Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗുരുദേവ സമാധി നവതി: ശിവഗിരിയിൽ മണ്ഡല മഹായജ്ഞത്തിന് തുടക്കം

sivagiri ശിവഗിരിയിൽ ശ്രീനാരായണ ഗുരുദേവ സമാധി നവതിയാചരണ സമ്മേളനം ചിന്മയമിഷൻ മേധാവി സ്വാമി വിവിക്താനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു. എ.സമ്പത്ത് എംപി, ബിന്ദു ഹരിദാസ്, സ്വാമി ശിവസ്വരൂപാനന്ദ, സ്വാമി വിശുദ്ധാനന്ദ, വെള്ളാപ്പള്ളി നടേശൻ, കെ.ജി.ബാബുരാജൻ, സ്വാമി സാന്ദ്രാനന്ദ, വി.ജോയി എംഎൽഎ, സ്വാമി വിശാലാനന്ദ തുടങ്ങിയവർ സമീപം.

വർക്കല ∙ ശ്രീനാരായണ ഗുരു സമാധി നവതി ആചരണത്തിലെ മണ്ഡല മഹായജ്ഞത്തിനു ശിവഗിരിയിൽ തുടക്കമായി. ശിവഗിരി മഹാസമാധി, തൃശൂർ കൂർക്കാഞ്ചേരി, അരുവിപ്പുറം ക്ഷേത്രങ്ങൾ, ചെമ്പഴന്തി ഗുരുകുലം എന്നിവിടങ്ങളിൽ നിന്നെത്തിച്ച ജ്യോതി ശാരദാമഠം, വൈദികമഠം എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിയോടൊപ്പം യജ്ഞശാലയിൽ പ്രതിഷ്ഠിച്ചു. 41 ദിവസമാണു ചടങ്ങുകൾ. ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയും എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും യാഗാഗ്നി ജ്വലിപ്പിച്ചു.

ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, സ്വാമി ശിവസ്വരൂപാനന്ദ, സ്വാമി ശാരദാനന്ദ, സ്വാമി പരാനന്ദ, സ്വാമി വിശാലാനന്ദ, തുഷാർ വെള്ളാപ്പള്ളി എന്നിവർ നേതൃത്വം നൽകി. ഒക്ടോബർ 31 വരെയാണ് യ‍ജ്ഞം. സമാപനദിവസം യതിപൂജ. യജ്ഞശാലയിൽ എല്ലാ ദിവസവും ഹോമവും ആചാര്യസ്മൃതിയുമുണ്ട്. ഗുരുദേവന്റെ പ്രഥമശിഷ്യനായ ശിവലിംഗസ്വാമിയെക്കുറിച്ചു സ്മൃതി പ്രഭാഷണം ഇന്നു മൂന്നിന്. പ്രഭാഷണപരമ്പര ഒക്ടോബർ 27 വരെ. സമ്മേളനം ചിന്മയമിഷൻ മേധാവി സ്വാമി വിവിക്താനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു.

ധർമ്മസംഘവും എസ്എൻഡിപിയും ഒന്നായി പുതുയുഗം രചിക്കാനൊരുങ്ങുന്നതിന്റെ ഭാഗമായാണു മണ്ഡലയജ്ഞമെന്നു സ്വാമി വിശുദ്ധാനന്ദ പറഞ്ഞു. സാമൂഹിക നീതി കൈവരാൻ സംഘടനാ ശക്തി അനിവാര്യമാണെന്നു വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ഗുരുനിധി പദ്ധതി ഉദ്ഘാടനം കെ.ജി.ബാബുരാജൻ നിർവഹിച്ചു. ഗുരുജന്മഗൃഹമായ ചെമ്പഴന്തിയിലെ വയൽവാരം സമാധി സമ്മേളനം മന്ത്രി ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്തു. പ്രളയദുരന്തമുണ്ടായപ്പോൾ എല്ലാവരും ഏകോദര സഹോദരരായി ദുരന്തത്തിൽപെട്ടവരെ രക്ഷിക്കാനിറങ്ങിയതു ഗുരുവിന്റെ സന്ദേശത്തിന്റെ സ്വാധീനശക്തിയാണു തെളിയിക്കുന്നതെന്നു ജയരാജൻ പറഞ്ഞു. അരുവിപ്പുറത്ത് ശാന്തി ഹവനത്തോടെ സമാധിദിനാചരണം നടന്നു. സ്വാമി ഗോവിന്ദാചാര്യ നേതൃത്വം നൽകി.