Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയം തിരഞ്ഞെ‌ടുപ്പ് ഒരുക്കത്തെ ബാധിക്കരുതെന്നു സിപിഐ

തിരുവനന്തപുരം∙ പ്രളയക്കെടുതി ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളെ ബാധിക്കാതെ നോക്കണമെന്നു സിപിഐ. ഇന്നലെ ആരംഭിച്ച സിപിഐ നിർവാഹകസമിതി യോഗത്തിന്റെ പ്രവർത്തന റിപ്പോർട്ടിലാണു നിർദേശം. ചീഫ് വിപ്‌ പദവി സംബന്ധിച്ച ചർച്ച യോഗത്തിന്റെ അജൻഡയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇന്നും നാളെയും സംസ്ഥാന കൗൺസിൽ ചേരും.

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ പാർട്ടിയും ഊർജിതമായി നടത്തുന്നുവെന്ന വിലയിരുത്തൽ റിപ്പോർട്ടിലുണ്ട്. അതേസമയം ഇതിനിടയിലും തിരഞ്ഞെടുപ്പു സംബന്ധിച്ച യോഗങ്ങൾ നടക്കുന്നതും റിപ്പോർട്ട് ചെയ്തു. ബൂത്ത് കൺവീനർമാർ മുതൽ മുകളിലേക്കുള്ള പ്രധാന ഭാരവാഹികൾ പങ്കെടുക്കുന്ന യോഗങ്ങൾ 20 മണ്ഡലങ്ങളിലും വിളിക്കും. സിപിഐ മത്സരിക്കുന്ന നാലു മണ്ഡലങ്ങളിലെ ഈ യോഗങ്ങളിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നേരിട്ടു പങ്കെടുക്കും.

ലോക്സഭാ തിരഞ്ഞെടുപ്പു നേരത്തേയുണ്ടായേക്കാമെന്നാണു സിപിഐ കരുതുന്നത്. എൽഡിഎഫ് അനുവദിച്ച ചീഫ് വിപ്‌ സ്ഥാനം തൽക്കാലം ഏറ്റെടുക്കേണ്ടതില്ലെന്ന ധാരണയാണു സിപിഐ നേതൃത്വത്തിനുള്ളത്.ഇപ്പോഴേറ്റെടുക്കുന്നത് പ്രതിച്ഛായക്കു ദോഷം ചെയ്യുമെന്ന അനുമാനത്തിന്റെ അടിസ്ഥാനത്തിലാണിത്.