ഐഎസ് ബന്ധം: അഫ്ഗാൻ മടക്കിയയച്ച മലയാളി അറസ്റ്റിൽ

ന്യൂഡൽഹി ∙ ഐഎസ് ബന്ധത്തിന്റെ പേരിൽ അഫ്ഗാനിസ്ഥാനിൽ നിന്നു മടക്കി അയച്ച മലയാളിയെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. കൽപറ്റ സ്വദേശി നഷിദുൽ ഹംസഫറാണ് (26) അറസ്റ്റിലായത്. അടുത്ത ദിവസം കൊച്ചി എൻഐഎ പ്രത്യേക കോടതിയിൽ ഹാജരാക്കും.

അനധികൃതമായി രാജ്യത്തു പ്രവേശിച്ചതിനും ഐഎസിൽ ചേരാൻ ശ്രമിച്ചതിനും കഴിഞ്ഞ വർഷമാണു കാബുളിൽവച്ചു നഷിദുൽ അഫ്ഗാനിസ്ഥാൻ സുരക്ഷാ ഏജൻസികളുടെ പിടിയിലായത്. കാസർകോടു ജില്ലക്കാരായ 14 പേർ മൂന്നു വർഷം മുൻപ് ഐഎസിൽ ചേരാൻ നടത്തിയ ഗൂഢാലോചനയിൽ പങ്കാളിയായിരുന്നു ഇയാളെന്ന് എൻഐഎ വൃത്തങ്ങൾ പറഞ്ഞു. ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലും നിന്ന് 2016 പകുതിയോടെ സംഘം അഫ്ഗാനിസ്ഥാനിൽ എത്തി ഐഎസിൽ ചേർന്നു.