ആചാരം ലംഘിച്ചാൽ നടയടച്ച് ശുദ്ധിക്രിയ: നിർണായകമായി കൊട്ടാരം നിലപാട്

ശബരിമല ക്ഷേത്രം

ശബരിമല∙ ആചാര വിരുദ്ധ നടപടികൾ ഉണ്ടായാൽ അപ്പോൾ തന്നെ നടയടച്ച് താന്ത്രിക വിധിപ്രകാരമുള്ള ശുദ്ധിക്രിയകൾ നടത്തണമെന്നു നിർദേശിച്ചു പന്തളം കൊട്ടാരം നിർവാഹക സമിതി സെക്രട്ടറി പി.എൻ.നാരായണ വർമ തന്ത്രിക്കും ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസർക്കും കത്തുനൽകിയത് ഇന്നലെ യുവതീപ്രവേശം തടയുന്നതിൽ നിർണായകമായി. പന്തളം വലിയകോയിക്കൽ സമിതി പ്രസിഡന്റ് ജി.പൃഥിപാലിനെ പ്രത്യേക ദൂതനാക്കിയാണു തന്ത്രി കണ്ഠര് രാജീവർക്കു നിർദേശം കൈമാറിയത്.

 തുടർന്നു തന്ത്രി താഴമൺ മഠത്തിൽ ബന്ധപ്പെട്ട് കണ്ഠര് മോഹനരുടെ അഭിപ്രായം തേടി. പൊലീസിന്റെ നേതൃത്വത്തിൽ യുവതികളെ കയറ്റി അശുദ്ധി ഉണ്ടാക്കിയാൽ ക്ഷേത്രം അടയ്ക്കാനായിരുന്നു നിർദ്ദേശം. ഇക്കാര്യം നിർദേശിച്ചു പന്തളം കൊട്ടാരം നിർവാഹകസംഘം സെക്രട്ടറി ശബരിമല എക്സിക്യൂട്ടീവ് ഓഫിസർ, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ എന്നിവർക്കു ഇ–മെയിൽ സന്ദേശം നൽകുകയും ചെയ്തു. 

പിന്നാലെ തന്ത്രിയുടെയും മേൽശാന്തിയുടെയും കീഴ്ശാന്തിയുടെയും പരികർമികൾ പതിനെട്ടാംപടിക്കൽ ശരണംവിളികളുമായി പ്രതിഷേധം തീർത്തു. ‍അയ്യപ്പന്മാർക്ക് പടി കയറുന്നതിനോ ദർശനത്തിനോ തടസം ഉണ്ടായില്ല. പൂജകൾക്ക് തടസ്സം ഉണ്ടായില്ല. അൽപ്പം വൈകിയെന്നു മാത്രം.