ശബരിമല: ആരെതിർത്താലും നിലപാടിൽ ഉറച്ചുനിൽക്കുമെന്ന് എൻഎസ്എസ്

ജി. സുകുമാരൻ നായർ

ചങ്ങനാശേരി ∙ ആരൊക്കെ എതിർത്താലും ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ നിലനിർത്തണമെന്ന നിലപാടിൽ എൻഎസ്എസ് ഉറച്ചു നിൽക്കുമെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു. സുപ്രീം കോടതി വിധി ഉപയോഗിച്ചു നിരീശ്വരവാദം പ്രോത്സാഹിപ്പിക്കാൻ അധികാരികൾ ശ്രമിക്കുന്നതായി അദ്ദേഹം ആരോപിച്ചു. എൻഎസ്എസ് താലൂക്ക് യൂണിയന്റെ വിജയദശമി നായർ മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജനറൽ സെക്രട്ടറി. ഒട്ടേറെ സുപ്രീം കോടതി വിധികൾ നടപ്പാക്കാത്ത സർക്കാർ യുവതീപ്രവേശം സംബന്ധിച്ച വിധി നടപ്പാക്കാൻ തിടുക്കം കാണിച്ചു.

പുനഃപരിശോധനാ ഹർജി നൽകാനോ വിധി നടപ്പാക്കാൻ സാവകാശം നേടാനോ സർക്കാരും ദേവസ്വം ബോർഡും ശ്രമിച്ചില്ല. വിധി സംബന്ധിച്ചു രാഷ്ട്രീയ പാർട്ടികൾക്കും ചില സംഘടനകൾക്കും ‘വേണ്ടണം’ എന്ന നിലപാടാണ്. ശബരിമലയിൽ പ്രശ്നങ്ങൾക്കു തീ കൊളുത്തിയ ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബസമേതം വിദേശത്തേക്കു പോയെന്നും സുകുമാരൻ നായർ വിമർശിച്ചു. ഇതുവരെ ഇടതു സർക്കാരിനെ എൻഎസ്എസ് വിമർശിച്ചിട്ടിട്ടില്ല. എന്നിട്ടും ശബരിമല പ്രശ്നത്തിൽ ശ്രദ്ധയിൽപെടുത്തിയ കാര്യങ്ങൾ സർക്കാർ ഗൗനിച്ചില്ല– അദ്ദേഹം പറഞ്ഞു.