ്റ്റേഷനിലെത്തിയ ശേഷമാണ് ഉസ്മാനെ ആശുപത്രിയിലേക്കു കൊണ്ടുപോയത്.

അതേസമയം, മുതിരക്കാട്ടുമുകളിൽ നിന്നു പോക്സോ കേസിലെ പ്രതിയെ കസ്റ്റഡിയിൽ എടുത്തു കാറിൽ വരികയായിരുന്നു പൊലീസുകാരായ അഫ്സൽ, ജലീൽ, പുഷ്പരാജ് എന്നിവരെന്നു പൊലീസ് പറഞ്ഞു. ഉസ്മാൻ ഓടിച്ചിരുന്ന ബൈക്കും കാറും തമ്മിൽ ഉരസിയതിനെത്തുടർന്നു ബൈക്ക് റോഡിനു കുറുകെയിട്ടു കാർ തടയുകയും സിപിഒ അഫ്സലിനെ മർദിക്കുകയും ചെയ്തതായി പൊലീസ് ആരോപിക്കുന്നു. പൊലീസുകാരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും സിപിഒ അഫ്സലിനെ മർദിച്ചതിനും ഉസ്മാനെ പ്രതിയാക്കി കേസെടുത്തു.