Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിന്തൈറ്റ് സമരം: മന്ത്രി മൊയ്‍തീൻ അനുരഞ്ജന ശ്രമം തുടരുന്നു

കോലഞ്ചേരി∙ കടയിര‍ുപ്പ് സിന്തൈറ്റ് ഇൻഡസ്‍ട്രീസിൽ സിഐടിയ‍ുവിന്റെ നേതൃത്വത്തിൽ തൊഴിലാളികൾ നടത്ത‍ുന്ന പണിമ‍ുടക്ക് അവസാനിപ്പിക്കാൻ മന്ത്രി എ.സി. മൊയ്‍തീൻ നടത്ത‍ുന്ന അന‍ുരഞ്ജന ചർച്ച ഇന്ന‍ും ത‍ുടര‍ും. ഇന്നലെ യ‍ൂണിയൻ ഭാരവാഹികളെയ‍ും മാനേജ‍ുമെന്റ് പ്രതിനിധികളെയ‍ും പ്രത്യേകം കണ്ട‍ു ചർച്ച നടത്തിയെങ്കില‍ും പരിഹാരമായില്ല.

ബ‍ുധനാഴ്‍ചയ‍ും മന്ത്രി ഇര‍ു ക‍ൂട്ടര‍ുമായി വെവ്വേറെ ചർച്ച നടത്തിയിര‍ുന്ന‍‍ു. സ്ഥലം മാറ്റപ്പെട്ടവർ അതതിടങ്ങളിൽ ജോലിയിൽ പ്രവേശിക്കണമെന്ന നിലപാടിൽ മാനേജ‍ുമെന്റ‍ും സ്‍ഥലംമാറ്റം റദ്ദാക്കാതെ പണിമ‍ുടക്കിൽ നിന്ന‍ു പിൻമാറില്ലെന്ന‍ നിലപാടിൽ യ‍ൂണിയന‍ും ഉറച്ച‍ു നിൽക്ക‍ുകയാണ്.

മാനേജു‍മെന്റിനെ അന‍ുക‍ൂലിക്ക‍ുന്ന യ‍ൂണിയന‍ിലെയ‍ും സിഐടിയ‍ുവിന്റെ നേതൃത്വത്തിലു‍ള്ള യ‍ൂണിയന‍ിലെയ‍ും അംഗങ്ങൾക്ക് ആന‍ുപാതികമായി സ്‌ഥലം മാറ്റം നൽകണമെന്ന നിർദേശം മന്ത്രി മ‍ുന്നോട്ടു‍വച്ചതായി സ‍ൂചനയ‍ുണ്ട്. നിയമപരമായി കമ്പനി നടത്തിയ സ്‍ഥലംമാറ്റം അംഗീകരിക്കാതെ സമരത്തിൽ ഏർപ്പെട്ട സിഐടിയ‍ുവിനെ അതിൽ നിന്ന‍ു പിന്തിരിപ്പിക്കാന‍ുള്ള ശ്രമം സർക്കാരിന്റെ ഭാഗത്ത‍ു നിന്ന‍ുണ്ടാകണമെന്ന‍ു മന്ത്രിയ‍ുമായ‍ുള്ള ക‍ൂടിക്കാഴ്‍ചയിൽ മാനേജ്മെന്റ് ആവശ്യപ്പെട്ട‍ു.