Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആയുർവേദ, ഹോമിയോ വിദ്യാർഥികൾക്ക് അലോപ്പതിയിൽ പരിശീലനം നൽകണമെന്ന് ആരോഗ്യവകുപ്പ്

STETH

തിരുവനന്തപുരം∙ ആയുർവേദ, ഹോമിയോ മെഡിക്കൽ വിദ്യാർഥികൾക്ക് അലോപ്പതിയിൽ പരിശീലനം നൽകാൻ സംസ്ഥാന ആരോഗ്യവകുപ്പിന്റെ ഉത്തരവ്. സർജറി, ഗൈനക്കോളജി, പോസ്റ്റ്മോർട്ടം എന്നിവയിലാവും പരിശീലനം. മൂന്നുമുതൽ ആറുമാസം വരെ പരിശീലനം നൽകാനാണു തീരുമാനം. എന്നാൽ ഈ വിദ്യാർഥികൾക്കു പരിശീലന സർട്ടിഫിക്കറ്റ് നൽകുന്നത് ഉൾപ്പെടെ കാര്യങ്ങളിൽ വിശദീകരണം വന്നിട്ടില്ല.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനെ ഒഴിവാക്കി ആരോഗ്യ ഡയറക്ടറേറ്റിനു കീഴിലുള്ള ജില്ല, ജനറൽ ആശുപത്രികളിലാണു പരിശീലനം. സർക്കാർ തീരുമാനത്തിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഉൾപ്പെടെ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. സർക്കാർ പിൻവാതിലിലൂടെ സങ്കരവൈദ്യം പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് ആരോപണം.

ആയുർവേദ, ഹോമിയോ വിദ്യാർഥികൾക്ക് അലോപ്പതിയിൽ പരിശീലനം നൽകണമെന്ന ശുപാർശയ്ക്കു മൂന്നരപ്പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. നീക്കങ്ങൾ ഉണ്ടായപ്പോഴൊക്കെ അലോപ്പതി ഡോക്ടർമാർ സമരരംഗത്തിറങ്ങിയാണു പിൻവലിപ്പിച്ചത്. ആയുർവേദ, ഹോമിയോ വിദ്യാർഥികൾക്ക് അലോപ്പതിയിൽ പരിശീലനത്തിന് അവസരമൊരുക്കാൻ സിപിഎം തീരുമാനിച്ചിരുന്നു. എസ്എഫ്ഐയാണ് ഇതിനുപിന്നിൽ. എം.സ്വരാജ് എംഎൽഎ ഇക്കാര്യം നിയമസഭയിൽ ആവശ്യപ്പെട്ടിരുന്നു.

ആയുഷ് (ആയുർവേദം, യുനാനി, ഹോമിയോപ്പതി, യോഗ, സിദ്ധ) ഡോക്ടർമാർക്ക് ഒരു വർഷം അലോപ്പതി പഠനത്തിന് അവസരം നൽകാനുള്ള നീക്കം സമ്മർദങ്ങൾക്കൊടുവിൽ കേന്ദ്രം പിൻവലിച്ചിരുന്നു. ദേശീയ മെഡിക്കൽ കമ്മിഷൻ ബില്ലിലെ ഈ നിർദേശത്തിനെതിരെ ഡോക്ടർമാരുടെ സമരത്തിനൊടുവിലാണു സർക്കാർ പിന്മാറിയത്.

രാജ്യത്തെ ഡോക്ടർമാരുടെ കുറവു പരിഹരിക്കാനാണ് ഒരു വർഷത്തെ അലോപ്പതി പഠനം അനുവദിക്കുന്നതെന്ന് അന്നു കേന്ദ്രം വാദിച്ചിരുന്നു. അതിനുപിന്നാലെയാണു കേരളം പരിശീലനത്തിന് അവസരം നൽകാൻ തീരുമാനിച്ചത്.

related stories