Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാലറി ചാലഞ്ച്: നോ പറയാൻ 4 നാൾ; സർക്കാർ ഓഫിസുകളിൽ സംഘർഷം

Rupee | Currency Notes

തിരുവനന്തപുരം ∙ ഒരു മാസത്തെ ശമ്പളം നൽകാൻ തയാറാല്ലാത്തവർ രേഖാമൂലം അറിയിക്കാൻ ഇനി നാലു നാൾ മാത്രം ശേഷിക്കെ സംസ്ഥാനത്തെ സർക്കാർ ഓഫിസുകളിൽ പ്രതിപക്ഷ, ഭരണപക്ഷ സംഘടനകൾ തമ്മിൽ വടംവലി. ശമ്പളം നൽകാൻ വിസമ്മതം അറിയിച്ചു കത്ത് നൽകണമെന്നു പ്രതിപക്ഷ സംഘടനകൾ ജീവനക്കാർക്കു മേൽ സമ്മർദം ചെലുത്തുമ്പോൾ, നോ പറയുന്നവർക്കെതിരെ കയ്യേറ്റത്തിനുവരെ മുതിരുകയാണു ഭരണപക്ഷ സംഘടനകൾ. സ്ഥലംമാറ്റം അടക്കമുള്ള ഭീഷണികൾ വേറെയും. ചില സാലറി ഡ്രോയിങ് ആൻഡ് ഡിസ്ബേഴ്സിങ് ഓഫിസർമാർ (ഡിഡിഒ) വിസമ്മതക്കത്ത് വാങ്ങാൻ കൂട്ടാക്കുന്നില്ലെന്നും പരാതി ഉയർന്നു.

സർക്കാരിന്റെ സാലറി ചാലഞ്ച് ഉത്തരവനുസരിച്ചു വിസമ്മതം അറിയിക്കാനുള്ള അവസാന തിയതി 22 ആണ്. ഇതിനു മുൻപ് പരമാവധി പേരെ വിസമ്മതക്കത്ത് നൽകുന്നതിൽനിന്നു പിന്തിരിപ്പിക്കാൻ ഓരോ ഓഫിസിലും ഭരണപക്ഷ സംഘടനകൾ സ്ക്വാഡ് രൂപീകരിച്ചാണു പ്രവർത്തനം. കത്ത് സ്വീകരിക്കാതിരിക്കാൻ ഡിഡിഒമാർക്കു മേലും ഇവർ സമ്മർദം ചെലുത്തുന്നു. ചില ഡിഡിഒമാർ കത്ത് വാങ്ങാതായതോടെ ജീവനക്കാർ തപാൽ സെക്‌ഷനിൽ കത്ത് നൽകി രസീത് കൈപ്പറ്റിത്തുടങ്ങി. എന്നാൽ, തപാൽ വാങ്ങുന്നതിനും ചില ഓഫിസുകളിൽ അനൗദ്യോഗിക വിലക്ക് ഏർപ്പെടുത്തി.

പിഎസ്‌സി ആസ്ഥാന ഓഫിസിൽ വിസമ്മതക്കത്ത് നൽകിയ പിഎസ്‌സി എംപ്ലോയീസ് സംഘ് ജനറൽ സെക്രട്ടറി സജീവ് തങ്കപ്പനെ ഭരണപക്ഷ സംഘടനടയിൽപെട്ടവർ വളഞ്ഞിട്ടു മർദിച്ചു. ആകെ എണ്ണൂറോളം ജീവനക്കാരുള്ള പിഎസ്‌സി ഓഫിസിൽ 218 പേർ വിസമ്മതക്കത്ത് നൽകിയതാണു ഭരണപക്ഷത്തെ ചൊടിപ്പിച്ചത്. മുഖത്തു മുറിവേറ്റ സജീവ് തങ്കപ്പനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാലറി ചാലഞ്ചിനെ എതിർക്കുന്നവരാണു സംഘർഷം സൃഷ്ടിക്കുന്നതെന്ന് പിഎസ്‌സി എംപ്ലോയീസ് യൂണിയൻ കുറ്റപ്പെടുത്തി.