Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശിവഗിരിയിൽ ഇന്നു മഹായതിപൂജ

വർക്കല (തിരുവനന്തപുരം) ∙ ശ്രീനാരായണ ഗുരുദേവമഹാസമാധിയുടെ നവതി ആചരണത്തിന്റെ സമാപന ചടങ്ങായ മഹായതിപൂജയ്ക്ക് ഇന്നു ശിവഗിരി സാക്ഷ്യം വഹിക്കും. രാവിലെ 9.30ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു ക്ഷണിച്ചിട്ടുള്ള സന്യാസിമാരെ  പൂജിക്കും. ഗുരുദേവന്റെ സമാധിക്കു ശേഷം 41-ാം ദിവസം നടത്തേണ്ടിയിരുന്ന യതിപൂജ ചില കാരണങ്ങളാൽ മുടങ്ങിയിരുന്നു. ആ ചടങ്ങാണ് 90 വർഷത്തിന് ശേഷം ഇപ്പോൾ നടക്കാൻപോകുന്നത്. ശിവഗിരി മഠവും എസ്എ‍ൻഡിപി യോഗവും ചേർന്നു നടത്തുന്ന ചടങ്ങിൽ വിവിധ ആശ്രമങ്ങളിൽ നിന്നുള്ള ആയിരത്തോളം സന്യാസിമാർ  പങ്കെടുക്കും. ഇവർക്കു പാദപൂജ നടത്തി കാഴ്ചദ്രവ്യങ്ങളും വസ്ത്രവും ദക്ഷിണയും ഭക്ഷണവും നല്കും.

കാശി, ബനാറസ്, ഹൃഷീകേശ് എന്നീ സ്ഥലങ്ങൾക്കു  പുറമെ തമിഴ്നാട്, കർണാടക, ആന്ധ്ര സംസ്ഥാനങ്ങളിൽ നിന്നും സന്യാസിമാർ എത്തിച്ചേരും.  യതിപൂജയ്ക്കു ശേഷം അമ്പതോളം വിഭവങ്ങൾ അടങ്ങിയ അന്നപ്രസാദം നൽകി ആരതി ഉഴിയുന്നതോടെ ചടങ്ങുകൾ സമാപിക്കും. ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, എസ്എൻഡിപി യോഗം ജനറൽ വെളളാപ്പള്ളി നടേശൻ എന്നിവർ യതിപൂജ സമർപ്പണത്തിന് നേതൃത്വം നല്കും. സെപ്റ്റംബർ 21 മുതലാണ് നാൽപത്തിയൊന്നു ദിവസം നീളുന്ന അഖണ്ഡനാമജപവും വിശ്വശാന്തി മഹായജ്ഞവും തുടങ്ങിയത്. ഇതിനകം ലക്ഷക്കണത്തിന് ശ്രീനാരായണീയർ പങ്കെടുത്തു. ചടങ്ങിന് രണ്ടു കോടിയോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.