ദേവസ്വം ബോർഡിനെ വിലക്കിയതിൽ വീണ്ടുവിചാരം; ഓർഡിനൻസിനു വഴങ്ങില്ല

തിരുവനന്തപുരം∙ ശബരിമലയിൽ യുവതി പ്രവേശം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ ദേവസ്വം ബോർഡിനെക്കൊണ്ടു പുന:പരിശോധനാ ഹർജി നൽകാൻ സമ്മർദമേറി. ഇതോടെ ഇക്കാര്യത്തിൽ ഇടതുമുന്നണിയിലും സർക്കാരിലും പുനരാലോചന തുടങ്ങി. വിധിക്കെതിരെ സർക്കാർ പുനഃപരിശോധനാ ഹർജി നൽകില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. മറ്റുള്ളവർ നൽകുന്നതിനെ എതിർക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞുവെങ്കിലും ഇടതുനിയന്ത്രണത്തിലുള്ള ദേവസ്വം ബോർഡ് അതു ചെയ്യേണ്ടെന്ന സന്ദേശം നൽകിയിരുന്നു.

പുനഃപരിശോധനാ ഹർജിയുടെ കാര്യം ആലോചിക്കുമെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ പ്രഖ്യാപിച്ചതിനു ശേഷം പിന്മാറിയത് ഈ സാഹചര്യത്തിലാണ്. എന്നാൽ, ഇതും പ്രതിഷേധത്തിനു കാരണമാവുകയും നാടെങ്ങും സമരം വ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ ഇക്കാര്യത്തിൽ വീണ്ടുവിചാരം വേണമെന്ന ചിന്ത എൽഡിഎഫിലും സർക്കാരിലുമുണ്ട്.

തന്ത്രികുടുംബത്തിന്റെയും പന്തളം കൊട്ടാരത്തിന്റെയും ഒന്നാമത്തെ ആവശ്യവും പുനഃപരിശോധനാ ഹർജി വേണമെന്നതാണ്. വിശ്വാസ സംരക്ഷണം ഉറപ്പാക്കുക എന്ന ദേവസ്വം ബോർഡിൽ നിക്ഷിപ്തമായ ഉത്തരവാദിത്തം നിർവഹിക്കാൻ അവരെ അനുവദിച്ചുവെന്നു ന്യായീകരിക്കാനും ഇതുവഴി കഴിയും.

ദേവസ്വം ബോർഡിനെ മുൻനിർത്തി അനുനയ നീക്കങ്ങൾ നടത്തുകയെന്ന തന്ത്രമാണു സർക്കാർ ഇപ്പോൾ ശബരിമലയുടെ കാര്യത്തിൽ സ്വീകരിച്ചിരിക്കുന്നത്. അന്യസംസ്ഥാനങ്ങളിൽ നിന്നടക്കം വനിതാ പൊലീസിനെ വിന്യസിക്കാനുള്ള പൊലീസിന്റെ പ്രഖ്യാപനം ദേവസ്വം ബോർഡ് തിരുത്തിയതും ഈ സാഹചര്യത്തിലാണ്.

യുവതികളായ വനിതാ പൊലീസിനു പകരം ശബരിമലയിലെത്തുന്ന സ്ത്രീകളെ സഹായിക്കാൻ മുതിർന്നവരെ നിയോഗിക്കാനാണ് ആലോചന. മുതിർന്ന സ്ത്രീകളടങ്ങുന്ന പ്രത്യേക സുരക്ഷാവിഭാഗത്തെ നിയോഗിക്കാനും സാധ്യതയുണ്ട്.

സംസ്ഥാന സർക്കാരിന്റെ കേരള ഹിന്ദു പൊതു ആരാധനാസ്ഥാന പ്രവേശനാനുമതി സംബന്ധിച്ച ചട്ടവും സുപ്രീം കോടതി വിധിയോടെ അസാധുവായതിനാൽ അതിനെതിരെ ഓ‍ർഡിനൻസ് കൊണ്ടുവരണമെന്നതാണു ശബരിമലപക്ഷത്തിന്റെ മറ്റൊരാവശ്യം. ആചാരവും വിശ്വാസവും മൂലം സ്ത്രീകൾക്കു നിലവിൽ ചില സമയത്ത് എല്ലാ ക്ഷേത്രങ്ങളിലുമുള്ള വിലക്ക് ഇതോടെ ഇല്ലാതാകും.

എന്നാൽ വിശ്വാസത്തിന്റെ കാര്യത്തിലടക്കം സ്ത്രീതുല്യത വേണമെന്ന ഉറച്ച നിലപാട് ഇടതുമുന്നണി പുലർത്തുന്നതിനാൽ ആ ആവശ്യം അംഗീകരിക്കാൻ സാധ്യത കുറവാണ്.