Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല: ഇനി ഭൂമി വിട്ടുനൽകില്ലെന്ന് വനം വകുപ്പ്

sabarimala-image-784

തിരുവനന്തപുരം∙ ശബരിമലയിലെ വികസന പ്രവർത്തനങ്ങൾക്കായി കൂടുതൽ വനഭൂമി വിട്ടുനൽകാനാവില്ലെന്നു മന്ത്രി കെ.രാജുവിനു വകുപ്പ് റിപ്പോർട്ട് നൽകി. ഭൂമി വിട്ടുനൽകുന്ന കാര്യം പരിഗണനയിൽ ഇല്ലെന്നു മന്ത്രി രാജു വ്യക്തമാക്കി. ശബരിമലയിലെത്തുന്ന തീർഥാടകരുടെ എണ്ണം ഇപ്പോൾതന്നെ താങ്ങാനാവാത്ത അവസ്ഥയിലാണെന്നും ഇതു നിയന്ത്രിക്കുന്നതിന് നടപടി വേണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. ശബരിമലയുടെ ജൈവസമ്പത്ത് വലിയ ഭീഷണി നേരിടുകയാണ്. ടൈഗർ റിസർവ് അതോറിറ്റിയും തീർഥാടകരുടെ എണ്ണം നിജപ്പെടുത്തണമെന്ന ആവശ്യം മുന്നോട്ടുവച്ചിട്ടുണ്ട്.

നിലയ്ക്കലെ ഭൂമി പാർക്കിങ്ങിന് ഉപയോഗിക്കാതിരിക്കുക, ശബരിമല മാസ്റ്റർ പ്ലാൻ പൂർണമായി നടപ്പാക്കുക എന്നീ ആവശ്യങ്ങളും അതോറിറ്റി മുന്നോട്ടുവയ്ക്കുന്നു. അഴുതമേട്, കരിമല, പുല്ലുമേട് എന്നിവിടങ്ങളിലൂടെയുള്ള തീർഥാടകരുടെ വരവും നിയന്ത്രിക്കണം. ശബരിമല വനമേഖലയിൽ വനഭൂമി വിട്ടുകിട്ടാൻ ദേശീയ വന്യജീവി സംരക്ഷണ ബോർഡ്, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം, ദേശീയ കടുവാ സംരക്ഷണ അതോറിറ്റി എന്നിവയുടെ അനുമതി ആവശ്യമാണ്. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഉണ്ടാകാനിടയുള്ള തിരക്കും ആവശ്യങ്ങളും കണക്കിലെടുത്താണു വികസന പ്രവർത്തനങ്ങൾക്കായി ഭൂമി വേണമെന്നു ദേവസ്വം ബോർഡ് ആവശ്യപ്പെടുന്നത്. ശബരിമലയിൽ 41.32 ഹെക്ടറും നിലയ്ക്കലിൽ 100 ഹെക്ടറും വിട്ടുകിട്ടണമെന്നാണ് ആവശ്യം.