ആസ്തി നഷ്ടം 25,000 കോടി; 20,000 കോടി കടമെടുക്കുന്നു

തിരുവനന്തപുരം∙ സംസ്ഥാനത്തെ അടിസ്ഥാനസൗകര്യ മേഖലയിൽ മാത്രം പ്രളയം 25,000 കോടിയുടെ നാശം വിതച്ചെന്നു ധനവകുപ്പിന്റെ കണക്കെടുപ്പ്. റോഡ്, പാലങ്ങൾ, കെട്ടിടങ്ങൾ, ബണ്ടുകൾ, കുടിവെള്ള പദ്ധതികൾ, വൈദ്യുതി കണക‌്ഷനുകൾ, വിള, കന്നുകാലികൾ തുടങ്ങിയവയുടെ നാശത്തിന്റെ കണക്കാണിത്. പുനർനിർമാണത്തിനും അറ്റകുറ്റപ്പണി നടത്താനും 20,000 കോടി രൂപയെങ്കിലും വേണ്ടിവരും.

നികുതി അടക്കമുള്ള മുഖ്യ വരുമാന സ്രോതസ്സുകളെല്ലാം പ്രതിസന്ധിയിലായതിനാൽ 20,000 കോടി കടമെടുക്കാനാണ് ആലോചന. ഓരോ പദ്ധതിക്കായി വേണ്ടിവരുന്ന ചെലവും ഇതിന് എങ്ങനെ പണം സമാഹരിക്കുമെന്നും നിർദേശിക്കാൻ കെപിഎംജിയോടു സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. നിർമാണപ്രവൃത്തികളുടെ നടത്തിപ്പ് കാര്യക്ഷമവും സമയബന്ധിതവുമാക്കുന്നതിനും പ്രത്യേക ചട്ടങ്ങളും തയ്യാറാക്കും.

ഒൻപതു ശതമാനം വരെ പലിശ നൽകേണ്ടതിനാൽ ഇന്ത്യൻ കമ്പോളത്തിൽ ബോണ്ടിറക്കി അധികം പണം കടമെടുക്കില്ല. പകരം രണ്ടു മുതൽ മൂന്നു ശതമാനം വരെ പലിശയ്ക്ക് ലോകബാങ്ക്, എഡിബി തുടങ്ങിയ ഏജൻസികളിൽ നിന്ന് 5000 കോടി രൂപ വായ്പയെടുക്കാനാണു ശ്രമം. ബാക്കി നബാർഡ്, ഹഡ്കോ, എൻസിഡിസി തുടങ്ങിയ ഏജൻസികളിൽനിന്നും ഇന്ത്യൻ കമ്പോളത്തിൽനിന്നും കടമെടുക്കും.

∙ ഉടൻ വേണ്ടത് 16,000 കോടി

വീടുകളുടെ പുനർനിർമാണം- 3000 കോടി

ഉപജീവന സഹായം- 3000 കോടി

അറ്റകുറ്റപ്പണിയും മറ്റും- 10,000 കോടി

∙ മുൻഗണന ഇവയ്ക്ക്

റോഡുകൾ, പാലങ്ങൾ- 12,000 കോടി

കടൽഭിത്തി, തുറമുഖം- 2000 കോടി

കുട്ടനാട് പദ്ധതി- 1000 കോടി

നദീതട സംരക്ഷണം- 2000 കോടി

കുടിവെള്ള പദ്ധതി- 1000 കോടി

∙ കിട്ടിയതും കിട്ടാനുള്ളതും

കേന്ദ്രം തന്നത്- 600 കോടി, ഇനി പ്രതീക്ഷിക്കുന്നത്- 4000 കോടി

ദുരിതാശ്വാസ നിധി- 1100 കോടി

അധിക മദ്യനികുതി- 750 കോടി

10% എസ്ജിഎസ്ടി സെസ്- 800 കോടി

ജീവനക്കാരുടെ വിഹിതം- 300 കോടി

കടമെടുക്കാതെ വഴിയില്ല : മന്ത്രി തോമസ് ഐസക്

20,000 കോടി രൂപ കണ്ടെത്താൻ‌ വായ്പയെടുക്കുകയേ നിർവാഹമുള്ളൂ. നിലവിൽ, സംസ്ഥാന ആഭ്യന്തരവരുമാനത്തിന്റെ മൂന്നു ശതമാനം വരെയേ വായ്പയെടുക്കാൻ കഴിയൂ. ഇത് 4.5% ആക്കി ഉയർത്താൻ കേന്ദ്രം അനുവദിച്ചാൽ 15,175 കോടി രൂപ അധിക വായ്പ എടുക്കാനാകും. എന്നാൽ, കേന്ദ്ര അനുമതി ലഭിക്കുമെന്ന് ഉറപ്പില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലൂടെയും ഒരു മാസത്തെ വരുമാനം സംഭാവന ചെയ്യുന്ന പദ്ധതിവഴിയും നികുതി ഉയർത്തിക്കൊണ്ടും റവന്യുവരവ് വർധിപ്പിക്കാൻ ശ്രമിക്കും. ‌