ശബരിമല: എസ്എൻഡിപി യോഗം വിശ്വാസികൾക്കൊപ്പമെന്ന് വെള്ളാപ്പള്ളി, തുഷാർ

ഇരിങ്ങാലക്കുട∙ ശബരിമല വിഷയത്തിൽ താൻ ഭക്തർക്കൊപ്പമാണെന്ന് വെള്ളാപ്പള്ളി നടേശൻ. നിലപാട് നേരത്തെ അറിയിച്ചതാണ്. അതിൽ ഒരയവും വന്നിട്ടില്ല. ജനങ്ങൾ വിചാരിച്ചാൽ കോടതിവിധി നടപ്പാക്കാതിരിക്കാനാവും. 10നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകൾ പോകാതിരിക്കുകയാണ് ചെയ്യേണ്ടത്. എസ്എൻബിഎസ് സമാജത്തിന്റെ പൊതുശമ്ശാനം ഉദ്ഘാടനത്തിന് എത്തിയതായിരുന്നു അദ്ദേഹം.

ശബരിമല വിഷയത്തിൽ എസ്എൻഡിപി യോഗം വിശ്വാസികൾക്കൊപ്പമാണെന്നും ജനറൽ സെക്രട്ടറി പറഞ്ഞതിൽ ചില ഭാഗങ്ങൾ അടർത്തിയെടുത്തു പ്രചരിപ്പിച്ചതാണു തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയതെന്നും വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി തിരുവനന്തപുരത്തു പറഞ്ഞു. സമുദായ സംഘടനകൾ കൂടിയാലോചന നടത്തി ധാരണയിലെത്താതെ തെരുവിൽ സമരത്തിന് ഇറങ്ങിയതിനെയാണ് അദ്ദേഹം എതിർത്തത് – തുഷാർ പറഞ്ഞു.