Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിഎഫ് നിയമ ഭേദഗതി സ്വേച്ഛാപരവും ലക്ഷ്യം അട്ടിമറിക്കുന്നതും: ഹൈക്കോടതി

Kerala-High-Court-2

കൊച്ചി∙ പിഎഫ് പെൻഷൻ നിയമത്തിലെ ഭേദഗതികൾ റദ്ദു ചെയ്ത െഹെക്കോടതി അവ സ്വേഛാപരവും വിരമിച്ചവരെ സഹായിക്കുക എന്ന ലക്ഷ്യത്തെ  അട്ടിമറിക്കുന്നതുമെന്നു വിലയിരുത്തി

കോടതി റദ്ദാക്കിയ ചട്ട ഭേദഗതി വ്യവസ്ഥകൾ

1. പെൻഷന് അർഹതപ്പെട്ട പരമാവധി ശമ്പളം പ്രതിമാസം 15,000 ആക്കി നിജപ്പെടുത്തിയത്. ഭേദഗതിക്കു മുൻപ് പെൻഷന് അർഹതപ്പെട്ട പരമാവധി ശമ്പളം 6500 ആയിരുന്നെങ്കിലും യഥാർഥ ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ തൊഴിലാളി വിഹിതം നൽകിയാൽ ഉയർന്ന പെൻഷൻ ലഭിക്കുമായിരുന്നു.

2. വിരമിക്കുന്നതിനു തൊട്ടുമുൻപുള്ള 12 മാസത്തെ ശമ്പള ശരാശരിയാണു പെൻഷൻ നിർണയത്തിന് ആധാരമായ പ്രതിമാസ ശമ്പളമായി കണക്കാക്കിയിരുന്നത്. ഇത് 60 മാസത്തെ ശമ്പള ശരാശരിയാക്കിയത്.

3. 2014 സെപ്റ്റംബർ ഒന്നിനു ശേഷം സർവീസിൽ പ്രവേശിക്കുന്ന 15,000 ലേറെ ആരംഭശമ്പളമുള്ളയാൾ പെൻഷൻ പദ്ധതിയിൽ നിന്നു പുറത്താക്കപ്പെടുന്നത് .മിനിമം പെൻഷനോ യഥാർഥ ശമ്പളത്തിന്റെ അടിസ്ഥാനത്തിലുള്ള പെൻഷനോ ഇവർക്കില്ല. 

4. 2014 സെപ്റ്റംബർ ഒന്നിനു മുൻപു സർവീസിൽ കയറിയവർ, യഥാർഥ ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ പെൻഷൻ ഓപ്റ്റ് ചെയ്തിട്ടുണ്ടെങ്കിൽ 15,000 ൽ കൂടുതൽ വരുന്ന തുകയുടെ 1.16% ഇപിഎഫിലേക്ക് അധികവിഹിതമായി അടയ്ക്കണമെന്നത്

റദ്ദാക്കാൻ കോടതി പറഞ്ഞ കാരണങ്ങൾ

1. പെൻഷന് അർഹതപ്പെട്ട ശമ്പളം 15000 രൂപയാക്കി നിജപ്പെടുത്തുമ്പോൾ ഒരു ദിവസ ശമ്പളം 500 രൂപയേ വരുന്നുള്ളൂ. നിസാര തൊഴിലെടുക്കുന്ന ദിവസക്കൂലിക്കാർക്കു പോലും ഇതിലേറെ കിട്ടും. സർവീസിൽ നിന്നു വിരമിക്കുന്നവരെ സഹായിക്കുകയെന്നതാണു പദ്ധതിയുടെ ലക്ഷ്യം എന്നതിനാൽ ആ ലക്ഷ്യം അട്ടിമറിക്കുന്ന ഭേദഗതി. 

2. പെൻഷൻ നിർണയത്തിന് ആധാരമായി 60 മാസത്തെ ശമ്പള ശരാശരി കണക്കാക്കുമെന്ന ഭേദഗതി സ്വേച്ഛാപരം. ഭേദഗതി വരുംമുൻപു ലഭിച്ചിരുന്ന ആനുകൂല്യം ഇല്ലാതാക്കുന്നതാണിത്. നേരത്തേ 12 മാസത്തെ ശമ്പള ശരാശരി കണക്കാക്കുമ്പോൾ കൂടിയ തുക ലഭിക്കുമായിരുന്നു. 

3. സർവീസിലുള്ള തൊഴിലാളികൾ ഫണ്ടു സുദൃഢമാക്കും, വിരമിക്കുന്നവർക്കു ഗുണം കിട്ടും. വിരമിക്കുന്നവർക്കു ഗുണം കിട്ടാനാണു പെൻഷൻ ഫണ്ട്. ഫണ്ട് ചുരുങ്ങുമെന്ന പിഎഫ് ഓർഗനൈസേഷന്റെ വാദത്തിന് ആധാരമായി വസ്തുതകൾ ഇല്ലാത്ത നിലയ്ക്ക് അംഗീകരിക്കാനാവില്ല. അവകാശികളില്ലാതെ 32000 കോടി രൂപ പ്രവർത്തനക്ഷമമല്ലാത്ത അക്കൗണ്ടുകളിൽ കിടക്കുന്നുണ്ടെന്നു സെൻട്രൽ പ്രൊവിഡന്റ് ഫണ്ട് കമ്മിഷണർ വെളിപ്പെടുത്തിയെന്ന പത്രവാർത്ത ഹർജിക്കാർ ശ്രദ്ധയിൽപ്പെടുത്തുന്നുണ്ട്.

4. 2014 സെപ്റ്റംബർ ഒന്നിനു മുൻപു സർവീസിൽ കയറിയവർ, യഥാർഥ ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ പെൻഷൻ ഓപ്റ്റ് ചെയ്തിട്ടുണ്ടെങ്കിൽ 15,000 ൽ കൂടുതൽ വരുന്ന തുകയുടെ 1.16% അധികവിഹിതം അടയ്ക്കണമെന്നു പറയാനാവില്ല. ഇങ്ങനെ അധികവിഹിതം ഈടാക്കാൻ നിയമത്തിൽ വ്യവസ്ഥയില്ല.

related stories