Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗണേഷ് മർദിച്ചെന്ന സംഭവം; സഭയിൽ വാഗ്വാദം

Beaten-by-ganesh-Kumar

തിരുവനന്തപുരം ∙ പത്തനാപുരത്തു കാറിനു സൈഡ് കൊടുക്കാതിരുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ കെ.ബി.ഗണേഷ്‌ കുമാർ എംഎൽഎ യുവാവിനെ മർദിച്ച സംഭവവുമായി പ്രതിപക്ഷം നിയമസഭയിൽ. കേസ് അന്വേഷിക്കുന്ന സിഐയെ സ്ഥലം മാറ്റിയെന്നു മുഖ്യമന്ത്രിക്കു വേണ്ടി മന്ത്രി കടകംപള്ളി സുരേന്ദ്രൻ മറുപടി നൽകി. വിഷയം സഭയിൽ ഉന്നയിച്ചതിനെതിരെ ഇ.പി.ജയരാജൻ പ്രതിഷേധിച്ചതു ഭരണ–പ്രതിപക്ഷ തർക്കത്തിനും കാരണമായി. 

അനന്തകൃഷ്ണൻ എന്ന യുവാവിനെ ക്രൂരമായി മർദിക്കുകയും അമ്മ ഷീനയെ അസഭ്യം പറയുകയും ചെയ്തിട്ടും എംഎൽഎയുടെ പേരിൽ വെറും പെറ്റി കേസ് മാത്രമാണെടുത്തതെന്നു സബ്മിഷനായി വിഷയം കൊണ്ടുവന്ന അനിൽ അക്കര പറഞ്ഞു. മർദനമേറ്റ അനന്തകൃഷ്ണന്റെ പേരിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് എടുത്തു. 

സംഭവത്തിനു മൂകസാക്ഷിയായി നിന്നു ഗണേഷിനെ സഹായിച്ച സിഐയ്ക്കാണ് അന്വേഷണച്ചുമതല. ഗണേഷിനെതിരെ കേസ് എടുക്കാത്ത പൊലീസ് ഇതിൽ പ്രതിഷേധിച്ചു മാർച്ച് നടത്തിയതിനു ഡിസിസി പ്രസിഡന്റ് അടക്കമുള്ളവർക്കെതിരെ കേസ് എടുത്തെന്നും അനിൽ അക്കര പറഞ്ഞു. 

ഊർജിത അന്വേഷണത്തിനു ജില്ലാ പൊലീസ് മേധാവിയെ ചുമതലപ്പെടുത്തിയെന്നു മന്ത്രി പറഞ്ഞു. എംഎൽഎയ്ക്കൊപ്പമുണ്ടായിരുന്ന ആൾ നൽകിയ പരാതിയിൽ അനന്തകൃഷ്ണനെതിരെയും അനന്തകൃഷ്ണന്റെ പരാതിയിൽ ഗണേഷിനെതിരെയും കേസ് എടുത്തിട്ടുണ്ട്. പരാതിക്കാരന്റെ മാതാവ് മജിസ്ട്രേട്ടിനു മുന്നിൽ മൊഴി നൽകി. അന്വേഷിക്കുന്ന സി.ഐയെ സ്ഥലംമാറ്റി. പകരം സതികുമാർ എന്ന സിഐയ്ക്കു ചുമതല നൽകിയതായും മന്ത്രി അറിയിച്ചു.  ഇതിനിടെയാണ് ഇ.പി.ജയരാജൻ, എ.എൻ.ഷംസീർ തുടങ്ങിയവർ ഈ വിഷയം സഭയിൽ ഉന്നയിച്ചതിനെ ചോദ്യം ചെയ്തത്. ഭീഷണിയെല്ലാം കണ്ണൂരിൽ മതിയെന്നു പ്രതിപക്ഷാംഗങ്ങളും തിരിച്ചടിച്ചു.

നിരപരാധി‌: ഗണേഷ്; പിന്തുണച്ചു ജോർജ് 

താൻ നിരപരാധിയാണെന്നും സത്യം തെളിയുമെന്നും കെ.ബി.ഗണേഷ്കുമാർ. സഭയിൽ വിഷയം ഉന്നയിച്ചവർക്ക് ഇക്കാര്യം തന്നോടു നേരിട്ടു തിരക്കാമായിരുന്നു. ‘ഇന്നു ഞാൻ നാളെ നീ’ എന്നേ അവരോടു പറയാനുള്ളൂ. ബൈബിളിലെ സങ്കീർത്തനത്തിൽ പറയുന്നതു പോലെ തന്നെ വേട്ടയാടുകയാണ്. സത്യം തെളിയുമ്പോൾ ഈ സുഹൃത്തുക്കൾക്കു മാറ്റിപ്പറയേണ്ടിവരും. ഈ സർക്കാർ വന്നതു മുതൽ തന്നെ കരിവാരിത്തേക്കാൻ ചില മാധ്യമങ്ങൾ ശ്രമിക്കുകയാണ്. ഇതൊക്കെ ആർക്കു വേണ്ടിയാണെന്നും ഗണേഷ് ചോദിച്ചു. 

മറ്റൊരു സബ്മിഷൻ അവതരിപ്പിച്ച പി.സി.ജോർജ് ഗണേഷിനു പിന്തുണയുമായി വന്നതു കൗതുകമായി. ഗണേഷ്‌ കാറിൽ നിന്ന് ഇറങ്ങുകപോലും ചെയ്യാഞ്ഞിട്ടും അദ്ദേഹത്തിനെതിരെ പ്രചാരണം നടത്തുകയാണെന്നായിരുന്നു ജോർജിന്റെ വാദം.