Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രൂവറിക്ക് അനുമതി നിഷേധിച്ചു, പീന്നീട് അനുവദിച്ചു; രേഖ പുറത്ത്

brewery-bottle-filling

തിരുവനന്തപുരം∙ ഇടതുസർക്കാർ അധികാരത്തിൽ വന്നപ്പോൾ അനുമതി നിഷേധിച്ച ബ്രൂവറിക്കു പിന്നീട് അനുമതി നൽകിയതിന്റെ രേഖ പുറത്ത്. പാലക്കാട് എലപ്പുള്ളിയിൽ ബീയർ നിർമാണശാല സ്ഥാപിക്കാൻ അനുമതി തേടി അപ്പോളോ ഡിസ്റ്റിലറീസ് ആൻഡ് ബ്രൂവറീസ് സർക്കാരിനെ സമീപിച്ചിരുന്നു. ഈ സർക്കാരിന്റെ മദ്യനയം അനുസരിച്ച് ബീയർ നിർമാണശാല അനുവദിക്കാനാവില്ലെന്ന കാരണം വ്യക്തമാക്കി 2016 ജൂലൈ 28ന് അപേക്ഷ നിരസിച്ചു. കമ്പനി വീണ്ടും അപേക്ഷ നൽകി. ഇതു പരിശോധിച്ച എക്സൈസ് കമ്മിഷണർ ബീയർ നിർമാണശാല അനുവദിക്കാമെന്നു 2017 നവംബർ 13നു ശുപാർശ ചെയ്തു. ഇതനുസരിച്ച് 2018 ജൂൺ 28ന് ആണ് അനുമതി നൽകിയതെന്നാണു രേഖ. 

ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ഡിസ്റ്റിലറി, ബ്രൂവറി എന്നിവയ്ക്ക് അനുമതി നൽകുന്നതിനെക്കുറിച്ചു മദ്യനയത്തിൽ ഉൾപ്പെടെ ഒരിടത്തും വ്യക്തമാക്കിയിട്ടില്ല. രണ്ടു ഡിസ്റ്റിലറിക്കും മൂന്നു ബ്രൂവറിക്കും അനുമതി നൽകിയതു വിവാദമായപ്പോൾ സർക്കാർ നയം അനുസരിച്ചാണ് അനുമതി നൽകിയതെന്നാണു മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ടി.പി.രാമകൃഷ്ണനും വാദിച്ചത്. ഏതു കമ്പനി അപേക്ഷ നൽകിയാലും പരിഗണിക്കുമെന്നും ഇരുവരും പറഞ്ഞിരുന്നു. നയം ഉണ്ടെങ്കിൽ അപ്പോളോ കമ്പനിക്ക് ആദ്യം അനുമതി നിഷേധിച്ചത് എന്തിനാണെന്ന ചോദ്യത്തിനു മന്ത്രി ഇനിയും മറുപടി പറഞ്ഞിട്ടില്ല. അപ്പോളോ ഉൾപ്പെടെ എല്ലാ കമ്പനികൾക്കും രഹസ്യമായാണ് അനുമതി നൽകിയത്.

രണ്ടു വർഷം മുൻപ് മദ്യനയത്തിന്റെ അടിസ്ഥാനത്തിൽ ബ്രൂവറിക്ക് അനുമതി നിഷേധിച്ച അതേ മന്ത്രി തന്നെ അതേ സ്ഥാപനത്തിന്, അതേ സ്ഥലത്ത്, അതേ മദ്യനയത്തിന്റെ അടിസ്ഥാനത്തിൽ ബ്രൂവറിക്ക് പിന്നീട് അനുമതി നൽകിയത് അഴിമതി നടന്നതിന്റെ വ്യക്തമായ തെളിവാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഒരു മന്ത്രി തന്നെ രണ്ടു വിധത്തിൽ ഉത്തരവിടുന്നതു കേരളചരിത്രത്തിൽ ആദ്യ സംഭവമാണ്. പ്രതിപക്ഷം പറഞ്ഞതെല്ലാം നൂറുശതമാനം ശരിയാണെന്നു തെളിയിക്കുന്ന രേഖകളാണു പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഗുരുതരമായ അഴിമതിയും ക്രമക്കേടും നടന്നുവെന്നതിൽ ആർക്കും സംശയമില്ല. 

വ്യക്തമായ വസ്തുതകളുടെയും രേഖകളുടെയും പിൻബലത്തിലാണു പ്രതിപക്ഷം ആരോപണം ഉന്നയിച്ചത്. അതിനാൽ, മുഖ്യമന്ത്രിയും മന്ത്രിയും നിയമനടപടികൾക്കു വിധേയരാകണം. ഗവർണർക്കു താൻ മൂന്നു കത്തുകൾ കൊടുത്തിട്ടുണ്ട്. നിയമനടപടികൾ സ്വീകരിക്കാനുള്ള അനുമതി വൈകാതെ ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

ഒരേ മന്ത്രി രണ്ട് ഉത്തരവിട്ടത് അഴിമതിക്കു തെളിവെന്ന് രമേശ് 

രണ്ടു വർഷം മുമ്പു മദ്യനയത്തിന്റെ അടിസ്ഥാനത്തിൽ ബ്രൂവറിക്ക് അനുമതി നിഷേധിച്ച മന്ത്രി തന്നെ അതേ സ്ഥാപനത്തിന്, അതേ സ്ഥലത്ത്, അതേ നയത്തിന്റെ അടിസ്ഥാനത്തിൽ അനുമതി നൽകിയത് അഴിമതി നടന്നതിന്റെ വ്യക്തമായ തെളിവാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരേ മന്ത്രി ഇങ്ങനെ രണ്ടു വിധത്തിൽ ഉത്തരവിടുന്നതു കേരളത്തിന്റെ ചരിത്രത്തിൽ അദ്യത്തെ സംഭവമാണ്. മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും നിയമനടപടികൾക്കു വിധേയരാകണം.

ഇക്കാര്യത്തിൽ ഗവർണറുടെ അനുമതി വൈകാതെ ലഭിക്കുമെന്നാണു പ്രതീക്ഷ. ബ്രൂവറിക്കുള്ള അപേക്ഷ നേരിട്ടാണു വാങ്ങിയതെന്നു മുഖ്യമന്ത്രി തന്നെ സമ്മതിച്ചിട്ടുണ്ട്. ഇതിന്റെ കാര്യത്തിൽ അദ്ദേഹത്തിനു പ്രത്യേക താൽപര്യമുണ്ടോയെന്നു മാധ്യമങ്ങൾ കണ്ടെത്തണം. ’99 ലെ ഉത്തരവ് ഭേദഗതി ചെയ്ത് ഇതേ ആളുകൾക്കു തന്നെ ഡിസ്റ്റിലറി അനുമതി നൽകാനാണു ഭാവമെങ്കിൽ ജനങ്ങൾ അനുവദിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.

related stories