മനോരമ മെഡിക്കൽ ക്യാംപുകളിൽ 1792 പേർക്കുകൂടി ചികിൽസ

പ്രളയബാധിതർക്കായി മലയാള മനോരമയുടെ ‘കൂടെയുണ്ട് നാട്’ പദ്ധതിയുടെ ഭാഗമായി ബേബി മെമ്മോറിയൽ ആശുപത്രിയുടെ സഹകരണത്തോടെ കോഴിക്കോട് കക്കോടി മോരിക്കര പത്തേങ്ങൽ താഴത്തു സംഘടിപ്പിച്ച മെഡിക്കൽ ക്യാംപിൽ എത്തിയവരുടെ തിരക്ക്. ചിത്രം: മനോരമ.

പ്രളയബാധിതർക്കായുള്ള മലയാള മനോരമ ‘കൂടെയുണ്ട് നാട്’ മെഡിക്കൽ ക്യാംപുകളിലൂടെ 1792 പേർക്കു കൂടി ചികിൽസ ലഭിച്ചു. കുട്ടനാട് കൈനകരി, വൈക്കം ബ്രഹ്മമംഗലം, കോഴിക്കോട് കക്കോടി എന്നിവിടങ്ങളിലായിരുന്നു ഇന്നലെ ക്യാംപ്. തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ്, കോട്ടയം കിംസ്, കോഴിക്കോട് ബേബി മെമ്മോറിയൽ എന്നീ ആശുപത്രികളിലെ ഡോക്ടർമാർ നേതൃത്വം നൽകി. എല്ലാവർക്കും ആവശ്യമായ മരുന്നുകളും ആരോഗ്യ കിറ്റും എലിപ്പനി പ്രതിരോധത്തിനുള്ള ഡോക്സിസൈക്ലിൻ ഗുളികകളും സൗജന്യമായി നൽകി.

ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിലായി ഇതുവരെ നടന്നതു 48 ക്യാംപുകൾ; ചികിൽസ ലഭിച്ചവർ 31,356. നാളെ കുട്ടനാട് നെടുമുടി നർബോനപുരത്തും ചൊവ്വാഴ്ച കുമരകം വരമ്പിനകം, കോഴിക്കോട് ചേളന്നൂർ എന്നിവിടങ്ങളിലും ക്യാംപുണ്ട്. കുട്ടനാട് കൈനകരി മേഖലയിൽ ഇന്നലെ 30,000 ലീറ്റർ ശുദ്ധജലം വിതരണം ചെയ്തു. ആകെ വിതരണം ചെയ്ത ശുദ്ധജലം ഇതോടെ 2.22 ലക്ഷം ലീറ്ററായി.