എലിപ്പനി: സംസ്ഥാനത്ത് മൂന്നു മരണം കൂടി

എലിപ്പനി ബാധിച്ചു സംസ്ഥാനത്ത് ഇന്നലെ മൂന്നുപേർ കൂടി മരിച്ചു. തൃശൂരും പാലക്കാട്ടും കോഴിക്കോട്ടുമാണ് ഓരോ മരണം വീതം. വിവിധ ജില്ലകളിൽ കൂടുതൽപേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളോടെ ചികിൽസ തേടുന്നവരുടെ എണ്ണവും വർധിച്ചു. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന ചാവക്കാട് ഒരുമനയൂർ പെരുമ്പുള്ളി കോളനി ആളത്ത് ഉണ്ണിക്കൃഷ്ണൻ (55), വടക്കാഞ്ചേരി കുമരനെല്ലൂർ തളിയിൽ പ്രകാശൻ (47), കോഴിക്കോട് കടലുണ്ടി ചിരമാലിത്തറ ചിന്നമ്മു (86) എന്നിവരാണു മരിച്ചത്. 

കോഴിക്കോട് ജില്ലയിൽ ഇന്നലെ എലിപ്പനി ലക്ഷണങ്ങളോടെ 12 പേർ ചികിത്സ തേടി. മൊത്തം 314 പേരാണു രോഗം സംശയിച്ചു ചികിൽസയിൽ കഴിയുന്നത്. ആകെ 142 പേർക്ക് സ്ഥിരീകരിച്ചു. പ്രളയശേഷമുള്ള എലിപ്പനി മരണം 21 ആയി. മലപ്പുറത്ത് ആറുപേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. 25 പേരെ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാസർകോട് ജില്ലയിൽ ഒരാൾക്ക് എലിപ്പനി സ്ഥിരീകരിച്ചു. കണ്ണൂർ ജില്ലയിൽ രണ്ടു പേർ കൂടി ചികിൽസ തേടി.

എറണാകുളം ജില്ലയിൽ നാലുപേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. 12 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം 24നു മരിച്ച ഇലഞ്ഞിയിൽ മോളിക്ക്(58) എലിപ്പനിയായിരുന്നുവെന്നു മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ ലാബ് പരിശോധനയിൽ സ്ഥിരീകരിച്ചു. 

കോട്ടയം ജില്ലയിൽ നാലുപേർക്കു കൂടി എലിപ്പനി സ്ഥിരീകരിച്ചു. ഇൗ ആഴ്ച ഇതുവരെ അഞ്ചു പേരാണു രോഗബാധിതരായത്. ഇടുക്കി വണ്ടിപ്പെരിയാർ പഞ്ചായത്തിൽ ഒരാൾക്ക് എലിപ്പനി സ്ഥിരീകരിച്ചു. മൂന്നുപേർ രോഗലക്ഷണങ്ങളോടെ ചികിൽസയിലാണ്.