Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇ.പി.ജയരാജന് ഔദ്യോഗിക വസതിയായില്ല; തങ്ങളുടെ കെട്ടിടം വിട്ടുനൽകില്ലെന്ന് ഐഎഎസുകാർ

E.P. Jayarajan

തിരുവനന്തപുരം∙ വീണ്ടും മന്ത്രിയായി മടങ്ങിയെത്തിയ ഇ.പി.ജയരാജനു താമസിക്കാൻ നഗരത്തിൽ ഒൗദ്യോഗിക വസതിയില്ല. മന്ത്രിമന്ദിരങ്ങളൊന്നും ഒഴിവില്ലാത്തതിനാൽ വെറുതെ കിടക്കുന്ന സിവിൽ സർവീസ് ഓഫിസേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഒഴിഞ്ഞുകൊടുക്കാൻ സർക്കാർ ആവശ്യപ്പെട്ടെങ്കിലും പറ്റില്ലെന്ന നിലപാടിലാണ് ഐഎഎസ് ഉന്നതർ. വൈകുന്നേരങ്ങളിൽ‌ ഉന്നത ഉദ്യോഗസ്ഥർ സമയം ചെലവിടാനെത്തുന്ന ഇൗ മന്ദിരം ലക്ഷങ്ങൾ മുടക്കി സർക്കാർ നവീകരിച്ചിരുന്നു.

ഗോൾഫ് ക്ലബിലെ മനോഹരമായ ഇൗ കെട്ടിടം ഒരിക്കൽ വിട്ടുകൊടുത്താൽ പിന്നെ തിരികെ കിട്ടില്ലെന്നു കരുതിയാണ് ഐഎഎസ് ഉന്നതർ എതിർപ്പ് അറിയിച്ചത്. ഇതോടെ മന്ത്രി ജയരാജനായി വാടക വീടു കണ്ടെത്തേണ്ട സ്ഥിതിയായി. ഇതിനായി പൊതുഭരണ വകുപ്പ് നഗരത്തിലെ മികച്ച സൗകര്യമുള്ള വീടുകൾക്കായി അന്വേഷണം തുടങ്ങി. പിണറായി മന്ത്രിസഭ അധികാരമേറ്റപ്പോൾ വിമൻസ് കോളജ് ജംക്‌ഷനിലെ ‘സാനഡു’വാണ് ജയരാജനു നൽകിയിരുന്നത്.

അദ്ദേഹം രാജിവച്ചതോടെ ഒഴിഞ്ഞ ഇൗ വീട് പിന്നീടു മന്ത്രി എം.എം.മണിക്കു കൈമാറുകയായിരുന്നു. ആരോഗ്യ മന്ത്രി കെ.കെ.ശൈലജ മാസങ്ങൾക്കു മുൻപ് ഒഴിഞ്ഞ നോർത്ത് സാൻവിജ് ബ്ലോക്കിന്റെ മൂന്നാം നിലയിലെ 216-ാം നമ്പർ മുറിയാണ് മന്ത്രി ഇ.പി.ജയരാജന്റെ പുതിയ ഓഫിസ്. ശൈലജയുടെ ഓഫിസ് ഇപ്പോൾ അനെക്സ് മന്ദിരത്തിലാണ്. മുൻപു മുഖ്യമന്ത്രിക്കു സമീപത്തായിരുന്ന ജയരാജന്റെ ഓഫിസ് പിന്നീടു മന്ത്രി എ.സി.മൊയ്തീനു കൈമാറിയിരുന്നു. ജയരാജന്റെ പഴയ പത്താം നമ്പർ വണ്ടി എം.എം.മണിക്കു നൽകിയതിനാൽ ഇപ്പോൾ 25-ാം നമ്പർ അനുവദിച്ചു.

related stories