Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിഎഫ് പെൻഷൻ: കാത്തിരിപ്പിനൊടുവിൽ ആശ്വാസം

pension

കൊച്ചി∙ വിധിക്കായി കാത്തിരിപ്പ് അൽപം നീണ്ടെങ്കിലും ആയിരക്കണക്കിനു തൊഴിലാളികൾക്ക് ആശ്വാസമായി ഹൈക്കോടതിയുടെ നടപടി. പൊതു, സ്വകാര്യ മേഖലകളിൽ ജോലിചെയ്യുന്ന ഇരുപതിനായിരത്തിലേറെ ജീവനക്കാർക്കു വിധിയുടെ ആനുകൂല്യം ലഭിക്കും. 2017 ഫെബ്രുവരിയിൽ വിധി പറയാൻ മാറ്റിയ കേസുകളിൽ വിധി വരുമ്പോൾ, തൊഴിലാളികൾക്ക് ഉയർന്ന പെൻഷനുള്ള വഴി തുറന്നുകിട്ടുന്നു.

കൂടിയ പെൻഷൻ വിഹിതം അടയ്ക്കാൻ തൊഴിലാളിക്ക് ഓപ്ഷൻ നൽകാവുന്നതാണ്. വിധിയുടെ അടിസ്ഥാനത്തിൽ 2014 സെപ്റ്റംബർ ഒന്നിനു ശേഷം വിരമിച്ച ജീവനക്കാർക്കും  ഓപ്ഷൻ നൽകി, ഉയർന്ന പെൻഷന് അർഹത നേടാനുള്ള  അവസരമാണുള്ളതെന്നു നിയമജ്ഞർ വിലയിരുത്തുന്നു. 

ശമ്പളത്തിന്  ആനുപാതികമായി പെൻഷൻ ഫണ്ടിലേക്കു വിഹിതം സ്വീകരിക്കണമെന്നും അതനുസരിച്ച് പെൻഷൻ നൽകണമെന്നും ഓപ്ഷൻ നൽകാൻ സമയപരിധി നിശ്ചയിക്കുന്നതു നിയമവിരുദ്ധമാണെന്നും 2016 ഒക്ടോബർ നാലിനു സുപ്രീംകോടതി വിധിച്ചിരുന്നു. ഈ വിധി ബാധകമാക്കണമെന്ന് ആവശ്യപ്പെട്ടു രാജ്യമൊട്ടാകെ കോടതികളിൽ ഹർജികളെത്തി. പുതിയ ഓപ്ഷൻ തടഞ്ഞ്, പെൻഷൻ അർഹതപ്പെട്ട ശമ്പള പരിധി 15000 രൂപയാക്കി പരിമിതപ്പെടുത്തിയ ചട്ടഭേദഗതി 2014 സെപ്റ്റംബർ ഒന്നിനു നിലവിൽ വന്നതു വ്യവഹാരങ്ങൾക്കിടയാക്കി.  

ഹൈക്കോടതികൾ വ്യത്യസ്ത വിധി പറയുന്നത് ഒഴിവാക്കാൻ, കേരള ഹൈക്കോടതിയുടെ വിധി കാത്തിരിക്കണമെന്നു മറ്റു കോടതികളോടു 2017 ഡിസംബർ 20നു സുപ്രീംകോടതി നിർദേശിച്ചിരുന്നു. എന്നാൽ വിധി വൈകിയപ്പോൾ കാത്തിരിക്കേണ്ടെന്നും സ്വന്തമായി നടപടികൾ ആകാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

related stories