Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അരിയെത്ര, പയറഞ്ഞാഴി! മഴക്കെടുതി,യുഎസ്... പരിഹാസമുന വച്ച് പ്രധാനമന്ത്രി

Pinarayi-Vijayan തണലുതേടി വന്നതാണ് സർ..: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർവകക്ഷി സംഘം പ്രധാനമന്ത്രിയെ സന്ദർശിച്ച ശേഷം വിജയ്ചൗക്കിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കിക്കുന്നു. കൊടുംചൂടിൽ നിന്നു രക്ഷതേടാൻ മരച്ചുവട്ടിലേക്കു കയറി നിന്നാണ് നേതാക്കൾ മാധ്യമപ്രവർത്തകരോടു സംസാരിച്ചത്. ചിത്രം: സിബി മാമ്പുഴക്കരി ∙ മനോരമ

ന്യൂഡൽഹി∙ കേരളത്തിൽ നിന്നുള്ള സർവകക്ഷി സംഘത്തെ നയിച്ച മുഖ്യമന്ത്രി പിണറായി വിജയനെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടതു പരിഹാസമുന വച്ച കുശലാന്വേഷണത്തിലൂടെ. റേഷനരി വിഹിതവും കാലവർഷക്കെടുതിയും അടക്കമുള്ള ഗൗരവമേറിയ പ്രശ്നങ്ങൾ അവതരിപ്പിക്കുന്നതിനിടെ മുഖ്യമന്ത്രിയുടെ യുഎസ് സന്ദർശനത്തെക്കുറിച്ചായിരുന്നു പ്രധാനമന്ത്രിയുടെ ആവർത്തിച്ചുള്ള ചോദ്യങ്ങൾ. കാലവർഷക്കെടുതിയെക്കുറിച്ചു പറഞ്ഞപ്പോൾ അതു സംബന്ധിച്ച റിപ്പോർട്ടുകൾ  അതതു ദിവസം തന്നെ തങ്ങൾക്കു ലഭിക്കുന്നുണ്ടെന്നായിരുന്നു മറുപടി. 

യുഎസിലായിപ്പോയ മുഖ്യമന്ത്രിയെക്കുറിച്ചായിരുന്നു തങ്ങളുടെ ആശങ്കയെന്നും പറഞ്ഞു. കാലവർഷക്കെടുതി ബാധിച്ച സ്ഥലങ്ങളിലേക്കു പോകാൻ സമയം ലഭിച്ചോയെന്നും അദ്ദേഹം മുഖ്യമന്ത്രിയോടു ചോദിച്ചു. രാഷ്ട്രീയം ചൂണ്ടിക്കാട്ടി പല പ്രശ്നങ്ങളിൽ നിന്നും ഒഴിഞ്ഞുമാറാനും ശ്രമമുണ്ടായി. 

ഭക്ഷ്യഭദ്രതാ നിയമം കൊണ്ടുവന്നതു കോൺഗ്രസും പിന്തുണച്ചതു സിപിഎമ്മുമാണെന്നു ചൂണ്ടിക്കാട്ടിയാണു റേഷനരി വിഷയത്തിൽ മോദി ഒഴിഞ്ഞുമാറിയത്. രാഷ്ട്രീയ–പരസ്പര ബഹുമാനത്തോടെയായിരുന്നില്ല ചർച്ചയിൽ പ്രധാനമന്ത്രിയുടെ പെരുമാറ്റമെന്നു പല നേതാക്കളും പറഞ്ഞു. 

മുഖ്യമന്ത്രിക്കു കത്തു നൽകിയതു ശരിയായില്ലെന്നും ഇതിൽനിന്നു തന്നെ പ്രധാനമന്ത്രിയുടെ ദുരൂഹ രീതി വ്യക്തമാണെന്നും എൻ.കെ.പ്രേമചന്ദ്രൻ എംപി അടക്കമുള്ളവർ  പ്രതികരിച്ചു. പ്രധാനമന്ത്രിയുടെ സമീപനം നിരാശപ്പെടുത്തിയെന്നായിരുന്നു കെപിസിസി അധ്യക്ഷൻ എം.എം. ഹസന്റെ പ്രതികരണം.

മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും പുറമേ ചീഫ് സെക്രട്ടറി ടോം ജോസും സർവകക്ഷി സംഘത്തെ അനുഗമിച്ചു. മറ്റ് അംഗങ്ങൾ: മന്ത്രിമാരായ പി.തിലോത്തമൻ, ജി.സുധാകരൻ, രാമചന്ദ്രൻ കടന്നപ്പള്ളി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.എം.ഹസൻ ‍(കോൺഗ്രസ്), പി.കരുണാകരൻ (സിപിഎം), എ.എൻ. രാധാകൃഷ്ണൻ(ബിജെപി), ഇ.ടി.മുഹമ്മദ് ബഷീർ (മുസ്‌ലിം ലീഗ്), ജോസ് കെ.മാണി (കേരള കോൺഗ്രസ് എം), എൻ.കെ.പ്രേമചന്ദ്രൻ (ആർഎസ്പി), കെ.പ്രകാശ്ബാബു (സിപിഐ), എം.പി. വീരേന്ദ്രകുമാർ (ജെഡിയു), സി.കെ.നാണു  (ജനതാദൾ എസ്), തോമസ് ചാണ്ടി (എൻസിപി), കോവൂർ കുഞ്ഞുമോൻ (ആർഎസ്പി ലെനിനിസ്റ്റ്), അനൂപ് ജേക്കബ് (കേരള കോൺഗ്രസ് ജേക്കബ്), പി.സി.ജോർജ്, എം.കെ.കണ്ണൻ (സിഎംപി), സി.വേണുഗോപാലൻ നായർ (കേരള കോൺഗ്രസ് ബി).

പ്രധാനമന്ത്രിയുടെ പ്രതികരണങ്ങളിൽ  രാഷ്ട്രീയമുണ്ടോ എന്നതിന് ഈ അവസരത്തിൽ മറുപടി നൽകുന്നില്ല. അതേസമയം, കേരളം ഉന്നയിച്ച വിഷയങ്ങളിലൊന്നും അനുകൂല മറുപടിയുണ്ടായില്ലെന്ന തോന്നലാണു സർവകക്ഷി സംഘത്തിനുള്ളത്. - പിണറായി വിജയൻ, മുഖ്യമന്ത്രി

കേരളത്തിന്റെ ആവശ്യങ്ങളോട് ഒഴുക്കൻ മട്ടിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണങ്ങൾ. ആശാവഹമായ പുരോഗതി ഒരു കാര്യത്തിലുമുണ്ടാകാത്തതിൽ പ്രയാസമുണ്ട്. വ്യക്തമായ ഒരു ഉറപ്പും ലഭിച്ചില്ല. - രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ്

അരി വിഹിതത്തിന്റെ കാര്യത്തിൽ എല്ലാ സംസ്ഥാനങ്ങളെയും പോലെ കേരളത്തെയും പരിഗണിക്കുമെന്നാണു പ്രധാനമന്ത്രി പറഞ്ഞത്. അമേരിക്കയിൽ നിന്നു മടങ്ങിവന്ന മുഖ്യമന്ത്രി തട്ടിക്കൂട്ടു നിവേദനമാണു പ്രധാനമന്ത്രിക്കു നൽകാൻ തയാറാക്കിയത്. - എ.എൻ.രാധാകൃഷ്ണൻ, ബിജെപി

related stories