Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോൺഗ്രസിൽ പ്രതിഷേധം, രാജി, പ്രകടനം; പാർട്ടി കീഴടങ്ങിയെന്ന് സുധീരൻ

V.M. Sudheeran

തിരുവനന്തപുരം∙ രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിനു വിട്ടുകൊടുത്ത കോൺഗ്രസ് തീരുമാനത്തിനെതിരെ പാർട്ടിയിലെ വിവിധ കേന്ദ്രങ്ങളിൽ ശക്തമായ പ്രതിഷേധം. നടപടി കോൺഗ്രസിനെ തകർക്കുമെന്നും കോൺഗ്രസ് കീഴടങ്ങിയെന്നും കെപിസിസി മുൻ പ്രസിഡന്റ് വി.എം.സുധീരൻ പറഞ്ഞു. ഏതു വേദിയിൽ ചർച്ച ചെയ്തിട്ടാണ് ഈ തീരുമാനമെടുത്തത്? ന്യായീകരിക്കാനാവാത്ത നടപടിയാണിത്. മുന്നണിയെ ഇതു ശക്തിപ്പെടുത്തുകയില്ല – സുധീരൻ പറഞ്ഞു.

തീരുമാനത്തിൽ പ്രതിഷേധിച്ചു കെപിസിസി സെക്രട്ടറി കെ.ജയന്ത് സ്ഥാനം രാജിവച്ചു. യൂത്ത് കോൺഗ്രസ് – കെഎസ്‌യു പ്രവർത്തകർ കോഴിക്കോട് നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കോൺഗ്രസ് എന്നും എല്ലാം സഹിക്കുമെന്ന് ഇനി എത്രനാൾകൂടി കരുതണമെന്നു പാർട്ടി വക്താവ് പന്തളം സുധാകരൻ ചോദിച്ചു. ഇതു ചിലർ മുൻ‍കൂട്ടി തയാറാക്കിയ തിരക്കഥയാണോ എന്നു സംശയിക്കണമെന്നു കോൺഗ്രസ് വക്താവ് ജോസഫ് വാഴയ്ക്കൻ പറഞ്ഞു.

പി.ജെ.കുര്യനു സ്ഥാനാർഥിത്വം നൽകുന്നതിനെതിരെ രംഗത്തുവന്ന യുവ എംഎൽഎമാരും പുതിയ തീരുമാനത്തിൽ പ്രതിഷേധിച്ചു. കേരള കോൺഗ്രസിനു രാജ്യസഭാ സീറ്റ് നൽകിയതു വിനാശകരമായ തീരുമാനമാണെന്നും ഇതു പുനഃപരിശോധിക്കണമെന്നും വി.ടി.ബൽറാം പറഞ്ഞു. നേതൃത്വത്തെ ആത്മവിശ്വാസക്കുറവ് ബാധിച്ചതായും തീരുമാനം അവിശ്വസനീയമാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു. പാർട്ടി പ്രവർത്തകരുടെ ആത്മാഭിമാനം അടിയറ വയ്ക്കുന്ന ആത്മഹത്യാപരമായ തീരുമാനമാണിതെന്നു ഹൈബി ഈഡനും ബിജെപിയെ പാർലമെന്റിൽ പ്രതിരോധിക്കാനായി കോൺഗ്രസിന്റെ ശബ്ദത്തെയാണു രാജ്യസഭയിലേക്ക് അയയ്ക്കേണ്ടതെന്നു കെ.എസ്.ശബരീനാഥനും പറഞ്ഞു.