മരിച്ചയാളുടെ മകനെ ഭീഷണിപ്പെടുത്തി ഒരുലക്ഷം വാങ്ങിയ സിഐക്കും എഎസ്ഐക്കും സ്ഥലംമാറ്റം

നെടുങ്കണ്ടം∙ പിതാവിന്റെ ആത്മഹത്യ കൊലപാതകമാക്കുമെന്നു ഭീഷണിപ്പെടുത്തി പൊലീസുകാരന്റെ പിതാവിൽനിന്ന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിൽ നെടുങ്കണ്ടം സിഐയെയും എഎസ്ഐയെയും സ്ഥലം മാറ്റി. മരിച്ചയാളുടെ മകന്റെ മകൻ ഹൈറേഞ്ച് മേഖലയിലെ സ്റ്റേഷനിൽ പൊലീസുകാരനാണ്.

സിഐ: ബി.അയൂബ്ഖാൻ, എഎസ്എെ: സാബു എം. മാത്യു എന്നിവരെയാണു മാറ്റിയത്. ഇരുവരെയും സസ്പെൻഡ് ചെയ്യണമെന്ന് ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാൽ കൊച്ചി റേഞ്ച് ഐജിയോടു ശുപാർശ ചെയ്തു. സംഭവം അറിഞ്ഞിട്ടും റിപ്പോർട്ടു ചെയ്യാത്ത സ്പെഷൽ ബ്രാഞ്ച് എസ്ഐ: രാജേന്ദ്രക്കുറുപ്പിനെ തീവ്രപരിശീലന കോഴ്സിനായി എആർ ക്യാംപിലേക്ക് അയച്ചു. അയൂബ്ഖാനെ മുല്ലപ്പെരിയാറിലേക്കും സാബുവിനെ ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോയിലേക്കുമാണു മാറ്റിയത്.

തൂക്കുപാലം പ്രകാശ്ഗ്രാം ഇളപ്പുങ്കൽ മീരാൻ റാവുത്തറെ (86) വീടിനുള്ളിലെ ശുചിമുറിയിൽ കഴുത്തറുത്തു മരിച്ചനിലയിൽ ഇൗ മാസം ആറിനാണു കണ്ടെത്തിയത്. രോഗബാധിതനായതിനെ തുടർന്നുള്ള മനോവേദനയിലാണു മീരാൻ റാവുത്തർ മരിച്ചതെന്നാണു ഫൊറൻസിക് വിഭാഗത്തിന്റെ പ്രാഥമിക നിഗമനം. എന്നാൽ സ്ഥലത്തെത്തിയ സിഐയും എസ്ഐയും മീരാൻ റാവുത്തറുടെ മകനെ പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തുകയായിരുന്നു. 11നു 10.30നു സിഐയുടെ ഓഫിസിലെത്തി റാവുത്തറുടെ മകൻ പണം ഉദ്യോഗസ്ഥർക്കു കൈമാറി. പിന്നീടു ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകുകയായിരുന്നു. ജില്ലാ ക്രൈം റെക്കോർഡ്സ് ഡിവൈഎസ്പി: പി.സുകുമാരനാണ്, അന്വേഷണച്ചുമതല. പ്രാഥമിക അന്വേഷണത്തിൽ പണം കൈപ്പറ്റിയതിനു തെളിവു ലഭിച്ചതോടെയാണു സിഐയെയും എഎസ്ഐയെയും സ്ഥലം മാറ്റിയത്. 

സിഐ പണം കൈപ്പറ്റിയത് സ്റ്റേഷനിൽവച്ച്

മീരാൻ റാവുത്തറുടെ വീട്ടിലെത്തി സിഐയും, എസ്ഐയും തുടർച്ചയായി ഭീഷണിപ്പെ‌ടുത്തിയെന്നു ജില്ലാ പൊലീസ് മേധാവിക്കു ലഭിച്ച പരാതിയിൽ പറയുന്നു. ‘‘അപ്പൻ പണം സമ്പാദിച്ചുവച്ചിട്ടുണ്ടല്ലോ, കുറെയിങ്ങു തരണം അല്ലെങ്കിൽ കൊലക്കേസിൽ പ്രതിയാകാൻ തയാറായിക്കോ..’’ എന്നാണു സിഐയും എഎസ്ഐയും മീരാൻ റാവുത്തറുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയത്. പണം കൈമാറിയപ്പോൾ, പരസ്പരബന്ധമില്ലാതെ സിഐ സംസാരിച്ചു. വിജിലൻസ് പിടിക്കുമെന്ന ഭയത്താൽ പുറത്തിറങ്ങി ചുറ്റുപാടും നിരീക്ഷിച്ചശേഷമാണു പണം കൈപ്പറ്റിയതെന്നും പരാതിയിലുണ്ട്. ഇൗ പണത്തിന്റെ ഒരു വിഹിതം അഡീഷനൽ എസ്ഐക്കു കൈമാറിയെന്നാണു സൂചന.