മന്ത്രിസഭാ അഴിച്ചുപണിയിൽ നഷ്ടം ജലീലിനും രവീന്ദ്രനാഥിനും

തിരുവനന്തപുരം∙ മന്ത്രിസഭാ അഴിച്ചുപണിയിൽ നഷ്ടം കെ.ടി.ജലീലിനും സി.രവീന്ദ്രനാഥിനും. സിപിഎമ്മിനു രാഷ്ട്രീയ താൽപര്യങ്ങൾ കൂടിയുള്ള തദ്ദേശസ്വയംഭരണവകുപ്പു കൈകാര്യം ചെയ്യുന്ന രീതിക്കെതിരെ പാർട്ടി സംസ്ഥാന സമ്മേളനത്തിൽതന്നെ വിമർശനമുണ്ടായി. പാർട്ടി അംഗമല്ലാത്ത സിപിഎമ്മിന്റെ ഏക മന്ത്രിയെന്നത് ആക്ഷേപങ്ങളുടെ കുത്തൊഴുക്ക് എളുപ്പമാക്കി. പാർട്ടിയും സർക്കാരും മുൻഗണന നൽകുന്ന നാലു മിഷനുകൾ അവതാളത്തിലായത് അന്തിമമായി മാറ്റത്തിനു സിപിഎമ്മിനെ പ്രേരിപ്പിച്ചു. 

എ.സി.മൊയ്തീൻ ചുരുങ്ങിയ കാലം കൊണ്ടുതന്നെ കാര്യക്ഷമത പ്രകടിപ്പിച്ചുവെങ്കിലും ജയരാജൻ തിരിച്ചുവന്നതോടെ അദ്ദേഹം നേരത്തേ കൈകാര്യം ചെയ്തിരുന്ന വ്യവസായവും സ്പോർട്സും കൈമാറേണ്ടി വരുന്നു. 

വിദ്യാഭ്യാസവകുപ്പു രണ്ടായി വിഭജിക്കാൻ മന്ത്രിസഭാ രൂപീകരണവേളയിൽ തന്നെ സിപിഎം ആലോചിച്ചിരുന്നു. മന്ത്രിമാരുടെ എണ്ണം 19 ആക്കി നിജപ്പെടുത്തിയതോടെ അതു വേണ്ടെന്നുവച്ചു. ഏറെ പ്രതീക്ഷയോടെ പാർട്ടി വിദ്യാഭ്യാസവകുപ്പ് ഏൽപിച്ച രവീന്ദ്രനാഥിനു പൊതുവിദ്യാഭ്യാസത്തിലൊതുങ്ങേണ്ടിവരുന്നു.