Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊതു പരിപാടികൾ ഒഴിവാക്കി പി.കെ. ശശി; പുറത്തു പറയുന്ന കാരണം അനാരോഗ്യം, പാർട്ടി വിലക്കെന്ന് സൂചന

PK-Sasi

പാലക്കാട്∙ കമ്യൂണിസ്റ്റ് ആരോഗ്യത്തോടെ എല്ലാം നേരിടുമെന്ന് ആവർത്തിച്ച് പറഞ്ഞ പി.കെ. ശശി എംഎൽഎ അനാരോഗ്യം മൂലമെന്നു പറഞ്ഞ് ഇന്നലെ പങ്കെടുക്കേണ്ടിയിരുന്ന പൊതുപരിപാടികളെല്ലാം റദ്ദാക്കി.

എന്നാൽ, ആരോപണം ഉയർന്ന ശേഷം ശശി നടത്തിയ പല പ്രസ്താവനകളും പാർട്ടിക്കു ക്ഷീണമുണ്ടാക്കിയെന്ന വിലയിരുത്തൽമൂലവും അന്വേഷണ കമ്മിഷനെ നിശ്ചയിച്ചതിനാലും എല്ലാ പൊതുപരിപാടികളും സംഘടനാ പരിപാടികളും ഒഴിവാക്കാൻ സംസ്ഥാന നേതൃത്വം ജില്ലാ സെക്രട്ടറിയെ അറിയിച്ചെന്നാണു സൂചന. ഇക്കാര്യം ജില്ലാ സെക്രട്ടറി പി.കെ.ശശിയെയും ചെർപ്പുളശ്ശേരി ഏരിയ നേതൃത്വത്തെയും ഇന്നലെ രാവിലെ അറിയിച്ചു. ഇതേ തുടർന്നാണു ചെർപ്പുളശ്ശേരി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടക്കേണ്ടിയിരുന്ന പൊതുപരിപാടി റദ്ദാക്കാൻ തീരുമാനിച്ചത്. ഇന്നലെ നടത്താനിരുന്ന ചെർപ്പുളശ്ശേരി ഏരിയാ കമ്മിറ്റി യോഗവും ഉപേക്ഷിച്ചു.

ഭൂരിഭാഗം ഏരിയാ കമ്മിറ്റി അംഗങ്ങളും സ്ഥലത്തില്ലാതിരുന്നിട്ടും കഴിഞ്ഞദിവസം തന്റെ നിലപാട് വ്യക്തമാക്കാൻ ശശി വിളിച്ചുചേർത്ത ഏരിയാ കമ്മിറ്റിക്ക് എത്തിയതു മൂന്നുപേർ മാത്രമായിരുന്നു. തുടർന്നാണു ശശിയുടെ നേതൃത്വത്തിൽ തന്നെ ഇന്നലെ യോഗം നടത്താൻ നിശ്ചയിയിച്ചത്. എന്നാൽ ആരോപണം നേരിടുന്നയാൾ ഏരിയാ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കുന്നതിൽ ഭൂരിഭാഗം അംഗങ്ങൾക്കും എതിർപ്പുണ്ടായിരുന്നെന്നാണു സൂചന.

പാർട്ടി കമ്മിറ്റികൾ തന്റെ കൈപ്പിടിയിലെന്നു വരുത്താനുള്ള ശ്രമമാണു ഭൂരിഭാഗം അംഗങ്ങളും പാർട്ടി പരിപാടിയിൽ പങ്കെടുക്കാൻ ഡൽഹിയിൽ പോയ സമയത്തു തന്നെ ധൃതിപിടിച്ച് ഏരിയാ കമ്മിറ്റി യോഗം വിളിച്ചതിനു പിന്നിലെന്നും ചില അംഗങ്ങൾക്ക് അഭിപ്രായമുണ്ട്.

ഷൊർണൂർ നിയോജകമണ്ഡലത്തിന്റെ ഭൂരിഭാഗവും ചെർപ്പുളശ്ശേരി ഏരിയാ കമ്മിറ്റിക്കു കീഴിലാണു വരുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു തദ്ദേശ സ്ഥാപനങ്ങളിൽനിന്നു ഫണ്ട് സ്വരൂപിക്കുന്നതിനു പാലക്കാട്ടു മന്ത്രി എ.കെ. ബാലന്റെ സാന്നിധ്യത്തിൽ നടന്ന ജില്ലാതല പരിപാടിയിലും ശശി എത്തിയില്ല.

related stories