ശബരിമല: 3 മാസത്തെ വരുമാനത്തിൽ 8.32 കോടിയുടെ കുറവ്

ശബരിമല ∙ ശബരിമലയിലെ 3 മാസത്തെ വരുമാനത്തിൽ 8.32 കോടി രൂപയുടെ കുറവ്. ദേവസ്വം ബോർഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്. പ്രളയവും അതിനുശേഷം ഉണ്ടായ യുവതീപ്രവേശ വിവാദവുമാണ് ദേവസ്വം ബോർഡിന്റെ വരുമാനത്തെ ബാധിച്ചത്. നിറപുത്തരി മുതൽ തുലാമാസ പൂജ വരെയുള്ള കണക്കനുസരിച്ച് കഴിഞ്ഞ വർഷം 13.11 കോടി രൂപ കിട്ടിയ സ്ഥാനത്ത് ഇത്തവണ ലഭിച്ചത് 4.79 കോടി രൂപ മാത്രം.

പ്രളയത്തെ തുടർന്നു ചിങ്ങമാസ പൂജയ്ക്കു ഭക്തർ ഇല്ലായിരുന്നു. യുവതീപ്രവേശ വിവാദത്തിനു ശേഷം ദേവസ്വത്തിന്റെ ഭണ്ഡാരത്തിൽ കാണിക്കയിടരുതെന്നും വഴിപാടിനുള്ള സാധനങ്ങൾ വാങ്ങി നൽകിയാൽ മതിയെന്നുമുള്ള പ്രചാരണം ശക്തമാണ്. അതിനാൽ ഇത്തവണ കാണിക്കയിൽ ‘സ്വാമി ശരണം’ എന്നെഴുതിയ തുണ്ടുപേപ്പറുകളായിരുന്നു കൂടുതൽ. ഭക്തർ കാണിക്കയർപ്പിക്കുന്ന പണം ദേവസ്വം ബോർഡ് ക്ഷേത്രത്തിലെ ആചാര സംരക്ഷണത്തിന് എതിരായി ഉപയോഗിക്കുന്നതായാണ് തീർഥാടകരുടെ ആക്ഷേപം.

ഇന്നലെ അവസാനിച്ച തുലാമാസ പൂജാ ദിനങ്ങളിൽ ആകെ ലഭിച്ചത് 2.69 കോടി രൂപയാണ്. കഴിഞ്ഞ വർഷം 5.62 കോടി ലഭിച്ചിരുന്നു. തുലാമാസ പൂജയ്ക്കു മാത്രം 2.93 കോടി രൂപ കുറവുണ്ട്. യുവതീപ്രവേശത്തിനെതിരെ ഭക്തരുടെ പ്രതിഷേധം ശക്തമായതിനാൽ ബദൽ സംവിധാനങ്ങൾ ഒരുക്കാൻ വരുമാനത്തേക്കാൾ കൂടുതൽ തുക ചെലവഴിക്കേണ്ടി വന്നു. യുവതീപ്രവേശം സംബന്ധിച്ച വിവാദത്തിനു മണ്ഡലകാലം തുടങ്ങുംമുൻപു പരിഹാരം ഉണ്ടായില്ലെങ്കിൽ ദേവസ്വത്തിന്റെ വരുമാനത്തെ ഏറെ ബാധിക്കും.