Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബവ്റിജസ് ഷോപ്പുകളിൽ വിദേശനിർമിത വിദേശമദ്യം ഒരാഴ്ചയ്ക്കുള്ളിൽ; വിലവിവരപ്പട്ടിക റെഡി

liquor-representational-image

തിരുവനന്തപുരം ∙ ബവ്റിജസ് കടകളിൽ ആദ്യമായി വിൽപനയ്ക്കെത്തുന്ന വിദേശ നിർമിത വിദേശമദ്യത്തിന്റെ വിലവിവരപ്പട്ടിക തയാർ. ആകെ എത്തുന്നത് 17 കമ്പനികളുടെ 147 ഇനങ്ങൾ. 700 മില്ലിലീറ്ററിന് 57,710 രൂപ വിലയുള്ള ഗ്ലെൻഫിഡിഷ് സിംഗിൾ മാൾട്ട് വിസ്കിയാണ് വിലയിൽ മുമ്പൻ. 750 മില്ലിലീറ്റർ 550 രൂപയ്ക്കു കിട്ടുന്ന വൈറ്റ് വൈനാണു പിന്നിൽ. നാളെ മുതൽ ഇവ വിൽക്കാൻ അനുമതിയുണ്ടെങ്കിലും കരാർ ലഭിച്ച കമ്പനികൾ മദ്യം എത്തിച്ചിട്ടില്ല. എക്സൈസ് പെർമിറ്റ് വാങ്ങാനുമുള്ള നടപടിയും ബാക്കി. അതിനാൽ കടകളിൽ മദ്യമെത്താൻ ഒരാഴ്ച കൂടി കാത്തിരിക്കേണ്ടിവരും.

സംസ്ഥാനത്തെ എല്ലാ മദ്യവിൽപന ശാലകളിലും വിദേശി (എഫ്എംഎഫ്എൽ) ലഭ്യമാക്കുമെന്ന് ബവ്റിജസ് കോർപറേഷൻ മാനേജിങ് ഡയറക്ടർ എച്ച്. വെങ്കിടേഷ് പറഞ്ഞു. എന്നാൽ എത്ര സ്റ്റോക്ക് എത്തുമെന്നു വ്യക്തമല്ല. കൂടുതൽ കിട്ടിയാൽ എല്ലായിടത്തും എത്തിക്കും. ഇല്ലെങ്കിൽ സൂപ്പർ മാർക്കറ്റുകളിലും പ്രീമിയം ഒൗട്‌ലെറ്റുകളിലും മാത്രമായിരിക്കും ആദ്യ ഘട്ടത്തിൽ വിൽപന. 200 മില്ലീലീറ്റർ, അര ലീറ്റർ, 750 എംഎൽ, ഒരു ലീറ്റർ എന്നീ നാല് അളവുകളിലാണ് വിദേശിയെത്തുന്നത്. ജോണി വാക്കറിന്റെ റെഡ് ലേബൽ വിസ്കി മാത്രം 375 മില്ലി വാങ്ങാം. അറിയപ്പെടുന്ന രാജ്യാന്തര ബ്രാൻഡുകളിൽ പലതും പട്ടികയിലുണ്ട്. ആദ്യഘട്ടത്തിൽ ഉൾപ്പെടാത്ത ഷിവാസ് റീഗൽ, അബ്സല്യൂട് വോഡ്ക, ജാക് ഡാനിയൽസ്, ബാലന്റൈൻസ് തുടങ്ങിയവ പിന്നീടെത്തും. 

മുഖ്യ ബ്രാൻഡുകളുടെ വില ഇങ്ങനെ:

ജോണി വാക്കർ ബ്ലൂ ലേബൽ വിസ്കി (750 മി.ലീ.) - 20,310 രൂപ 

ബ്ലാക് ലേബൽ (750 മി.ലി.) - 4,000 രൂപ. 200 മി.ലീ.- 1,230 രൂപ 

18 വർഷം പഴക്കം (750 മി.ലീ.) - 7,710 രൂപ 

ഡബിൾ ബ്ലാക് (750 മി.ലീ.) - 4,720 രൂപ 

ഗോൾഡ് ലേബൽ (750 മി.ലീ.) - 6,110 രൂപ 

റെഡ് ലേബൽ (750 മി.ലീ.) 1,950 രൂപ. 375 മി.ലീ. - 1,120 രൂപ 

റെമി മാർട്ടിൻ ഫൈൻ ഷാംപെയ്ൻ കോനിയാക് വിഎസ്ഒപി (700 മി.ലീ.) - 8,220 രൂപ 

നെപ്പോളിയൻ ബ്രാൻഡി (700 മി.ലീ.) - 1,740 രൂപ 

ഡീവാർസ് സ്കോച്ച് വിസ്കി (750 മി.ലീ) - 4,310 രൂപ 

ഗ്രേ ഗൂസ് വോഡ്ക (750 മി.ലീ.) - 4,510 രൂപ 

ഗ്ലെൻഫിഡിഷ് സിംഗിൾ മാൾട്ട് വിസ്കി (700 മി.ലീ.) - 57,510 രൂപ 

ഗോഡ്സ് ഓൺ ഫ്രെഞ്ച് വിഎസ്ഒപി ബ്രാൻഡി (750 മി.ലീ.) - 1,480 രൂപ 

ടീച്ചേഴ്സ് ഹൈലാൻഡ് ക്രീം (1 ലീറ്റർ) - 2,120 രൂപ 

റിനൈസെൻസ് വിഎസ്ഒപി ബ്രാൻഡി (700 മി.ലീ.) - 1,980 രൂപ 

സർ പീറ്റേഴ്സൺ ഫൈനസ്റ്റ് സ്കോച്ച് വിസ്കി (700 മി.ലീ.) - 1,990 രൂപ 

റോയൽ എഡിൻബർഗ് സ്കോച്ച് വിസ്കി (700 മി.ലീ.) - 1,590 രൂപ 

ഫ്രാങ്കോയിസ് മാർട്ടിൻ കോനിയാക് (700 മി.ലീ.) 5,480 രൂപ 

ഗോഡ്സ് ഓൺ വൈറ്റ് വൈൻ, റെഡ് വൈൻ (750 മി.ലീ.) - 550 രൂപ.