Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘നാടകാന്തം’ രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിന്; മാണിക്കായി കൈവിട്ടു

Kerala-Congress കൈനീട്ടി സ്വീകരിക്കും: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായുള്ള ചർച്ചകൾക്കു ശേഷം കേരള ഹൗസിലെത്തിയ ജോസ് കെ. മാണി, പി.കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല എന്നിവർ. ചിത്രം: ജെ. സുരേഷ് ∙ മനോരമ

ന്യൂഡൽഹി∙ രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ കോൺഗ്രസിന്റെ രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിനു (എം) വിട്ടുകൊടുത്ത് ഒത്തുതീർപ്പ്. യുഡിഎഫിനെ ശക്തിപ്പെടുത്താൻ കേരള കോൺഗ്രസ് ഒപ്പമുണ്ടാവണമെന്നും രാജ്യസഭാ സീറ്റ് നൽകി അവരെ സ്വീകരിക്കണമെന്നുമുള്ള മുസ്‌ലിം ലീഗിന്റെ ആവശ്യത്തിനു മുന്നിൽ കോൺഗ്രസ് സംസ്ഥാന നേതൃത്വം വഴങ്ങി. ഇക്കാര്യം പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിക്കു മുന്നിൽ അവതരിപ്പിച്ച് അനുമതി നേടിയ സംസ്ഥാന നേതാക്കൾ, യുഡിഎഫിലേക്കു കേരള കോൺഗ്രസിന്റെ (എം) പുനഃപ്രവേശം ഹൈക്കമാൻഡ് തലത്തിൽ ഉറപ്പാക്കി. 

മുന്നണി പുനഃപ്രവേശം ഇന്നു രാവിലെ തിരുവനന്തപുരത്തു കേരള കോൺഗ്രസ് (എം) പാർലമെന്ററിസമിതി യോഗത്തിനുശേഷം പാർട്ടി ചെയർമാൻ കെ.എം.മാണി പ്രഖ്യാപിക്കും. തുടർന്ന്, കേരള കോൺഗ്രസ് കൂടി പങ്കെടുക്കുന്ന യുഡിഎഫ് നേതൃയോഗം ചേരും. 

രാജ്യസഭാ സീറ്റിനായി പരിഗണനയിലുണ്ടായിരുന്ന പി.ജെ.കുര്യൻ ഉൾപ്പെടെയുള്ള ഒരുപിടി കോൺഗ്രസ് നേതാക്കളെ ഞെട്ടിച്ചു നടത്തിയ നീക്കം, യുഡിഎഫിന്റെ പൊതുതാൽപര്യം കണക്കിലെടുത്തുള്ളതാണെന്ന് ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വിശദീകരിച്ചു. സംസ്ഥാന നേതൃത്വം ഹൈക്കമാൻഡിനെ തെറ്റിദ്ധരിപ്പിച്ചുവെന്നും യുവ നേതാക്കളെ തനിക്കെതിരെ തിരിച്ചത് ഉമ്മൻ ചാണ്ടിയാണെന്നും തുറന്നടിച്ച് കുര്യൻ രംഗത്തുവന്നതോടെ കോൺഗ്രസ് നേതൃനിരയിൽ കലാപം ശക്തമായി. 

നിലവിൽ മുന്നണിയുടെ ഭാഗമല്ലാത്ത ഘടകകക്ഷിക്കു രാജ്യസഭാ സീറ്റ് നൽകുന്നതു പ്രത്യേക രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്തുള്ള ഒറ്റത്തവണ നടപടി മാത്രമാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. നാലു വർഷത്തിനു ശേഷം സംസ്ഥാനത്തു രാജ്യസഭയിലേക്ക് ഒഴിവു വരുമ്പോൾ കേരള കോൺഗ്രസിന് അർഹതപ്പെട്ട സീറ്റ് കോൺഗ്രസിനു നൽകാൻ ഇരുകക്ഷികളും ധാരണയിലെത്തി. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ കോട്ടയം സീറ്റിൽ കേരള കോൺഗ്രസ് തന്നെ മൽസരിക്കും. 

കുഞ്ഞാലിക്കുട്ടിയും ജോസ് കെ.മാണിയുമായി കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ നടത്തിയ ചർച്ചകളിലുരുത്തിരിഞ്ഞ ധാരണ ഇന്നലെ വൈകിട്ടു നടത്തിയ കൂടിക്കാഴ്ചയിൽ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് എം.എം.ഹസനും രാഹുലിനെ അറിയിച്ചു. തുടർന്നു കുഞ്ഞാലിക്കുട്ടിയും ജോസ് കെ.മാണിയും കോൺഗ്രസ് നേതാക്കളും ഒന്നിച്ചിരുന്നു രാഹുലുമായി ചർച്ച നടത്തി. 

കോട്ടയത്തിനു പുറമേ ഇടുക്കി ലോക്സഭാ സീറ്റ്, അല്ലെങ്കിൽ രാജ്യസഭാ സീറ്റ് എന്ന ആവശ്യം കേരള കോൺഗ്രസ് മുന്നോട്ടുവച്ചു. രാജ്യസഭാ സീറ്റ് നൽകി കേരള കോൺഗ്രസിനു യുഡിഎഫിലേക്കു മാന്യമായ തിരിച്ചുവരവിനു സാഹചര്യമൊരുക്കണമെന്നു കോൺഗ്രസും ലീഗും രാഹുലിനോടാവശ്യപ്പെട്ടു. മധ്യ തിരുവിതാംകൂറിൽ കെ.എം.മാണിയുടെ പിന്തുണ അനിവാര്യമാണെന്നും ലീഗും കോൺഗ്രസും മാത്രമുള്ള യുഡിഎഫ് ഭദ്രമല്ലെന്നുമുള്ള കുഞ്ഞാലിക്കുട്ടിയുടെ അഭിപ്രായം രാഹുലിനു മുൻപാകെ കോൺഗ്രസ് നേതാക്കൾ ശരിവച്ചു.

1994ലും;  അന്ന് ഉമ്മൻ ചാണ്ടി രാജിവച്ചു

കോൺഗ്രസ് സ്വന്തം രാജ്യസഭാ സീറ്റ് ഘടകകക്ഷിക്കു നൽകുന്നത് 1994ന്റെ ആവർത്തനം. അന്ന് യുഡിഎഫിനു ലഭിക്കാവുന്ന രണ്ടു സീറ്റിലേക്കും കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിക്കുകയും നാമനിർദേശ പത്രിക നൽകുകയും ചെയ്തു. എ–ഐ ഗ്രൂപ്പ് വഴക്കിന്റെ പാരമ്യത്തിൽ ഒരു സീറ്റ് കെ.കരുണാകരൻ മുസ്‌ലിംലീഗിനു സമ്മാനിച്ചു. കോൺഗ്രസ് സ്ഥാനാർഥിയായി പത്രിക നൽകിയ ഡോ.എം.എ.കുട്ടപ്പൻ (എ ഗ്രൂപ്പ്) ഒടുവിൽ പിന്മാറി. വയലാർ രവി (കോൺഗ്രസ്), അബ്ദുസ്സമദ് സമദാനി (മുസ്‌ലിം ലീഗ്), ഇ.ബാലാനന്ദൻ (സിപിഎം) എന്നിവരാണ് അന്നു രാജ്യസഭയിലെത്തിയത്. 

രാജ്യസഭാ സീറ്റ് കൈവിടുകയും എ ഗ്രൂപ്പുകരാനായ കുട്ടപ്പനെ പത്രിക നൽകിയ ശേഷം പിൻവലിപ്പിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച്, കെ.കരുണാകരൻ മന്ത്രിസഭയിൽ നിന്നു ധനമന്ത്രി ഉമ്മൻ ചാണ്ടി രാജിവച്ചു. കോൺഗ്രസിലെ ഗ്രൂപ്പു വൈരത്തിന് ഇത് ആക്കംകൂട്ടി.