Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംസ്ഥാനത്തു ഭരണം നിശ്ചലം: ചെന്നിത്തല

chennithala-thump

തിരുവനന്തപുരം∙ പത്തുദിവസമായി സംസ്ഥാനത്തു ഭരണം നിശ്ചലമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയും സിപിഎമ്മും ചേർന്നു സംസ്ഥാനത്തെ അനാഥമാക്കി. മുഖ്യമന്ത്രി ചികിൽസയ്ക്കായി വിദേശത്തേക്കു പോയ ശേഷം മന്ത്രിസഭായോഗം ചേർന്നിട്ടില്ല. അദ്ദേഹം പോയശേഷം ആദ്യ മന്ത്രിസഭായോഗം അജൻഡയിലില്ലെന്ന കാരണം പറഞ്ഞാണു കൂടാതിരുന്നത്. ഈ ആഴ്ചയും ചേരുന്നില്ല. ഇതു ഗുരുതരമായ വീഴ്ചയാണ്.

തമിഴ്നാട്ടിൽ ജയലളിത ആശുപത്രിയിൽ കിടന്നപ്പോൾ ഉണ്ടായ ഭരണപ്രതിസന്ധിയാണ് ഇവിടെയും. മുഖ്യമന്ത്രിയുടെ ചുമതല ആർക്കും നൽകാത്തതാണു പ്രതിസന്ധിക്കു കാരണം. സർക്കാരിനു ജനങ്ങളോട് ഉത്തരവാദിത്തമില്ലെന്നതിന്റെ തെളിവാണിത്. മന്ത്രി ഇ.പി.ജയരാജനു മന്ത്രിസഭായോഗത്തിൽ അധ്യക്ഷത വഹിക്കാമെന്നുള്ള ഉത്തരവിനു സാധുത ഇല്ല. ജയരാജൻ അധ്യക്ഷത വഹിക്കുന്നതിൽ പല സീനിയർ മന്ത്രിമാർക്കും എതിർപ്പുണ്ട്. ജയരാജൻ മന്ത്രിസഭാ അധ്യക്ഷത വഹിക്കുമെന്ന കാര്യം മുഖ്യമന്ത്രി സിപിഐ മന്ത്രിമാരോടു സംസാരിച്ചിട്ടുമില്ല. മന്ത്രിസഭാ യോഗം ചേരാൻ തയാറാകാത്തത് ഇതെല്ലാം സത്യമാണെന്നതിന്റെ തെളിവാണ്.

സുനാമി ഉണ്ടായ കാലത്ത് എല്ലാ ദിവസവും അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മന്ത്രിസഭാ യോഗം ചേരുമായിരുന്നു. മന്ത്രിസഭാ ഉപസമിതി എടുക്കുന്ന ഒരു തീരുമാനവും നിയമപരമായി നിലനിൽക്കുന്നതല്ല. മന്ത്രിസഭ എടുക്കേണ്ട തീരുമാനങ്ങൾ മന്ത്രിസഭ തന്നെ എടുക്കണം. കേരളത്തിന്റെ പുനർനിർമാണം 10 ദിവസമായി എവിടെ നിൽക്കുന്നു എന്നു വിലയിരുത്തണം. ഉദ്യോഗസ്ഥർ തമ്മിലും മന്ത്രിമാർ തമ്മിലും അഭിപ്രായ വ്യത്യാസമാണ്. ഉദ്യോഗസ്ഥരെ നിയന്ത്രിക്കാൻ ആരും ഇല്ല. ദുരിതാശ്വാസത്തിനുള്ള സഹായം അനർഹരായ പലരും ഏറ്റുവാങ്ങുകയാണ്. സർക്കാർ നൽകിയ കിറ്റുകളിൽ പത്തിൽ താഴെ സാധനങ്ങളാണുള്ളതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. 

ജലന്തർ ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരെയുള്ള കേസിന്റെ നിജസ്ഥിതി പൊതുസമൂഹത്തെ ബോധ്യപ്പെടുത്താൻ സർക്കാരിനു ബാധ്യതയുണ്ട്. കന്യാസ്ത്രീകൾ നടത്തുന്ന സമരത്തിനു പ്രതിപക്ഷത്തിന്റെ പിന്തുണയുടെയോ പിന്തുണ ഇല്ലായ്മയുടെയോ പ്രശ്‌നമില്ല. 76 ദിവസം പൊലീസ് അന്വേഷിച്ചിട്ടും ആർക്കും നീതി കിട്ടുന്നില്ല. കേസ് ഒതുക്കിത്തീർക്കാനാണു പൊലീസ് ശ്രമിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

related stories