Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊട്ടിപ്പൊളിഞ്ഞ കോച്ചുകള്‍: കേന്ദ്രത്തിന്റേത് രാഷ്ട്രീയവിവേചനം: പിണറായി

pinarayi-kanjikode-protest കഞ്ചിക്കോട് കോച്ച്‌ ഫാക്ടറി പ്രശ്നത്തിൽ പ്രതിഷേധവുമായി ഇടതുപക്ഷ എംപിമാർ ,റെയിൽഭവനു മുന്നിൽ നടത്തിയ ധർണ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു. പിബി അംഗം മുഹമ്മദ് സലിം ,കെ.സോമപ്രസാദ് എംപി , നിയുക്ത എംപി എളമരം കരീം ,എംപിമാരായ പി.കരുണാകരൻ, എം.ബി.രാജേഷ്, പി.കെ.ശ്രീമതി, കെ.കെ.രാഗേഷ്, ഡോ.എ.സമ്പത്ത്,ജോയ്സ് ജോർജ്, എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ എന്നിവര്‍ സമീപം. ചിത്രം: ജെ.സുരേഷ്∙ മനോരമ

ന്യൂഡൽഹി ∙ ഹരിയാനയിലും ഉത്തർപ്രദേശിലും പുതിയ കോച്ച് ഫാക്ടറിയാകാം; പക്ഷേ, കേരളത്തിനു വേണ്ട എന്ന നിലപാടിലൂടെ കേന്ദ്ര സർക്കാർ കേരളത്തിലെ ജനങ്ങളെ ശിക്ഷിക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

എൽഡിഎഫ് ഭരിക്കുന്നതാണു കാരണം. കേരളത്തിനു കോച്ച് ഫാക്ടറി ആവശ്യമില്ലെന്നാണു പറയുന്നത്. വേണോ എന്നറിയാൻ കേരളത്തിലേക്കു ട്രെയിനിൽ ഒന്നു യാത്ര ചെയ്താൽ മതി. എല്ലാ കോച്ചും പൊട്ടിപ്പൊളിഞ്ഞതാണ്. കേട്ടുകേൾവിയില്ലാത്ത വിവേചനവും ജനാധിപത്യത്തിനു ചേരാത്ത നിലപാടുമാണു കേന്ദ്രത്തിന്റേത്. പ്രശ്നത്തിൽ പ്രധാനമന്ത്രി ഇടപെടണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. കഞ്ചിക്കോട് കോച്ച്‌ ഫാക്ടറി പ്രശ്നത്തിലെ ആശയക്കുഴപ്പം പരിഹരിക്കാനാവശ്യപ്പെട്ട് ഇടതുപക്ഷ എംപിമാർ റെയിൽ ഭവനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പാലക്കാട് കോച്ച്‌ ഫാക്ടറി ഇപ്പോൾ ആവശ്യമില്ലെന്നു‍ റെയിൽമന്ത്രി തന്നെ എം.ബി.രാജേഷ് എംപിയോടു പറഞ്ഞിരുന്നു. ആലോചന തുടരുകയാണെന്ന് അദ്ദേഹം അഭിപ്രായം തിരുത്തിയെങ്കിലും റെയിൽവേ ബോർഡ് വിരുദ്ധ നിലപാടു തുടരുകയാണ്. എംപിമാരായ പി.കരുണാകരൻ, പി.കെ.ശ്രീമതി, എം.ബി.രാജേഷ്, ഡോ.എ.സമ്പത്ത്, ജോയ്സ് ജോർജ്, സി.പി.നാരായണൻ, കെ.കെ.രാഗേഷ്, കെ.സോമപ്രസാദ്, നിയുക്ത എംപി എളമരം കരീം എന്നിവരുടെ നേതൃത്വത്തിലായിരുന്നു ധർണ.

മുഖ്യമന്ത്രിക്കു പുറമെ, എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ, പൊളിറ്റ് ബ്യൂറോ അംഗം സോമപ്രസാദ് എന്നിവർ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു. ഇതേവിഷയത്തിൽ ധർണ നടത്തുമെന്നു യുഡിഎഫ് എംപിമാരും അറിയിച്ചിട്ടുണ്ട്. കഞ്ചിക്കോട്ടു തന്നെ കോച്ച്‌ ഫാക്ടറി സ്ഥാപിക്കണമെന്നാവശ്യപ്പെട്ടു കേന്ദ്രമന്ത്രി പിയൂഷ് ഗോയലിനു മുഖ്യമന്ത്രി കത്തയച്ചിരുന്നു. 2008-09ലെ റെയിൽ ബജറ്റിലാണു കേരളത്തിനു കോച്ച് ഫാക്ടറി പ്രഖ്യാപിച്ചത്.

related stories