ചെലവു ചുരുക്കൽ വാദം മറന്നു; കാബിനറ്റ് റാങ്കുകാരുടെ എണ്ണത്തിൽ യുഡിഎഫും എൽഡിഎഫും സമം

ആർഭാടം ഒഴിവാക്കാനായി 20 മന്ത്രിമാർ മതിയെന്നു തീരുമാനിച്ച് അധികാരമേറ്റ പിണറായി സർക്കാർ ഇപ്പോൾ ചീഫ് വിപ്പിനെക്കൂടി നിയമിക്കാൻ തീരുമാനിച്ചതോടെ കാബിനറ്റ് റാങ്കുകാരുടെ എണ്ണത്തിന്റെ കാര്യത്തിൽ കഴിഞ്ഞ യുഡിഎഫ് സർക്കാരും ഇൗ എൽഡിഎഫ് സർക്കാരും സമൻമാരായി. ചെലവും തുല്യം. 140 അംഗ നിയമസഭയിൽ അതിന്റെ 15% മന്ത്രിമാരെയാണു നിയമിക്കാൻ കഴിയുക. 20 മന്ത്രിമാരുമായി അധികാരമേറ്റ യുഡിഎഫ് സർക്കാർ പിന്നീട് ലീഗിന് ഒരു മന്ത്രിസ്ഥാനം കൂടി നൽകിയതോടെ മന്ത്രിമാരുടെ എണ്ണം 21ൽ എത്തി. പി.സി.ജോർജിനെ ചീഫ് വിപ്പായും ആർ. ബാലകൃഷ്ണപിള്ളയെ മുന്നാക്ക വികസന കോർപറേഷൻ ചെയർമാനായും നിയമിച്ചപ്പോൾ കാബിനറ്റ് റാങ്കുകാർ 23 ആയി. 

ഇ.പി.ജയരാജൻ മടങ്ങിയെത്തുന്നതോടെ എൽഡിഎഫ് മന്ത്രിമാർ വീണ്ടും 20 ആയി. ഭരണ പരിഷ്കാര കമ്മിഷൻ ചെയർമാനായ വി.എസ്.അച്യുതാനന്ദനും മുന്നാക്ക വികസന കോർപറേഷൻ ചെയർമാനായ ബാലകൃഷ്ണപിള്ളയ്ക്കും ഇപ്പോൾ ക്യാബിനറ്റ് റാങ്കുണ്ട്. ചീഫ് വിപ്പായി സിപിഐ പ്രതിനിധി കൂടി വരുന്നതോടെ ആകെ കാബിനറ്റ് റാങ്കുകാർ യുഡിഎഫ് കാലത്തേതു പോലെ 23 ആയി പെരുകി.